ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ ആസ്റ്റണ്‍ വില്ല ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടീനസിനെതിരെ ട്രോള്‍ മഴ. മുന്‍ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിക്കെതിരെയാണ് സ്വന്തം കാണികളുടെ മുമ്പില്‍ വെച്ച് ആസ്റ്റണ്‍ വില്ല പരാജയപ്പെട്ടത്.
രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ആസ്റ്റണ്‍ വില്ലയുടെ തോല്‍വി. നാല് ഗോള്‍ വഴങ്ങിയതിന് പിന്നാലെയാണ് എമിലിയാനോ എയറിലായിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി ട്രോളുകളാണ് എമിലിയാനോക്കെതിരെ മലയാളമടക്കമുള്ള ഫുട്‌ബോള്‍ ഗ്രൂപ്പുകളില്‍ നിന്നും ഉയരുന്നത്.
2022 ഖത്തര്‍ ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം നേടിയ എമിലിയാനോ തന്നെയാണ് ഇത്തരത്തിലുള്ള മോശം പ്രകടനം കാഴ്ചവെക്കുന്നത് എന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
പുരസ്‌കാര നേട്ടത്തിന് ശേഷം അശ്ലീല ആംഗ്യം നിറഞ്ഞ എമിലിയാനോയുടെ സെലിബ്രേഷനും എംബാപ്പെയുടെ മുഖം പാവയുടെ മേല്‍ ഒട്ടിച്ചുചേര്‍ത്ത് താരം നടത്തിയ വിജയാഘോഷവും ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങിയിരുന്നു. ഇതും എമിലിയാനോയെ ട്രോളുന്നതിന് പിന്നിലുള്ള പ്രധാനകാരണങ്ങളിലൊന്നാണ്.
മത്സരത്തിന്റെ ഒമ്പതാം മിനിട്ടില്‍ ആസ്റ്റണ്‍ വില്ലയായിരുന്നു ഗോളടിക്ക് തുടക്കമിട്ടത്. ഒല്ലി വാറ്റ്കിന്‍സിന്റെ ഗോള്‍ വില്ലന്‍സിനെ മുന്നിലെത്തിക്കുകയായിരുന്നു.
എന്നാല്‍ ഗോള്‍ വഴങ്ങി കൃത്യം മൂന്നാം മിനിട്ടില്‍ തന്നെ ലെസ്റ്ററിന്റെ രാജകുമാരന്‍മാര്‍ തിരിച്ചടിച്ചു. ജെയിംസ് മാഡിസണായിരുന്നു ഗോള്‍ സ്‌കോറര്‍.
32ാം മിനിട്ടിലെ സെല്‍ഫ് ഗോളില്‍ വില്ല ഒരിക്കല്‍ക്കൂടി മുമ്പിലെത്തി. എന്നാല്‍ തുടര്‍ന്നങ്ങോട്ട് ആസ്റ്റണ്‍ വില്ലക്കും ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടീനസിനും ലെസ്റ്ററിന്റെ വക വെടിക്കെട്ടായിരുന്നു. ഒന്നിന് പിന്നാലെ ഒന്നായി ഗോളുകളുമായി ദി ഫോക്‌സ് കളം നിറഞ്ഞ് കളിച്ചു.
41, 45+2, 79 മിനിട്ടുകളിലായിരുന്നു ലെസ്റ്ററിന്റെ മറ്റ് ഗോളുകള്‍ പിറന്നത്.
മത്സരത്തില്‍ ഷോട്ടുകളും പാസുകളും ബോള്‍ പൊസഷനുമായി മുന്നിട്ട് നിന്നത് വില്ലയായിരുന്നെങ്കിലും ഗോളടിച്ചത് മുഴുവന്‍ ലെസ്റ്ററായിരുന്നു.
കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ പോയിന്റ് പട്ടികയില്‍ 13ാം സ്ഥാനത്തേക്കുയരാനും ലെസ്റ്ററിനായി. 21 മത്സരത്തില്‍ നിന്നും ആറ് വിജയവും മൂന്ന് സമനിലയും 12 തോല്‍വിയുമായി 21 പോയിന്റാണ് ലെസ്റ്ററിനുള്ളത്.
21 മത്സരത്തില്‍ നിന്നും എട്ട് വിജയവും നാല് സമനിലയും ഒമ്പത് തോല്‍വിയുമായി 11ാം സ്ഥാനത്താണ് ആസ്റ്റണ്‍ വില്ല.
ഫെബ്രുവരി 12നാണ് വില്ലയുടെ അടുത്ത മത്സരം. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയാണ് എതിരാളികള്‍. സിറ്റിയുടെ സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം.
Content highlight: Trolls against Emiliano Martinez after Aston villa lost to Leicester City