| Monday, 25th April 2022, 8:35 am

'കളിയാക്കിക്കോളൂ... വിമര്‍ശിച്ചോളൂ... പക്ഷേ ഒന്നുമാത്രം ഓര്‍ക്കുക, ഇത് ഞങ്ങളെക്കൊണ്ട് മാത്രമേ പറ്റൂ'; തോല്‍വിക്ക് പിന്നാലെ വീണ്ടും എയറിലായി മുംബൈ ഇന്ത്യന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2022ല്‍ മുംബൈ ഇന്ത്യന്‍സിന്റെ കഷ്ടകാലം ഇനിയും അവസാനിക്കുന്നില്ല. തുടര്‍ച്ചയായ എട്ടാം പരാജയമാണ് മുംബൈ കഴിഞ്ഞ ദിവസം ലഖ്‌നൗവിനോടേറ്റുവാങ്ങിയത്. ഇതോടെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീണിരിക്കുകയാണ്.

36 റണ്‍സിനാണ് മുംബൈ കഴിഞ്ഞ ദിവസം പരാജയപ്പെട്ടത്. ടോസ് നേടി ലഖ്‌നൗവിനെ ബാറ്റിംഗിനയച്ച മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ആദ്യ നാല് ഓവറില്‍ കണ്ടത്.

റണ്ണൊഴുക്ക് തടഞ്ഞുനിര്‍ത്താനും ടീം സ്‌കോര്‍ 27ല്‍ നില്‍ക്കെ ഓപ്പണറായ ക്വിന്റണ്‍ ഡി കോക്കിനെ തിരികെ അയക്കാനും മുംബൈയ്ക്കായി. എന്നാല്‍ തുടര്‍ന്നുള്ള ഓവറുകളില്‍ മത്സരം മുംബൈ ഇന്ത്യന്‍സിന്റെ കൈയില്‍ നിന്നും വഴുതി പോവുകയായിരുന്നു.

സ്‌കോര്‍ 85ല്‍ നില്‍ക്കെ മനീഷ് പാണ്ഡേയും 102ല്‍ നില്‍ക്കെ മാര്‍കസ് സ്റ്റോയിന്‍സും 103ല്‍ ക്രുണാല്‍ പാണ്ഡ്യയും കൂടാരം കയറിയിരുന്നു. ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് ഉറച്ചുനിന്ന ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ ആഞ്ഞടിക്കുകയും സീസണിലെ രണ്ടാം സെഞ്ച്വറി നേടുകയും ചെയ്തു.

രാഹുലിന്റെ സെഞ്ച്വറിയുടെ മികവിലാണ് ലഖ്‌നൗ 168 എന്ന തെറ്റില്ലാത്ത സ്‌കോറില്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.

എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് ശകുനപ്പിഴ തന്നെയായിരുന്നു. ഫോര്‍മാറ്റ് മറന്ന കളിയായിരുന്നു ഓപ്പണര്‍ ഇഷാന്‍ കിഷന്‍ പുറത്തെടുത്തത്. ടി-20യ്ക്ക് പകരം വാംഖഡെയില്‍ ടെസ്റ്റ് കളിച്ച കിഷന്‍ 20 പന്തില്‍ നിന്നും 8 റണ്‍സുമായാണ് പുറത്തായത്.

എന്നാല്‍ പതിവില്‍ നിന്നും വിപരീതമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്നും റണ്‍സ് പിറന്ന കാഴ്ചയും വാംഖഡെയില്‍ കണ്ടു. 31 പന്തില്‍ നിന്നും 39 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ആദ്യ മത്സരങ്ങളില്‍ പ്രകടനം ആവര്‍ത്തിക്കാനാവാതെ സൂര്യകുമാര്‍ യാദവും ബ്രെവിസും പെട്ടന്ന് തന്നെ പുറത്തായപ്പോള്‍ തിലക് വര്‍മ മാത്രമാണ് തന്റെ സ്ഥിരത നിലനിര്‍ത്തിയത്. 27 പന്തില്‍ നിന്നും 38 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

പൊള്ളാര്‍ഡ് ഒരു ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും കാര്യമായ പിന്തുണയില്ലാതെ അതും അവസാനിച്ചു. തുടര്‍ന്നുവന്ന ബാറ്റര്‍മാര്‍ ഒന്നിന് പിന്നാലെ ഒന്നായി കൂടാരം കയറിയപ്പോള്‍ മുംബൈ സീസണിലെ എട്ടാം തോല്‍വി ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

ഇതോടെയാണ് ട്രോളന്‍മാര്‍ മുംബൈ ഇന്ത്യന്‍സിനെ എയറില്‍ കയറ്റിയത്. എട്ടാം മത്സരത്തിലെ തോല്‍വിയോടുപമിച്ച് ‘എട്ട്’ ചേര്‍ത്താണ് ട്രോളന്‍മാര്‍ പുതിയ ട്രോളും മീമുമായെത്തിയത്. ഡ്രൈവിംഗ് ടെസ്റ്റിലെ എട്ടെടുക്കലും സ്‌പ്രൈറ്റും എല്ലാം ഇതില്‍ വരുന്നുണ്ട്.

ഈ സീസണില്‍ കളിച്ച ഒറ്റ മത്സരം പോലും ജയിക്കാന്‍ കഴിയാത്ത ഏക ടീമാണ് മുംബൈ ഇന്ത്യന്‍സ്. നാണക്കേടിന്റെ ഈ സീസണ്‍ മറക്കാനാവും അഞ്ച് തവണ കിരീടം ചൂടിയ ചാമ്പ്യന്‍ ടീം ശ്രമിക്കുന്നത്.

ഏപ്രില്‍ 30 ശനിയാഴ്ചയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍.

Content Highlight: Trolls against Mumbai Indians after 8th consecutive lost

We use cookies to give you the best possible experience. Learn more