ഏഷ്യാ കപ്പിന്റെ വേദികളുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു ഇത്രയും നാള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയമെങ്കില്‍ ടൂര്‍ണമെന്റിലെ ഗ്രൂപ്പുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. എ, ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകളാണ് ഏഷ്യന്‍ ക്രിക്കറ്റിന്റെ രാജാക്കന്‍മാരാകാന്‍ ഒരുങ്ങുന്നത്.
ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ശ്രീലങ്ക ഗ്രൂപ്പ് ബിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകള്‍.
എന്നത്തേയും പോലെ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ തന്നെയാണ്. എന്നാല്‍ ഇവര്‍ക്കൊപ്പമുള്ള മൂന്നാമന്‍മാര്‍ കാരണമാണ് സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ സജീവമാകുന്നത്. 2023 എ.സി.സി മെന്‍സ് പ്രീമിയര്‍ കപ്പ് വിജയിച്ചെത്തിയ നേപ്പാളാണ് ഗ്രൂപ്പിലെ മൂന്നാമത്തെ ടീം.
ഇതോടെ സോഷ്യല്‍ മീഡിയ സജീവമായിരിക്കുകയാണ്. ക്രിക്കറ്റ് ടൈറ്റന്‍സായ ഇന്ത്യക്കും പാകിസ്ഥാനുമൊപ്പം ഒരു ഗ്രൂപ്പില്‍ തന്നെ നേപ്പാള്‍ വന്നതാണ് ചര്‍ച്ചയാകുന്നത്. ഇതിപ്പോള്‍ സൂപ്പര്‍മാനും ബാറ്റ്മാനും ഇടയില്‍ പെട്ട ചോട്ടാ ഭീമിന്റെ അവസ്ഥയാണ് നേപ്പാളിന് വന്നതെന്നും നേപ്പാളിന്റെ കാര്യം കട്ടപ്പൊകയാകുമെന്നും ട്രോളുകള്‍ ഉയരുന്നുണ്ട്.
എന്നാല്‍ നേപ്പാളിനെ ഒരിക്കലും കുറച്ചുകാണരുതെന്നും ആരാധകര്‍ പറയുന്നുണ്ട്. നേപ്പാള്‍ എന്ന ക്രിക്കറ്റ് നേഷനും അവരുടെ ആരാധകരും ആര്‍ക്കും പകരം വെക്കാന്‍ സാധിക്കാത്തതാണെന്നും ഒരു കപ്പടിച്ച് യോഗ്യത തെളിയിച്ച ശേഷമാണ് അവര്‍ ടൂര്‍ണമെന്റിനിറങ്ങുന്നതെന്നും ആരാധകര്‍ പറയുന്നു.
ഇന്ത്യന്‍ ടീമിനെതിരെയും ട്രോളുകള്‍ ഉയരുന്നുണ്ട്. ഇത്തവണ ഇന്ത്യക്ക് തോല്‍പിക്കാനുള്ള കുഞ്ഞന്‍ ടീം എത്തിയെന്നാണ് പ്രധാനമായും ആരാധകര്‍ പറയുന്നത്. രോഹിത് ശര്‍മക്ക് മറ്റൊരു സെഞ്ച്വറി കൂടി നേടാനുള്ള അവസരമാണ് വന്നിരിക്കുന്നതെന്നും ഇന്ത്യന്‍ നായകന്‍ ട്രോളിക്കൊണ്ട് ആരാധകര്‍ പറയുന്നു.
ഏഷ്യാ കപ്പ് 2023 ഗ്രൂപ്പുകള്‍
ഗ്രൂപ്പ് എ
ഇന്ത്യ
നേപ്പാള്‍
പാകിസ്ഥാന്‍
ഗ്രൂപ്പ് ബി
അഫ്ഗാനിസ്ഥാന്‍
ബംഗ്ലാദേശ്
ശ്രീലങ്ക
ഏഷ്യാ കപ്പിന്റെ വേദിയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളായിരുന്നു നേരത്തെ വിവാദമായത്. ടൂര്‍ണമെന്റ് പാകിസ്ഥാനില്‍ വെച്ചാണ് നടക്കുന്നതെങ്കില്‍ ടീമിനെ അയക്കില്ല എന്ന് ബി.സി.സി.ഐ നിലപാട് എടുത്തതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. വിവാദങ്ങള്‍ കടുത്തതോടെ ടൂര്‍ണമെന്റ് ഹൈബ്രിഡ് ഫോര്‍മാറ്റിലേക്ക് മാറ്റാന്‍ എ.സി.സി തീരുമാനിക്കുകയായിരുന്നു.
ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെ നടക്കുന്ന ടൂര്‍ണമെന്റിലെ നാല് മത്സരങ്ങള്‍ക്ക് പാകിസ്ഥാനും ശേഷിക്കുന്ന ഒമ്പത് മത്സരങ്ങള്‍ക്ക് ശ്രീലങ്കയും വേദിയാകുമെന്നാണ് പത്രക്കുറിപ്പിലൂടെ എ.സി.സി അറിയിച്ചത്.
ഏഷ്യാ കപ്പ് ടൈംടേബിള്‍ 2023
ക്രിക്കറ്റ് ഇവന്റ് : ഏഷ്യാ കപ്പ്
കൗണ്‍സില്‍ : ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എ.സി.സി)
ആതിഥേയ രാജ്യങ്ങള്‍ : പാകിസ്ഥാന്‍, ശ്രീലങ്ക
ആകെ ടീമുകള്‍ : 6
ആകെ മത്സരങ്ങള്‍ : 13
ടീമുകള്‍ : അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക
ഉദ്ഘാടന മത്സരം : ആഗസ്റ്റ് 31
ഫൈനല്‍ മത്സരം : സെപ്റ്റംബര്‍ 17
ഏഷ്യാ കപ്പ് സ്ട്രീമിങ് പാര്‍ട്‌ണേഴ്‌സ് : ഹോട്‌സ്റ്റാര്‍, ജിയോ സിനിമാസ്, ആമസോണ്‍ പ്രൈം, സ്റ്റാര്‍ സ്‌പോര്‍ട്‌സ്
എ.സി.സി ഒഫീഷ്യല്‍ വെബ്‌സൈറ്റ് : asiancricket.org
Content Highlight: Trolls after ACC announced group for Asia Cup 2023