| Friday, 7th June 2024, 1:21 pm

'ഇതാരാ ഹാരിപോര്‍ട്ടറിലെ ആല്‍ബസല്ലേ' ഒ.ടി.ടി റിലീസിന് പിന്നാലെ ട്രോളന്മാരുടെ ഇരയായി വര്‍ഷങ്ങള്‍ക്ക് ശേഷം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്കു ശേഷം. ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, നിവിന്‍ പോളി, നീരജ് മാധവ് തുടങ്ങി വന്‍ താരനിര ഒന്നിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 80 കോടിയോളം കളക്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ചിത്രം ഒ.ടി.ടിയില്‍ റിലീസായി. സോണി ലിവിലൂടെയാണ് ചിത്രം ഇറങ്ങിയത്.

ഒ.ടി.ടിയിലെത്തിയതിന് പിന്നാലെ സിനിമ ട്രോള്‍ പേജുകളില്‍ നിറയുകയാണ്. ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ പ്രണവ് മോഹന്‍ലാലിന്റെ ഗെറ്റിപ്പിനെക്കുറിച്ചാണ് ഭൂരിഭാഗം ട്രോളുകളും. ഹാരി പോര്‍ട്ടര്‍ സിനിമയിലെ കഥാപാത്രങ്ങളിലൊരളായ ആല്‍ബസ് ഡംബ്ലിഡോറിനെപ്പോലെയുണ്ടെന്നും എന്നാല്‍ അതല്ല, റോങ് ടേണിലെ ഭീകരനെപ്പോലെയുണ്ടെന്നുമാണ് ട്രോളന്മാരുടെ അഭിപ്രായം. മ്യൂസിക് ഡയറക്ടറായി വരുന്ന സീനിലെ പെര്‍ഫോമന്‍സ് കണ്ട് ദേവദൂതനിലെ മോഹന്‍ലുമായി സര്‍ക്കാസം രൂപത്തില്‍ താരതമ്യം ചെയ്യുന്നവരുമുണ്ട്.

കല്യാണി പ്രിയദര്‍ശന്റെ സെക്കന്‍ഡ് ഇന്‍ട്രോയാണ് മറ്റൊരു ട്രോള്‍ വിഷയം. സ്വല്പം നര മാത്രം ഇട്ട് രണ്ടാം പകുതിയിലെത്തുന്ന കല്യാണിയുടെ കഥാപാത്രത്തിനെ കണ്ടാല്‍ ശരിക്കും വയസാസയതുപോലെയുണ്ടെന്നും ചിലര്‍ ട്രോളുന്നുണ്ട്. കല്യാണിക്ക് ചേരാത്ത ഡബ്ബിങ്ങിനെപ്പറ്റി തിയേറ്റര്‍ റിലീസിന്റെ സമയത്ത് തന്നെ വിമര്‍ശനങ്ങളുണ്ടായിരുന്നു.

എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ ട്രോള്‍ കിട്ടിയത് ബേസിലിന്റെ കഥാപാത്രത്തിനാണ്. സിനിമയിലെ സിനിമയായ ‘ജീവിതഗാഥകളേ’ തിയേറ്ററില്‍ കാണാന്‍ പോകുന്ന സമയത്ത് ഫോണില്‍ വീഡിയോ എടുക്കുന്നവനെ വഴക്ക് പറയുന്ന ബേസിലിന്റെ കഥാപാത്രം തൊട്ടടുത്ത സീനില്‍ സ്‌ക്രീനില്‍ നടക്കുന്ന കാര്യങ്ങള്‍ ധ്യാന്‍ ശ്രീനിവാസന് വേയിസ് മെസേജ് അയച്ച് പറയുന്ന സീന്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഓരോ അഞ്ച് മിനിറ്റ് കൂടുമ്പോഴും ‘ന്യാപകം’ എന്ന പാട്ട് വരുന്നത് കല്ലുകടിയായെന്നും പലരും പറയുന്നുണ്ട്. പ്രണവിന്റെ കഥാപാത്രം ഡിപ്രഷനിലേക്ക് പോകുന്ന കാരണവും കാമ്പില്ലത്തതാണെന്ന് പലരും പറയുന്നുണ്ട്. തന്റെ പാട്ട് മറ്റൊരാള്‍ക്ക് കൊടുത്തിട്ട് അത് ഹിറ്റായപ്പോള്‍ തിരിച്ചു ചോദിക്കാന്‍ ചെല്ലുന്നത് കോമഡിയായെന്നാണ് പലരും പറയുന്നത്.

എത്രയൊക്കെ ട്രോളുകള്‍ വന്നാലും വിനീത് ശ്രീനിവാസന്റെ സിനിമകള്‍ തിയേറ്ററില്‍ നിന്ന് കാണുമ്പോള്‍ പ്രത്യേക മാജിക് ലഭിക്കുന്നുണ്ടെന്നും ആ സമയത്ത് ഇത്തരം കാര്യങ്ങള്‍ ചിന്തിക്കാന്‍ പറ്റില്ലെന്നുമാണ് വിനീതിന്റെ ആരാധകര്‍ പറയുന്നത്. വിനീതിന്റെ മുന്‍ ചിത്രമായ ഹൃദയവും ഒ.ടി.ടി റിലീസിന് ശേഷം ഇത്തരത്തില്‍ വിമര്‍ശനം നേരിട്ടിരുന്നു.

Content Highlight: Trolls about Varshangalkku Sesham after its OTT release

We use cookies to give you the best possible experience. Learn more