| Monday, 18th September 2023, 12:26 pm

വീട്ടിലിരുന്ന് കളി കാണേണ്ടവരെ കൊളംബോയില്‍ വിളിച്ചുവരുത്തി കളി കാണിച്ച രണ്ട് സൈക്കോ ക്രിക്കറ്റ് ബോര്‍ഡുകള്‍; ട്രോള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ എട്ടാം ഏഷ്യന്‍ കിരീടം സ്വന്തമാക്കിയിരുന്നു. കൊളംബോ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലങ്കക്കെതിരെ പത്ത് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്കയെ വെറും 50 റണ്‍സിന് ഓള്‍ ഔട്ടാക്കുകയും 6.1 ഓവറില്‍ വിജയലക്ഷ്യം മറികടന്നുമാണ് ഇന്ത്യ തങ്ങളുടെ പോര്‍ട്‌ഫോളിയോയിലേക്ക് എട്ടാം ഏഷ്യാ കപ്പ് കിരീടവും കൂട്ടിച്ചേര്‍ത്തത്.

ഫൈനലിന് മുമ്പ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് പരിക്കേറ്റതിന് പിന്നാലെ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പടര്‍ന്നിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തിയത്.

അക്‌സര്‍ പട്ടേലിന് പകരക്കാരനായി വാഷിങ്ടണ്‍ സുന്ദറിനെയാണ് ഇന്ത്യ ഉള്‍പ്പെടുത്തിയത്. ഓള്‍ റൗണ്ടറെന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സുന്ദര്‍ ഫൈനലില്‍ നിര്‍ണായകമാകുമെന്നാണ് എല്ലാവരും കരുതിയത്.

എന്നാല്‍ ഫൈനലിനുള്ള പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ടതല്ലാതെ സുന്ദറിന് കാര്യമായി ഒരു റോളുമുണ്ടായിരുന്നില്ല. താന്‍ പന്തെടുക്കുന്നതിന് മുമ്പ് തന്നെ പേസര്‍മാര്‍ പത്ത് വിക്കറ്റും എറിഞ്ഞിട്ടിരുന്നു. ബാറ്റിങ്ങിലാണെങ്കില്‍ ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനും ചേര്‍ന്ന് 37 പന്തില്‍ തന്നെ കളിയവസാനിപ്പിക്കുകയും ചെയ്തിരുന്നു.

ഇതോടെ പല ട്രോളുകളും ഉയരുന്നുണ്ട്. വീട്ടിലിരുന്ന് ഏഷ്യാ കപ്പ് ഫൈനല്‍ കാണാനിരുന്നവനെ കൊളംബോയിലെത്തിച്ച് കളി നേരിട്ട് കാണിച്ചുകൊടുത്ത ബി.സി.സി.ഐയെയാണ് എല്ലാവരും ട്രോളുന്നത്.

എന്നാല്‍ വഷിങ്ടണ്‍ സുന്ദറിനേക്കാള്‍ നിര്‍ഭാഗ്യവാനായ മറ്റൊരു താരത്തെയും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്. പാക് പേസര്‍ ഷഹനവാസ് ദഹാനിയാണ് അങ്ങേയറ്റത്തെ നിര്‍ഭാഗ്യവാന്‍.

സ്റ്റാര്‍ പേസര്‍ നസീം ഷായ്ക്ക് പരിക്കേറ്റതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ദഹാനിയെ ടീമിലേക്ക് തിരിച്ചുവിളിച്ചത്. ശ്രീലങ്കക്കെതിരായ നിര്‍ണായക മത്സരത്തിനായാണ് ടീം ദഹാനിയെ സ്‌ക്വാഡിന്റെ ഭാഗമാക്കിയത്. എന്നാല്‍ ആ മത്സരത്തില്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടാന്‍ ദഹാനിക്ക് സാധിച്ചിരുന്നില്ല.

ശ്രീലങ്കക്കെതിരായ മത്സരത്തില്‍ പരാജപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന്റെ ഏഷ്യാ കപ്പ് മോഹങ്ങള്‍ അവസാനിക്കുകയും ടീം തിരികെ മടങ്ങുകയുമായിരുന്നു. തന്റെ ടീമിന്റെ തോല്‍വി നേരില്‍ കാണാന്‍ വേണ്ടി മാത്രം പാകിസ്ഥാനില്‍ നിന്നും കൊളംബോയിലേക്ക് വിമാനം കയറിയ ദഹാനിയുടെ നിര്‍ഭാഗ്യത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തത്.

ലോകകപ്പിന് മുമ്പ് നസീം ഷാ പൂര്‍ണ സജ്ജനാകുമെന്നതിനാല്‍ പാകിസ്ഥാന്റെ വേള്‍ഡ്കപ്പ് സ്‌ക്വാഡിലും ദഹാനി ഇടമുണ്ടായേക്കില്ല.

പാകിസ്ഥാന്‍ സാധ്യത സ്‌ക്വാഡ്:

ബാബര്‍ അസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, സല്‍മാന്‍ അലി ആഘ, ഇഫ്തിഖര്‍ അഹമ്മദ്, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ഹാരിസ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഒസാമ മിര്‍, ഹാരിസ് റൗഫ്, നസീം ഷാ, ഷഹീന്‍ അഫ്രിദി.

Content highlight: Trolls after Washington Sundar and Shahnawaz Dahani missed out on playing XI

We use cookies to give you the best possible experience. Learn more