| Thursday, 12th May 2022, 10:30 pm

അപ്പോള്‍ അംബാനി പണി തുടങ്ങി അല്ലേ; ചെന്നൈയ്ക്ക് ഡി.ആര്‍.എസ് നല്‍കാത്തതിന് പിന്നാലെ എയറിലായി അംബാനി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടക്കുന്ന മത്സരം. ഇരു ടീമുകള്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം തന്നെ കാണികള്‍ക്ക് ദൃശ്യവിരുന്നായിരുന്നു ഇരുവരും സമ്മാനിച്ചത്.

ഇപ്പോള്‍ നടക്കുന്ന ഐ.പി.എല്ലില്‍ ഇരുവരുടേയും പ്ലേ ഓഫിലേക്കുള്ള സമസ്ത സാധ്യതകളും അവസാനിച്ചിരുന്നു. ഇതോടെ ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെ വാശിയേറിയ പോരാട്ടമായിരുന്നു വാംഖഡെയില്‍ പ്രതീക്ഷിച്ചത്.

എന്നാല്‍ മത്സരത്തില്‍ ചെന്നൈയെ സംബന്ധിച്ച് വളരെ മോശം തുടക്കമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് ആദ്യ ഓവറില്‍ തന്നെ രണ്ട് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

ഇന്‍ഫോം ബാറ്ററായ ഡെവോണ്‍ കോണ്‍വേയെ ഗോള്‍ഡന്‍ ഡക്കാക്കിക്കൊണ്ടായിരുന്നു മുംബൈ തുടങ്ങിയത്. കോണ്‍വേയെ വിക്കറ്റിന് മുന്നില്‍ കുരുക്കി ഡാനിയല്‍ സാംസാണ് മുംബൈയ്ക്ക് മത്സരത്തില്‍ ഹെഡ്‌സ്റ്റാര്‍ട്ട് നല്‍കിയത്.

സാംസിനെ ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ച കോണ്‍വേയ്ക്ക് പിഴയ്ക്കുകയും പാഡില്‍ കൊള്ളുകയുമായിരുന്നു. അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. എന്നാല്‍ പന്ത് ലെഗ് സൈഡിലേക്ക് പോവുന്നതായും വിക്കറ്റിന് കൊള്ളില്ലെന്നും കോണ്‍വേയ്ക്ക് സംശയമുണ്ടായിരുന്നു.

അമ്പയറുടെ തീരുമാനത്തില്‍ വിയോജിപ്പുണ്ടാവുമ്പോഴാണ് ഒരു ടീമോ ബാറ്ററോ ഡി.ആര്‍.എസ് എടുക്കുന്നത്. എന്നാല്‍, ഇവിടെ കോണ്‍വേയ്ക്ക് ഡി.ആര്‍.എസ് എടുക്കാന്‍ സാധിച്ചിരുന്നില്ല. അപ്പോള്‍ മത്സരത്തില്‍ ഡി.ആര്‍.എസ് ഉണ്ടായിരുന്നില്ല എന്നതുതന്നെ കാരണം. സ്‌റ്റേഡിയത്തിലെ പവര്‍ കട്ട് കാരണമായിരുന്നു ഡി.ആര്‍.എസ് ഇല്ലാതിരുന്നത്.

‘ടോസിന് മുമ്പ്, ഒരു ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായിരുന്നു, സിസ്റ്റത്തില്‍ ഒരു പ്രശ്‌നമുണ്ടായിരുന്നു. ഇതുകാരണം ടോസ് വൈകി. ഒരു ഫ്ളഡ്ലൈറ്റ് ടവറിന് വേണ്ടത്ര വൈദ്യുതി ലഭിക്കുന്നില്ല. ഈ സംവിധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍,” മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

അതേസമയം, വൈദ്യുതി പ്രശ്‌നം പരിഹരിച്ചതിനാല്‍ മത്സരത്തിന്റെ അഞ്ചാം ഓവര്‍ മുതല്‍ ഡി.ആര്‍.എസ് പുനസ്ഥാപിച്ചിരുന്നു. എന്നാല്‍ ഫോമിലുള്ള കോണ്‍വേയെ ഇത്തരത്തില്‍ പുറത്താക്കിയതില്‍ ചെന്നൈ ആരാധകരും ക്രിക്കറ്റ് ലോകവും ഒന്നാകെ കലിപ്പായിരുന്നു.

ഇതിന് പിന്നാലെ ട്വിറ്ററില്‍ ട്രോളുകളുടെ പെരുമഴയായിരുന്നു. എയറില്‍ കയറിയതാവട്ടെ പാവം അംബാനിയും.

ഐ.പി.എല്ലിലെ രണ്ടാമത്തെ ഏറ്റവും മോശം സ്‌കോറിനായിരുന്നു സി.എസ്.കെയുടെ പുറത്താവല്‍. 16 ഓവറില്‍ കേവലം 97 റണ്‍സിന് ടീം ഓള്‍ ഔട്ടാവുകയായിരുന്നു. ധോണി ഒഴികെയുള്ള എല്ലാ ബാറ്റര്‍മാരും പരാജയപ്പെടുകയും മുംബൈ നിരയിലെ എല്ലാ ബൗളര്‍മാരും തിളങ്ങിയതോടെയാണ് ചെന്നൈയ്ക്ക് അടി തെറ്റിയത്.

Content Highlight: Trolls against Ambani in IPL MI vs CSK

We use cookies to give you the best possible experience. Learn more