| Saturday, 24th September 2022, 4:33 pm

കയ്യിലുള്ളത് ശതകോടികള്‍, എന്നിട്ടും ഇത്രയും ദാരിദ്ര്യം പിടിച്ച വേറെ ഏതെങ്കിലും ക്രിക്കറ്റ് ബോര്‍ഡ് ലോകത്ത് കാണുമോ എന്റെ കര്‍ത്താവേ...

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റിലെ ഏറ്റവും സമ്പന്നമായ ബോര്‍ഡുകളിലൊന്നാണ് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ എന്ന ബി.സി.സി.ഐ. കേവലം ക്രിക്കറ്റിലെ മാത്രമല്ല കായിക രംഗത്തെ തന്നെ ഏറ്റവും മൂല്യമുള്ള ബോര്‍ഡാണ് ബി.സി.സി.ഐ

ഐ.പി.എല്‍ ലേലവും പുതിയ ടീമുകളെ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ലഭിച്ച തുകയും മീഡിയ ലേലത്തില്‍ ലഭിച്ച തുകയുമടക്കം ശതകോടികളാണ് ബി.സി.സി.ഐയുടെ കീശയില്‍ വന്നുവീണത്.

അന്താരാഷ്ട്ര കളികളുടെ പ്രക്ഷേപണത്തിനായുള്ള മീഡിയ ലേലത്തില്‍ ബി.സി.സി.ഐയെക്കാളും എത്രയോ കുറവ് തുകയാണ് ഐ.സി.സിക്ക് ലഭിച്ചത്. ഐ.പില്‍ മീഡിയ ലേലം കഴിയാന്‍ കാത്തിരുന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഐ.സി.സി തങ്ങളുടെ മീഡിയ ലേലത്തെ കുറിച്ച് വിശദമായി ചിന്തിച്ചതുതന്നെ.

ഐ.സി.സിയുടെ തന്നെ ക്രിക്കറ്റ് കലണ്ടറിനെ സ്വാധീനിക്കാന്‍ പോന്ന തലത്തിലാണ് ബി.സി.സി.ഐയുടെ ഉഗ്രപ്രതാപം. എന്‍.എഫ്.എല്ലിന് ശേഷം ലോകത്തെ ഏറ്റവും ലാഭകരമായ സ്‌പോര്‍ട്‌സ് ലീഗായിരിക്കുകയാണ് ഐ.പി.എല്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനേക്കാള്‍ ലാഭമാണ് ഓരോ മത്സരവും വിറ്റ് ബി.സി.സി.ഐ കീശയിലാക്കുന്നത്.

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ ദിവസം നടന്ന ചില സംഭവങ്ങള്‍ ബി.സി.സി.ഐയെ ഒന്നാകെ എയറിലാക്കിയിരിക്കുകയാണ്.

ഇന്ത്യ – ഓസ്‌ട്രേലിയ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലായിരുന്നു സംഭവം. പിച്ചില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതുകൊണ്ട് കളി നടക്കില്ല എന്നായിരുന്നു കരുതിയത്.

എന്നാല്‍, പിച്ചിലെ ഈര്‍പ്പം കളയാന്‍ പുതിയ വഴികളുമായാണ് ലോകത്തിലെ സമ്പന്ന ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയത്.

ഇസ്തിരിപ്പെട്ടിയും ഹെയര്‍ ഡ്രൈയറുമായിരുന്നു പ്രധാന ആയുധം. പിച്ച് ഇസ്തിരിയിട്ടും ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് ചൂടാക്കിയും ഒരുവിധം കളിക്കാവുന്ന പരുവത്തില്‍ ആക്കിയെടുക്കുകയായിരുന്നു.

6.30 മണിക്ക് തുടങ്ങേണ്ടിയിരുന്ന മത്സരത്തിന്റെ ടോസ് 9.15നാണ് നടന്നത്. മത്സരം ജയിച്ചെങ്കിലും ഏറെ അഭിമാനത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് എയറില്‍ കയറിയിരിക്കുകയാണ്.

ലോകത്തിലെ സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡിന് പിച്ച് ശരിപ്പെടുത്താന്‍ ഇസ്തരിപ്പെട്ടിയാണോ ഉണ്ടായതെന്ന് തുടങ്ങി ആരാധകര്‍ ബി.സി.സി.ഐക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിക്കുകയാണ്.

ശരിയായ ഒരു ഡ്രെയ്‌നേജ് സിസ്റ്റം പോലുമില്ലാത്ത നിങ്ങളാണോ ലോകത്തിലെ സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡെന്നും കിട്ടുന്ന പൈസയൊക്കെ ഏത് വഴിക്ക് ചെലവാവുന്നു എന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്.

അടുത്ത വര്‍ഷം ആദ്യം വനിതാ ഐ.പി.എല്‍ തുടങ്ങാനും ബി.സി.സി.ഐ പദ്ധതിയിടുന്നുണ്ട്. 2008ല്‍ ഐ.പി.എല്‍ ആരംഭിച്ചതുമുതല്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ചിരകാല മോഹമായിരുന്നു വനിതാ ക്രിക്കറ്റ് ലീഗ്.

ഓസ്‌ട്രേലിയന്‍ ഫ്രാഞ്ചൈസി ലീഗായ ബിഗ് ബാഷ് ലീഗിന്റെ വനിതാ ലീഗും ആയതോടെ ഇന്ത്യ ആരാധകര്‍ക്കും വനിതാ ക്രിക്കറ്റ് ലീഗ് എന്നത് സ്വപ്‌നമായി മാറി.

വനിതാ ഐ.പി.എല്‍ കൂടിയാകുമ്പോള്‍ ബി.സി.സി.ഐയുടെ വരുമാനവും കുത്തനെ കൂടും. പുതിയ ടീമുകള്‍ വരുമ്പോഴും അതിന്റെ മീഡിയ ലേലവുമെല്ലാമായി വീണ്ടും ശതകോടികള്‍ ബി.സി.സി.ഐയുടെ കീശയിലെത്തും.

ഈ ലാഭമെല്ലാം ബി.സി.സി.ഐ കൃത്യമായി ക്രിക്കറ്റിന് വേണ്ടി തന്നെ വിനിയോഗിക്കണം. അല്ലാത്ത പക്ഷം വീണ്ടും ഇസ്തിരിപ്പെട്ടിയെടുത്ത് ഗ്രൗണ്ട് സ്റ്റാഫുകള്‍ വീണ്ടും പിച്ചിലേക്കിറങ്ങേണ്ടി വരും എന്ന കാര്യം ഉറപ്പാണ്.

Content Highlight: Trolls against BCCI

We use cookies to give you the best possible experience. Learn more