അഴിമതിക്കെതിരെ പോരാടാന്‍ കള്ള പാസ്‌പോര്‍ട്ടില്‍ വരുന്ന ഇന്ത്യന്‍ താത്ത, ഒ.ടി.ടി റിലീസിന് പിന്നാലെ ഇന്ത്യന്‍ 2വിന് ട്രോള്‍മഴ
Entertainment
അഴിമതിക്കെതിരെ പോരാടാന്‍ കള്ള പാസ്‌പോര്‍ട്ടില്‍ വരുന്ന ഇന്ത്യന്‍ താത്ത, ഒ.ടി.ടി റിലീസിന് പിന്നാലെ ഇന്ത്യന്‍ 2വിന് ട്രോള്‍മഴ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th August 2024, 10:29 pm

വന്‍ ബജറ്റില്‍ ഈ വര്‍ഷം തിയേറ്ററിലെത്തിയ കമല്‍ ഹാസന്‍ ചിത്രമാണ് ഇന്ത്യന്‍ 2. ഷങ്കര്‍ സംവിധാനം ചെയ്ത് 1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്റെ തുടര്‍ഭാഗമാണ് ഈ ചിത്രം. 2019ല്‍ അനൗണ്‍സ് ചെയ്ത ചിത്രം പല കാരണങ്ങള്‍ കൊണ്ട് ഷൂട്ട് നീണ്ടുപോവുകയായിരുന്നു. ഒടുവില്‍ ഈ വര്‍ഷം ചിത്രം തിയേറ്ററിലെത്തി. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ ചിത്രത്തെ ഏറ്റെടുത്തിരുന്നു.

തിയേറ്ററില്‍ ചിത്രം തകര്‍ന്നടിയുകയായിരുന്നു. 200 കോടിയോളം ബജറ്റില്‍ ഒരുങ്ങിയ ചിത്രം 110 കോടി മാത്രമാണ് നേടിയത്. ഒ.ടി.ടി റിലീസിന് പിന്നാലെ ഓരോ സീനും ട്രോളിന് ഇരയാകുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കുന്നത്. അഴിമതിക്കെതിരെ പോരാടുന്ന സേനാപതി കള്ള പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്കെത്തുന്നത്, ക്ലൈമാക്‌സ് ഫൈറ്റില്‍ സേനാപതിക്ക് സിക്‌സ് പാക്ക് വരുന്നത് തുടങ്ങിയ കാര്യങ്ങളെ ട്രോളന്മാര്‍ നല്ല രീതിയില്‍ വിമര്‍ശിക്കുന്നുണ്ട്.

യാതൊരു ഡെപ്തും ഇല്ലാത്ത സിദ്ധാര്‍ത്ഥിന്റെ ചിത്രാ അരവിന്ദന്‍ എന്ന കഥാപാത്രത്തെയും ആളുകള്‍ ട്രോളുന്നുണ്ട്. ‘കം ബാക്ക് ഇന്ത്യന്‍’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സേനാപതിയെ തിരികെയെത്തിക്കുന്നതും ഒടുവില്‍ ‘ഗോ ബാക്ക് ഇന്ത്യന്‍’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സേനാപതിയോട് തിരികെ പോകാന്‍ പറയുന്നതും കാണുമ്പോള്‍ ഷങ്കറിനെപോലൊരു സംവിധായകന് ഇത്രക്ക് ആശയദാരിദ്യമാണോ എന്നാണ് പലരും ചോദിക്കുന്നത്.

അഴിമതി കാണിക്കുന്നവരെ സേനാപതി കൊല്ലുന്ന സീനിനെയും ട്രോളുന്നുണ്ട്. വര്‍മവിദ്യ എന്ന ആയോധനകല ഉപയോഗിച്ച് ഓരോരുത്തരെ കൊല്ലുകയും കൊല്ലുന്നതിന് മുമ്പ് പത്ത് മിനിറ്റ് പ്രസംഗം നടത്തുകയും ചെയ്യുന്ന സീനുമെല്ലാം പല തരത്തില്‍ എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മൈദമാവില്‍ മുക്കിയെടുത്തത് പോലെയുള്ള പ്രോസ്‌തെറ്റിക് മേക്കപ്പും, കമല്‍ ഹാസന്റെ ഇന്‍ട്രോയില്‍ കാണിക്കുന്ന വിഗ്ഗുമെല്ലാം ട്രെയ്‌ലര്‍ ഇറങ്ങിയപ്പോള്‍ തന്നെ ട്രോളിനുള്ള വകയായിരുന്നു.

ബ്രഹ്‌മാണ്ഡ സിനിമയുടെ അവസാന വാക്കായ ഷങ്കര്‍ എന്ന സംവിധായകന്‍ തന്റെ എക്കാലത്തെയും മികച്ച കഥാപാത്രത്തെ ഇതുപോലെ സ്പൂഫ് രീതിയില്‍ അവതരിപ്പിക്കുമെന്ന് ആരും സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. എ.ആര്‍ റഹ്‌മാന്‍ ആദ്യ ഭാഗത്തില്‍ ചെയ്തുവെച്ച ബി.ജി.എമ്മിന്റെ ഏഴയലത്ത് എത്താന്‍ കഴിയാത്ത ബി.ജി.എമ്മാണ് അനിരുദ്ധിന്റെതെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും മോശം സിനിമയുടെ പട്ടികയിലേക്ക് ഷങ്കറിന്റെ ഇന്ത്യന്‍ 2 ഇടം പിടിച്ചിരിക്കുകയാണ്.

Content Highlight: Trolls against Indian 2 and Kamal Haasan after OTT release of film