| Tuesday, 3rd January 2023, 9:46 pm

ഇങ്ങനെ കിട്ടിയിട്ടും ഔട്ടാക്കിയില്ല; സാരമില്ല പോക്ക് രാജസ്ഥാന്‍ റോയല്‍സിലേക്കല്ലേ, എങ്ങനെ ഔട്ടാക്കണമെന്ന് അശ്വിന്‍ പഠിപ്പിച്ച് തരും

സ്പോര്‍ട്സ് ഡെസ്‌ക്

ആദം സാംപയാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. ബി.ബി.എല്ലില്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ വെച്ച് ബാറ്ററെ പുറത്താക്കാന്‍ നോക്കിയതും അതിന് സാധിക്കാതെ വന്നതോടെയുമാണ് സാംപ ചര്‍ച്ചകളില്‍ ഇടം നേടിയത്.

ബി.ബി.എല്ലിലെ മെല്‍ബണ്‍ നാട്ടങ്കത്തിലായിരുന്നു സംഭവം. മെല്‍ബണ്‍ റെനെഗെഡ്‌സും മെല്‍ബണ്‍ സ്റ്റാര്‍സും തമ്മില്‍ നടന്ന മത്സരത്തില്‍ റെനെഗ്ഡ്‌സ് താരം ടോം റോജസിനെ റണ്‍ ഔട്ടാക്കാന്‍ സ്റ്റാര്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ ആദം സാംപ ശ്രമിക്കുകയായിരുന്നു.

റോജസ് ക്രീസില്‍ നിന്ന് രണ്ട് മീറ്ററോളം പുറത്തായിരുന്നു. ബെയ്ല്‍സ് തട്ടിയ സാംപ റണ്‍ ഔട്ടിനായി വാദിച്ചു. സ്റ്റേഡിയമൊന്നാകെ ആദം സാംപയുടെ പ്രവര്‍ത്തിയെ കൂവലോടെയാണ് സ്വീകരിച്ചത്. എന്നാലും വിക്കറ്റിനായി സാംപ നിലകൊണ്ടു.

കൃത്യമായി ബെയ്ല്‍സ് തട്ടിയെങ്കിലും തേര്‍ഡ് അപംയര്‍ നോട്ടൗട്ട് വിളിക്കുകയായിരുന്നു. റണ്ണൗട്ടിന് മുമ്പ് ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കിയില്ല എന്ന കാണിച്ചാണ് നോട്ട് ഔട്ട് വിളിച്ചത്.

ഇതിന് പിന്നാലെ നിരവധി ട്രോളുകളാണ് സാംപക്ക് എതിരെ ഉയരുന്നത്. എങ്ങനെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്നും ബാറ്ററെ പുറത്താക്കണം എന്നത് ആര്‍. അശ്വിനോട് ചോദിച്ച് പഠിക്കാനാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലേക്ക് തന്നെയല്ലേ പോകുന്നത്, അവിടെ വെച്ച് അശ്വിന്‍ ഇതിന് സ്‌പെഷ്യല്‍ ട്രെയ്‌നിങ് തരുമെന്നും ആരാധകര്‍ പറയുന്നു.

അതേസമയം, മത്സരത്തില്‍ റെനെഗെഡ്‌സ് വിജയിച്ചിരുന്നു. ടോസ് നേടിയ സ്റ്റാര്‍സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റെനഗെഡ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടി.

32 റണ്‍സ് വീതം നേടിയ മാര്‍ട്ടിന്‍ ഗപ്ടില്‍, ഷോണ്‍ മാര്‍ഷ്, മെക്കന്‍സി ഹാര്‍വി എന്നിവരാണ് റെനെഗ്ഡ്‌സിനായി തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്റ്റാര്‍സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

Content Highlight: Trolls against Adam Zampa

We use cookies to give you the best possible experience. Learn more