ഹൈറേഞ്ച് സ്റ്റാര്‍, അറ്റാക്ക് സ്റ്റാര്‍, മൂക്കാമണ്ട സ്റ്റാര്‍, എന്തിനേറെ കോഴി സ്റ്റാര്‍ വരെ; മലയാളത്തിലെ ടൈപ് കാസ്റ്റിങ്ങിനെ ട്രോളി സോഷ്യല്‍ മീഡിയ
Entertainment news
ഹൈറേഞ്ച് സ്റ്റാര്‍, അറ്റാക്ക് സ്റ്റാര്‍, മൂക്കാമണ്ട സ്റ്റാര്‍, എന്തിനേറെ കോഴി സ്റ്റാര്‍ വരെ; മലയാളത്തിലെ ടൈപ് കാസ്റ്റിങ്ങിനെ ട്രോളി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th March 2023, 8:10 pm

മലയാളത്തിലെ നടന്മാരുടെ ടൈപ് കാസ്റ്റിങ്ങിനെതിരെ രസകരമായി ട്രോളുകള്‍ വന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. അവര്‍ സ്ഥിരമായി ചെയ്യുന്ന കഥാപാത്രങ്ങളോടൊപ്പം സ്റ്റാര്‍ എന്ന് ചേര്‍ത്താണ് ട്രോളുകള്‍ വരുന്നത്. ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ്, അലന്‍സിയര്‍ തുടങ്ങി നിരവധി താരങ്ങളാണ് ഇന്ന് ട്രോളുകളില്‍ തിളങ്ങുന്നത്.

സ്ഥിരമായി സിനിമകളില്‍ ഹൈറേഞ്ച്കാരനായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജാഫര്‍ ഇടുക്കിയെ ‘ഹൈറേഞ്ച് സ്റ്റാര്‍’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. നിരവധി സിനിമകളില്‍ താരം ഇടുക്കികാരനായിട്ട് വേഷമിട്ടിട്ടുണ്ട്. അതോടൊപ്പം പല സിനിമകളിലും കടത്തില്‍പെട്ട് നട്ടം തിരിയുന്ന കഥാപാത്രമായി അഭിനയിക്കുന്ന സൈജു കുറിപ്പിനെ ‘കടക്കെണി സ്റ്റാര്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്.

അലന്‍സിയറിനെ ആസ്ഥാന ‘കട്ടില്‍ സ്റ്റാര്‍’ അഥവാ ‘ശരശയ്യ സ്റ്റാര്‍’ എന്നാണ് വിളിക്കുന്നത്. താരം അഭിനയിച്ചിരിക്കുന്ന പല സിനിമകളിലും അത്തരത്തില്‍ ശാരീരിക പ്രശ്‌നങ്ങള്‍ മൂലം കട്ടിലില്‍ നിന്ന് എണീക്കാന്‍ വയ്യാത്ത ആളായിട്ടാണ് അഭിനയിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തെ ട്രോളുകളില്‍ ഇങ്ങനെ വിശേഷിപ്പിക്കുന്നത്.

ഇതിന് പുറമെ നിരവധി താരങ്ങളെ ഇത്തരത്തില്‍ സ്റ്റാര്‍ ചേര്‍ത്ത് വിളിക്കുന്നുണ്ട്. പല സിനിമകളിലും പൂവാലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച മുകേഷിനെ ‘കോഴി സ്റ്റാര്‍’, കവിയൂര്‍ പൊന്നമ്മയെ ‘അമ്മ സ്റ്റാര്‍’, നടന്‍ മധുവിനെ ‘അറ്റാക്ക് സ്റ്റാര്‍’, പ്രജോദിനെ ‘കല്യാണചെക്കന്‍ സ്റ്റാര്‍’ എന്നിങ്ങനെയൊക്കെയാണ് ട്രോള്‍ പേജുകളിലും മറ്റുമായി വിശേഷിപ്പിക്കുന്നത്.

നടി ചിപ്പിയെ ‘പൊങ്കാല സ്റ്റാര്‍’, ശങ്കരാടിയെ ‘അമ്മാവന്‍ സ്റ്റാര്‍’, വിജയകുമാറിനെ ‘ചതിയന്‍ സ്റ്റാര്‍’, ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനെ ‘മുക്കാമാണ്ട സ്റ്റാര്‍’ എന്നിങ്ങനെ പല താരങ്ങളും പല പേരുകളിലാണ് അറിയപ്പെടുന്നത്.

ഈ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നുണ്ട്. പല ട്രോള്‍ പേജുകളിലും മറ്റും ഇത് ചര്‍ച്ചയാവുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ മറ്റ് ടൈപ്പ് കാസ്റ്റിങ് കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

content highlight: trolls about typecasting in malayalam cinema