ഐ.സി.സി വേള്‍ഡ് കപ്പിന്റെ രണ്ടാം മത്സരത്തിന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാവുകയാണ്. മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാനും ക്വാളിഫയേഴ്‌സ് കളിച്ചെത്തിയ നെതര്‍ലന്‍ഡ്‌സുമാണ് രണ്ടാം മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
മത്സരത്തില്‍ ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചു. പാകിസ്ഥാന്‍ ആരാധകരെ ഞെട്ടിക്കുന്ന പ്രകടനമാണ് നെതര്‍ലന്‍ഡ്‌സ് പുറത്തെടുത്തത്. നാലാം ഓവറില്‍ പാകിസ്ഥാന്‍ സ്‌കോര്‍ 15ല്‍ നില്‍ക്കവെ നെതര്‍ലന്‍ഡ്‌സ് ആദ്യ വിക്കറ്റ് വീഴ്ത്തി.
സൂപ്പര്‍ താരം ഫഖര്‍ സമാന്റെ വിക്കറ്റാണ് പാകിസ്ഥാന് നഷ്ടമായത്. ലോഗന്‍ വാന്‍ ബീക്കിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ചായാണ് ഫഖര്‍ സമാന്‍ പുറത്തായത്. 15 പന്തില്‍ മൂന്ന് ബൗണ്ടറിയുമായി 12 റണ്‍സായിരുന്നു ഫഖര്‍ സമാന്റെ സമ്പാദ്യം.
വണ്‍ ഡൗണായി ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ക്രീസിലെത്തിയത്. സന്നാഹ മത്സരത്തില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ബാബര്‍ അത് വീണ്ടും ആവര്‍ത്തിക്കുമെന്ന് കരുതിയ ആരാധകര്‍ക്ക് തെറ്റി.
ക്രീസില്‍ നിലയുറപ്പിച്ച് റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്ന ബാബര്‍ അസമായിരുന്നു ഹൈദരാബാദിലെ കാഴ്ച. ടീം സ്‌കോര്‍ 34ല്‍ നില്‍ക്കവെ ബാബര്‍ അസം പുറത്തായി. 18 പന്ത് നേരിട്ട് അഞ്ച് റണ്‍സ് നേടിയാണ് ബാബര്‍ പുറത്തായത്.
ഒറ്റ ബൗണ്ടറി പോലും പാക് നായകന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നില്ല എന്നതും ആരാധകരെ നിരാശരാക്കുന്നുണ്ട്. കോളിന്‍ അക്കര്‍മാന്റെ പന്തില്‍ സാഖിബ് സുല്‍ഫിഖറിന് ക്യാച്ച് നല്‍കിയായിരുന്നു ബാബറിന്റെ മടക്കം.
ഈ പുറത്താകലിന് പിന്നാലെ പാക് നായകനെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. കുഞ്ഞന്‍ ടീമുകളെ മര്‍ദിക്കാന്‍ മിടുക്കനായ ബാബര്‍ അവര്‍ക്കെതിരെയും കളി മറന്നോ, ഇയാളെയാണ് കിങ് ബാബര്‍ എന്ന് വിളിക്കുന്നത് തുടങ്ങി ആരാധകര്‍ വിമര്‍ശനമുന്നയിക്കുകയാണ്.
ബാബര്‍ പുറത്തായി നാല് പന്തുകള്‍ക്ക് ശേഷം പാകിസ്ഥാന് മൂന്നാം വിക്കറ്റും നഷ്ടമായി. 19 പന്തില്‍ 15 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖിന്റെ വിക്കറ്റാണ് പാകിസ്ഥാന് നഷ്ടമായത്.
അതസയം, 20 ഓവര്‍ പിന്നിടുമ്പോള്‍ പാകിസ്ഥാന്‍ 101 റണ്‍സിന് മൂന്ന് എന്ന നിലയിലാണ്. 44 പന്തില്‍ 38 റണ്‍സുമായി മുഹമ്മദ് റിസ്വാനും 23 പന്തില്‍ 28 റണ്‍സുമായി സൗദ് ഷക്കീലുമാണ് ക്രീസില്‍.
നെതര്‍ലന്‍ഡ്‌സിനായി കോളിന്‍ അക്കര്‍മാന്‍, ലോഗന്‍ വാന്‍ ബീക്. പോള്‍ വാന്‍ മീകെരന്‍ എന്നിവരാണ് വിക്കറ്റ് വീഴ്ത്തിയത്.
പാകിസ്ഥാന്‍ ലൈന്‍ അപ്
ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഷഹീന്‍ ഷാ അഫ്രിദി, ഹാരിസ് റൗഫ്.
നെതെര്‍ലന്‍ഡ്‌സ് ലൈന്‍ അപ്
വിക്രംജീത് സിങ്, മാക്‌സ് ഒ ഡൗഡ്, കോളിന്‍ അക്കര്‍മാന്‍, ബാസ് ഡി ലീഡ്, തേജ, നിദാമനുരു, സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സാഖിബ് സുല്‍ഫിഖര്‍, ലോഗന്‍ വാന്‍ ബീക്, വാന്‍ ഡെര്‍ മെര്‍വ്, ആര്യന്‍ ദത്ത്, പോള്‍ വാന്‍ മീകെരന്‍.
Content Highlight: Trolls against Babar Azam after getting out against Netherlands