| Friday, 13th October 2023, 9:53 pm

'എന്നെടാ പണ്ണിവെച്ചിറക്കേ'; ചന്ദ്രമുഖിയുടെ സ്പൂഫാണോയെന്ന് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കങ്കണ റണാവത്ത്, രാഘവ ലോറന്‍സ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചന്ദ്രമുഖി 2 സെപ്റ്റംബര്‍ 28നാണ് റിലീസ് ചെയ്തത്. സമ്മിശ്രപ്രതികരണം ലഭിച്ച ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല.

ചിത്രം നെറ്റ്ഫ്‌ളിക്‌സിലും റിലീസ് ചെയ്തിരിക്കുകയാണ്. ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഉയരുകയാണ്. ചന്ദ്രമുഖിയെയും കാമുകനേയും വേട്ടയ്യന്‍ രാജ കൊല്ലുന്ന രംഗമാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ രംഗത്തില്‍ കങ്കണയും രാഘവ ലോറന്‍സും മത്സരിച്ച് ഓവര്‍ ആക്ടിങ് ചെയ്യുകയാണെന്നാണ് പരിഹാസമുയരുന്നത്.

ഭാവഭേദമോ ചലനമോ കൂടാതെ കങ്കണയുടെ കഥാപാത്രം ജീവനോടെ കത്തുന്ന രംഗത്തിനെതിരെയും വിമര്‍ശനമുണ്ട്. രജിനികാന്ത് ഐകോണിക്കാക്കിയ ളക്കളക്കളക്കളക്ക ഡയലോഗ് രാഘവ ലോറന്‍സ് കുളമാക്കിയെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഇത് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമാണോ അതോ ചന്ദ്രമുഖിയുടെ സ്പൂഫാണോ എന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളുണ്ട്.

പി. വാസുവാണ് ചന്ദ്രമുഖി 2 സംവിധാനം ചെയ്തത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരനാണ് ചിത്രം നിര്‍മിച്ചത്.

18 വര്‍ഷം മുമ്പ് ബോക്സോഫീസില്‍ ചരിത്രം സൃഷ്ടിച്ച ‘ചന്ദ്രമുഖി’യുടെ തുടര്‍ച്ചയാണ് ‘ചന്ദ്രമുഖി 2’. രജിനികാന്ത്, ജ്യോതിക, പ്രഭു, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ചന്ദ്രമുഖി’ 2005 ഏപ്രില്‍ 14 നാണ് റിലീസ് ചെയ്തത്.

Content Highlight: trolls against chandramukhi 2 in social media

We use cookies to give you the best possible experience. Learn more