പ്രീമിയര്‍ ലീഗിലെ ആസ്റ്റണ്‍ വില്ല – ആഴ്‌സണല്‍ മത്സരത്തിന് പിന്നാലെ വില്ലയുടെ അര്‍ജന്റൈന്‍ ഇന്റര്‍നാഷണല്‍ സൂപ്പര്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടീനസ് വീണ്ടും എയറില്‍. കഴിഞ്ഞ മത്സരത്തില്‍ ഒരു സെല്‍ഫ് ഗോളടക്കം നാല് ഗോള്‍ വഴങ്ങിയതിന് പിന്നാലെയാണ് എമിലിയാനോ വീണ്ടും ട്രോളന്‍മാരുടെ ഇരയായത്.
ഗണ്ണേഴ്‌സിനെതിരായ മത്സരത്തില്‍ വഴങ്ങിയ നാല് ഗോള്‍ ഉള്‍പ്പെടെ കഴിഞ്ഞ മൂന്ന് മത്സരത്തില്‍ താരം 11 ഗോളുകളാണ് വഴങ്ങിയത്. ഖത്തര്‍ ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം നേടിയ എമിലിയാനോയുടെ ഭാഗത്ത് നിന്നും തുടര്‍ച്ചയായി ഇത്തരം മോശം പ്രകടനങ്ങളുണ്ടാകുന്നതാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.
നേരത്തെ ലെസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തിലും എമിലിയാനോ നാല് ഗോള്‍ വഴങ്ങിയിരുന്നു. എന്നാല്‍ ഇത്തവണ മുറിവില്‍ ഉപ്പ് പുരട്ടിയതെന്നോണം ഒരു സെല്‍ഫ് ഗോളും താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
👊 Victorious at Villa
Relive all the highlights from our 4-2 win in Birmingham earlier this afternoon 👇 pic.twitter.com/5FO6Pmh5de
ഇതിന് പുറമെ 98ാം മിനിട്ടിലും (90+8) ആഴ്‌സണല്‍ ഗോള്‍ നേടിയിരുന്നു. ആവസാന നിമിഷത്തില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് ഏത് വിധേനയും വലയിലാക്കണമെന്നുറപ്പിച്ച ആസ്റ്റണ്‍ വില്ല താരങ്ങള്‍ക്കൊപ്പം എമിലിയാനോയും ആഴ്‌സണല്‍ ഗോള്‍മുഖത്തെത്തിയിരുന്നു.
എന്നാല്‍, എമിലിയാനോക്ക് അവിടെയും പിഴച്ചു. തങ്ങളുടെ പെനാല്‍ട്ടി ബോക്‌സില്‍ നിന്നും പന്ത് കൈക്കലാക്കിയ ആഴ്‌സണല്‍ താരങ്ങള്‍ വില്ല ഗോള്‍മുഖത്തേക്ക് കുതിച്ചു. ഗോളിയില്ലാത്ത ഗോള്‍ പോസ്റ്റിലേക്ക് ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി പന്തടിച്ചു കയറ്റുമ്പോള്‍ തലതാഴ്ത്തിയിരിക്കാന്‍ മാത്രമായിരുന്നു എമിലിയാനോക്ക് സാധിച്ചത്. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ ട്രോളുകള്‍ ഉയരുന്നത്.
ഖത്തര്‍ ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാര നേട്ടത്തിന് ശേഷം അശ്ലീല ആംഗ്യം നിറഞ്ഞ എമിലിയാനോയുടെ സെലിബ്രേഷനും എംബാപ്പെയുടെ മുഖം പാവയുടെ മേല്‍ ഒട്ടിച്ചുചേര്‍ത്ത് താരം നടത്തിയ വിജയാഘോഷവും ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങിയിരുന്നു. ഇതും എമിലിയാനോയെ ട്രോളുന്നതിന് പിന്നിലുള്ള പ്രധാനകാരണങ്ങളിലൊന്നാണ്.
ആസ്റ്റണ്‍ വില്ലക്കെതിരായ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനും ഗണ്ണേഴ്‌സിനായി. 23 മത്സരത്തില്‍ നിന്നും 17 ജയവും മൂന്ന് തോല്‍വിയും മൂന്ന് സമനിലയുമായി 54 പോയിന്റാണ് പീരങ്കിപ്പടക്കുള്ളത്.
24 മത്സരത്തില്‍ നിന്നും 16 ജയവും നാല് വീതം തോല്‍വിയും സമനിലയുമായി 52 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്.
ആഴ്‌സണലിനെതിരായ തോല്‍വിയോടെ 11ാം സ്ഥാനത്താണ് വില്ലന്‍സ്. 23 മത്സരത്തില്‍ നിന്നും എട്ട് വിജയവും നാല് സമനിലയും 11 തോല്‍വിയുമായി 28 പോയിന്റാണ് ആസ്റ്റണ്‍ വില്ലക്കുള്ളത്.
Content highlights: Trolls against Emiliano Martinez after Aston Villa lost to Arsenal