| Thursday, 15th December 2022, 4:36 pm

ഫൈനലില്‍ റഫറി പെനാല്‍ട്ടി തന്ന് ജയിപ്പിക്കില്ലേ, പിന്നെന്തിന് ടെന്‍ഷന്‍; അര്‍ജന്റീനക്കെതിരെ ട്രോള്‍ മഴ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പിന്റെ അവസാന നിമിഷങ്ങളിലേക്കാണ് ഇനി കായികലോകം ഉറ്റുനോക്കുന്നത്. ഇനിയുള്ള നാല് വര്‍ഷത്തേക്ക് ഫുട്‌ബോളിലെ രാജാക്കന്‍മാര്‍ ആരായിരിക്കും എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇറ്റലിക്കും ബ്രസീലിനും ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം എന്ന ഖ്യാതി തേടി ഫ്രാന്‍സ് ഇറങ്ങുമ്പോള്‍ മറഡോണക്ക് ശേഷം അര്‍ജന്റീനയെ കിരീടം ചൂടിക്കാനാണ് മെസിയും സംഘവും ഇറങ്ങുന്നത്.

ഡിസംബര്‍ 18ന് രാത്രി ഇന്ത്യന്‍ സമയം 8.30നാണ് ലൂസൈല്‍ സ്‌റ്റേഡിയത്തില്‍ ഫ്രാന്‍സും അര്‍ജന്റീനയും കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. ഏറെ ആവേശത്തോടെയാണ് അര്‍ജന്റീന ഈ മത്സരത്തിനിറങ്ങുന്നത്.

കോപ്പാ അമേരിക്കക്കും ഫൈനലിസിമക്കും ശേഷം ഫുട്‌ബോളിന്റെ അള്‍ട്ടിമേറ്റ് ട്രോഫി കൂടി തങ്ങളുടെ ഷെല്‍ഫിലെത്തിക്കാനാണ് മെസിപ്പടയിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റതിന് ശേഷം അര്‍ജന്റൈന്‍ പട ഒറ്റ മത്സരവും തോറ്റിട്ടില്ല.

മെസിയും സംഘവും കളത്തിലിറങ്ങുന്നത് ഖത്തറിലാണെങ്കിലും അതിന്റെ ചൂടും ചൂരും ആവേശവും ഇങ്ങ് കേരളത്തിലുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും വെല്ലുവിളികളുമായി സകല ഫുട്‌ബോള്‍ ആരാധകരും രംഗത്തുണ്ട്.

എന്നാല്‍ ഈ സാഹചര്യത്തില്‍ നിരവധി ട്രോളുകളും അര്‍ജന്റീനക്കെതിരെ ഉയരുന്നുണ്ട്. കളിച്ച മിക്ക കളിയിലും പെനാല്‍ട്ടി നേടിയെടുക്കുന്നതിനെ കളിയാക്കിയാണ് ട്രോളുകള്‍ ഉയരുന്നത്. മറ്റ് പല വിഷയങ്ങളും ചര്‍ച്ചയിലുണ്ടെങ്കിലും ഈയൊരു വിഷയം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രധാനമായും ഉയരുന്നത്.

മറ്റ് കളിയിലേതെന്ന പോലെ ഫൈനലിലും പെനാല്‍ട്ടി തന്ന് റഫറി അര്‍ജന്റീനയെ ജയിപ്പിക്കുമെന്നും റഫറിയടക്കം 12 പേരുമായാണ് അര്‍ജന്റീന കളിക്കാനിറങ്ങുന്നതെന്നും അര്‍ജന്റീന ഫിഫയുടെ കമ്മിറ്റി ടീം ആണെന്നും ട്രോളുകള്‍ ഉയരുന്നുണ്ട്.

എന്നാല്‍ പെനാല്‍ട്ടി ലഭിക്കുന്നത് കളിയുടെ ഭാഗമണെന്നും ഇത്രയും കാലം അര്‍ജന്റീന നിയമങ്ങള്‍ക്ക് വിധേയമായിട്ടാണ് കളിച്ചതെന്നും ഇതെല്ലാം മെസിയോടുള്ള അസൂയ മൂലമാണെന്നുമുള്ള എതിര്‍വാദവും സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നുണ്ട്.

സെമി ഫൈനലില്‍ ക്രൊയേഷ്യയെ തോല്‍പിച്ചുകൊണ്ടായിരുന്നു അര്‍ജന്റീന ഫൈനലിലേക്ക് പ്രവേശിച്ചത്. എതിരിലില്ലാത്ത മൂന്ന് ഗോളിനായിരുന്നു ലാറ്റിന്‍ അമേരിക്കന്‍ ജയന്റ്‌സ് മോഡ്രിച്ചിനെയും സംഘത്തെയും തറ പറ്റിച്ചത്. ഈ മത്സരത്തിലും അര്‍ജന്റീനക്ക് പെനാല്‍ട്ടി ലഭിച്ചിരുന്നു.

അതേസമയം, മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ലെസ് ബ്ലൂസ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ഫൈനലിനിറങ്ങും മുമ്പ് ഒരു സന്തോഷവാര്‍ത്തയാണ് ഫ്രഞ്ച് ആരാധകരെ തേടിയെത്തിയിരിക്കുന്നത്. ബാലണ്‍ ഡി ഓര്‍ ജേതാവും ഫ്രാന്‍സിന്റെ ഏയ്‌സുമായ കരീം ബെന്‍സെമ ഫൈനല്‍ മത്സരത്തിനിറങ്ങിയേക്കും എന്ന വാര്‍ത്തയാണ് ഫുട്‌ബോള്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്നത്.

ബെന്‍സെമ കൂടി എത്തുകയാണെങ്കില്‍ എംബാപ്പെ, ജിറൂഡ്, ഗ്രീസ്മാന്‍, ഡെമ്പാലെ എന്നിവരടങ്ങുന്ന ഫ്രഞ്ച് മുന്നേറ്റ നിരക്ക് വീണ്ടും കരുത്ത് കൂടും. എന്നാല്‍ ബെന്‍സെമയുടെ വരവ് ജിറൂഡിന്റെ പൊസിഷനില്‍ മാറ്റം വരുത്താനും സാധ്യതയുണ്ട്.

Content Highlight: Trolls against Argentina

We use cookies to give you the best possible experience. Learn more