| Friday, 6th October 2023, 3:19 pm

അച്ഛന്‍ വിചാരിച്ചാല്‍ 50,000 എം.പിമാരെ കിട്ടുമായിരുന്നു, ഇതിപ്പോള്‍ വേണ്ടത് ആരാധകരെ ആയിപ്പോയി; ട്രോളില്‍ നിറഞ്ഞ് ജയ് ഷാ

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ലോകകപ്പിന് കഴിഞ്ഞ ദിവസമാണ് തുടക്കം കുറിച്ചത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പായ ന്യൂസിലാന്‍ഡുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടിയത്. കഴിഞ്ഞ ഫൈനലിന്റെ റീ മാച്ച് എന്ന നിലയിലും ഈ മാച്ചിന് ഏറെ പ്രത്യേകതകളുണ്ടായിരുന്നു.

ലോകകപ്പിന്റെ കഴിഞ്ഞ സീസണുകളില്‍ നിന്നും മാറി ഇത്തവണ ഉദ്ഘാടന ചടങ്ങുകളൊന്നും തന്നെ സംഘടിപ്പിച്ചിരുന്നില്ല. ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ഇവന്റിന് ഉദ്ഘാടന ചടങ്ങ് ഒരുക്കാത്തതില്‍ വലിയ തോതിലുള്ള വിമര്‍ശനമാണ് ബി.സി.സി.ഐക്ക് നേരിടേണ്ടി വന്നിരുന്നത്.

2011 ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകളുമായി താരതമ്യം ചെയ്തുകൊണ്ടാണ് ആരാധകര്‍ ഇതിനെ വിലയിരുത്തുന്നത്. രണ്ട് കാലത്തെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മിലുള്ള വ്യത്യാസമായാണ് ആരാധകര്‍ ഇതിനെ വിലയിരുത്തിയത്.

ലോകകപ്പിന് ഉദ്ഘാടന ചടങ്ങുകള്‍ ഇല്ലാത്തതിനേക്കാള്‍ കഷ്ടമായിരുന്നു ഉദ്ഘാടന മത്സരം നടക്കുന്ന ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ അവസ്ഥ. ക്രിക്കറ്റിലെ പ്രബല ശക്തികള്‍ ഏറ്റുമുട്ടുന്ന മത്സരമായിരുന്നിട്ടും ഒരു പൂച്ചക്കുഞ്ഞ് പോലും കളി കാണാനില്ലാത്ത അവസ്ഥയായിരുന്നു.

ഒന്നേകാല്‍ ലക്ഷം കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിലെ ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കിയായിരുന്നു ലോകചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ബാറ്റിങ്ങിനിറങ്ങിയത്.

ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം വിശദമായി തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ ലോകകപ്പ് ഉദ്ഘാടന മത്സരത്തിലെ അറ്റന്‍ഡന്‍സിന്റെ കണക്കുകളടക്കം നിരത്തി അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

സംഘാടകര്‍ക്ക് നാണക്കേടുണ്ടാക്കുന്ന കാഴ്ചയെന്നാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തത്. ആതിഥേയ രാജ്യമായ ഇന്ത്യയെ ഉദ്ഘാടന മത്സരത്തില്‍ ഉള്‍പ്പെടുത്താത്തതിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.

സ്റ്റേഡിയത്തിലേക്ക് ആളുകളെത്താത്തതിനെതിരെയും ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ബി.സി.സി.ഐ ചീഫ് ജയ് ഷാക്കെതിരെയാണ് ഇത്തരത്തില്‍ ട്രോളുകള്‍ ഉയര്‍ന്നത്.

‘അമിത് ഷാ വിചാരിച്ചാല്‍ ആവശ്യത്തിന് എം.പിമാരെ ലഭിക്കുമായിരുന്നു, പക്ഷേ ഇവിടെ ക്രിക്കറ്റ് ആരാധകരെയാണ് വേണ്ടത് എന്നതുകൊണ്ട് അതിന് സാധിച്ചില്ല’ മോദിയുടെ ഗുജറാത്തില്‍, അതും മോദി സ്വന്തം പേരിലേക്കാക്കിയ സ്റ്റേഡിയത്തില്‍ കളി കാണാന്‍ കുറച്ച് ബി.ജെ.പിക്കാരെയെങ്കിലും ഏര്‍പ്പാടാക്കാമായിരുന്നു,’ എന്നെല്ലാമാണ് ട്രോളുകള്‍ ഉയരുന്നത്.

മത്സരം കാണാന്‍ ആളില്ലെങ്കില്‍ ഫ്രീ ടിക്കറ്റ് നല്‍കണമെന്ന് വിരേന്ദര്‍ സേവാഗ് അടക്കമുള്ള താരങ്ങള്‍ പറഞ്ഞിരുന്നു. ആദ്യ ഇന്നിങ്‌സിന് പിന്നാലെ ഫ്രീ ടിക്കറ്റിലൂടെ ആളുകളെ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ഉദ്ഘാടന മത്സരത്തിന്റെ 40,000 ടിക്കറ്റുകള്‍ നേരത്തെ ബി.ജെ.പി വിലക്കെടുത്തിരുന്നു. ഈ ടിക്കറ്റിലൂടെയാണ് ആളുകളെ സ്റ്റേഡിയത്തിലെത്തിച്ചത്. വനിതാ സംവരണത്തില്‍ നിന്നും പ്രേരണയുള്‍ക്കൊണ്ടാണ് ഈ ടിക്കറ്റുകള്‍ വാങ്ങി സ്ത്രീകളെ പ്രവേശിപ്പിച്ചതെന്നായിരുന്നു ബി.ജെ.പിയുടെ അവകാശ വാദം.

എന്നാല്‍ ഇതില്‍ ഭൂരിഭാഗം പേരെയും പറഞ്ഞുപറ്റിച്ചാണ് സ്റ്റേഡിയത്തിലെത്തിച്ചത്. ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കുന്നു എന്ന പേരിലാണ് ആളുകളെ ബി.ജെ.പി സ്റ്റേഡിയത്തിലെത്തിച്ചത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കളി കാണാനെത്തിയ സ്ത്രീകള്‍ ഇക്കാര്യം പറഞ്ഞത്.

ഇന്ത്യ-പാക് മത്സരം കാണാനെത്തിയെന്നായിരുന്നു ചില സ്ത്രീകള്‍ റിപ്പോര്‍ട്ടറോട് പറഞ്ഞത്. എന്നാല്‍ ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് മത്സരമാണ് നടക്കുന്നെതെന്ന് പറഞ്ഞപ്പോള്‍ അവര്‍ ആശ്ചര്യപ്പെടുകയായിരുന്നു. പാകിസ്ഥാന്റെ മാച്ച് എന്നുപറഞ്ഞാണ് തങ്ങളെ കൊണ്ടുവന്നതെന്ന് അവര്‍ വെളിപ്പെടുത്തി.

ഫ്രീ പാസ് ലഭിച്ചതുകൊണ്ടുമാത്രം കളി കാണാനെത്തിയെന്നും അവര്‍ വ്യക്തമാക്കി. ബി.ജെ.പിക്കാരാണ് ടിക്കറ്റ് തന്നതെന്ന് പറഞ്ഞവരും കുറവല്ല.

Content Highlight: Trolls against Jay Shah and BCCI

We use cookies to give you the best possible experience. Learn more