| Sunday, 4th December 2022, 8:20 am

ഇനി എങ്ങനെയാ മകനേ നിനക്ക് പാസ് തരേണ്ടത്? അര്‍ജന്റീന ജയിച്ചിട്ടും മാര്‍ട്ടീനസിന് പൊങ്കാല

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന അര്‍ജന്റീന-ഓസ്ട്രേലിയ മത്സരത്തില്‍ വിജയിച്ച് അര്‍ജന്റീന ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് അര്‍ജന്റീന ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്.

തന്റെ കരിയറിലെ 1000ാമത് മത്സരത്തിനായിരുന്നു മെസിയിറങ്ങിയത്. കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായ മത്സരത്തില്‍ തന്നെ ഗോളടിച്ചാണ് മെസി ഒരിക്കല്‍ക്കൂടി ടീമിന്റെ രക്ഷകനായത്.

ഈ ഗോളിന് പിന്നാലെ ഒരു ചീത്തപ്പേര് മാറ്റിയെടുക്കാനും മെസിക്ക് സാധിച്ചു. നോക്ക് ഔട്ട് സ്റ്റേജില്‍ ഗോളടിക്കാന്‍ സാധിച്ചില്ല എന്ന പോരായ്മയാണ് 35ാം മിനിട്ടിലെ ഒരു തകര്‍പ്പന്‍ ഗോളിലൂടെ മെസി മാറ്റിയെടുത്തത്.

2006 ലോകകപ്പ് മുതല്‍ കളിക്കുന്ന മെസിക്ക് 2014ല്‍ അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ച വര്‍ഷത്തിലടക്കം നോക്ക് ഔട്ട് ഘട്ടത്തില്‍ ഗോള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

മത്സരത്തിന്റെ 57ാം മിനിട്ടില്‍ ഓസ്ട്രേലിയന്‍ ഗോള്‍ കീപ്പറുടെയും പ്രതിരോധനിരയിലെയും പിഴവ് മുതലെടുത്ത് ജൂലിയന്‍ അല്‍വാരസ് ഒരിക്കല്‍ക്കൂടി മെസിപ്പടക്കായി സ്‌കോര്‍ ചെയ്തു.

തുടര്‍ന്നും നിരവധി അവസരങ്ങള്‍ അര്‍ജന്റീനക്ക് ലഭിച്ചിരുന്നെങ്കിലും ഒന്നുപോലും മുതലാക്കാന്‍ ടീമിന് സാധിച്ചിരുന്നില്ല. നിരവധി ഓപ്പണ്‍ ചാന്‍സുകളടക്കം മിസ്സാക്കിയാണ് അര്‍ജന്റീന വിമര്‍ശനങ്ങളേറ്റുവാങ്ങുന്നത്.

ഇതില്‍ എടുത്ത് പറയേണ്ടത് യുവതാരം ലൗറ്റാറോ മാര്‍ട്ടീനസിന്റെ പ്രകടനമാണ്. തുടരെ തുടരെ ഗോളടിക്കാനുള്ള അവസരം താരം പാഴാക്കിയത് അര്‍ജന്റീന ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചിരുന്നു. അര്‍ജന്റീനയുടെ വിജയവും ക്വാര്‍ട്ടര്‍ പ്രവേശനവും ആരാധകര്‍ ആവേശമാക്കുമ്പോള്‍ ഈ മത്സരത്തിലെ മാര്‍ട്ടീനസിന്റെ പ്രകടനം കല്ലുകടിയാവുന്നുണ്ട്.

ഇതിന് പിന്നാലെ മാര്‍ട്ടീനസിനെ വിമര്‍ശിച്ചുകൊണ്ടും കളിയാക്കിക്കൊണ്ടും നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

അതേസമയം, ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെയാണ് മെസിക്കും സംഘത്തിനും നേരിടാനുള്ളത്. പ്രീക്വാര്‍ട്ടറില്‍ യു.എസ്.എയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഡച്ച് വമ്പന്‍മാര്‍ മുന്നോട്ട് കുതിച്ചത്.

ഒന്നിനെതിരെ മൂന്ന് ഗോളിനാണ് നെതര്‍ലന്‍ഡ്സ് യു.എസ്.എയെ തകര്‍ത്തുവിട്ടത്. മെംഫിസ് ഡീപേ, ഡേലി ബ്ലൈന്‍ഡ് ഡെന്‍സല്‍ ഡംഫ്രിസ് എന്നിവരാണ് ഓറഞ്ച് ആര്‍മിക്കായി സ്‌കോര്‍ ചെയ്തത്.

76ാം മിനിട്ടില്‍ ഹാജി റൈറ്റായിരുന്നു യു.എസ്.എയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

ഡിസംബര്‍ 10നാണ് അര്‍ജന്റീന-നെതര്‍ലന്‍ഡ്സ് മത്സരം. ലുസൈല്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: Trolls against Loureto Martinez

We use cookies to give you the best possible experience. Learn more