|

ഇതാര് അമല്‍ ഡേവിസോ? ഗോട്ടിലെ മൂന്നാമത്തെ പാട്ടിനെതിരെ സോഷ്യല്‍ മീഡിയ ട്രോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. വെങ്കട് പ്രഭവും വിജയ്‌യും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളെല്ലാം സയന്‍സ് ഫിക്ഷന്‍ ഴോണറില്‍ പെടുന്ന സിനിമയാണെന്ന സൂചനകളാണ് തന്നത്.

രാഷ്ട്രീയപ്രഖ്യാപനത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന വിജയ് ചിത്രത്തിന് മേല്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ വെക്കുന്നത്. വിജയ് പാടിയ ആദ്യത്തെ രണ്ട് പാട്ടുകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മൂന്നാമത്തെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഡീ ഏജ് ചെയ്ത വിജയ്‌യെ വെച്ചുള്ള ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

ഡീ ഏജ് ചെയ്ത വിജയ്‌യുടെ ലുക്കിനെതിരെ വലിയ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പ്രേമലുവിലെ അമല്‍ ഡേവിസിനെ അവതരിപ്പിച്ച സംഗീത് പ്രതാപിനെ പോലെയാണ് വിജയ്‌യുടെ ലുക്കെന്നാണ് പലരും ട്രോളുന്നത്. യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ഗാനം പ്രതീക്ഷിച്ച ലെവലില്‍ എത്തിയിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ചിത്രത്തിലെ ആദ്യഗാനമായ ‘വിസില്‍ പോട്’ റിലീസായപ്പോഴും യുവന്റെ സംഗീതം പോര എന്ന അഭിപ്രായമുയര്‍ന്നിരുന്നു. വലിയ രീതിയില്‍ സൈബര്‍ അറ്റാക്ക് ഉണ്ടായതിനാല്‍ യുവന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ട അവസ്ഥ വരെയുണ്ടായി. മൂന്നാമത്തെ ഗാനത്തിനും സമ്മിശ്ര പ്രതികരണം ലഭിച്ചതോടെ ചിത്രത്തിന്റെ സ്ഥിതി എന്താകുമെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം, ഇന്‍ഫിനിറ്റി വാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വി.എഫ്.എക്‌സ് ചെയ്ത ലോല വി.എഫ്.എക്‌സാണ് ഗോട്ടിന്റെയും വി.എഫ്.എക്‌സ്. 200 കോടി ബജറ്റിലൊരുങ്ങുന്ന ചിതരത്തിലെ പ്രധാന ഭാഗം ട്രോള്‍ മെറ്റീരിയലാകുന്നതിനെ അണിയറപ്രവര്‍ത്തകര്‍ എങ്ങനെ നേരിടുമെന്നാണ് സിനിമാലോകം കാണാന്‍ കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിനാണ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം തിയേറ്ററുകളിലെത്തുക.

Content Highlight: Trolls again Vijay and Yuvan Shankar Raja after third single from Greatest of All Time