| Monday, 12th June 2023, 7:13 pm

'അമേരിക്കയില്‍ മുഖ്യമന്ത്രി ഇരുന്ന കസേര'; ട്രോളിയും തിരുത്തിയും സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോക കേരള സഭയുടെ ഭാഗമായി ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുന്ന കസേരയെച്ചൊല്ലി വിവാദം. നാട്ടില്‍ കല്യാണത്തിനും മറ്റും ഉപയോഗിക്കുന്ന വിലകുറഞ്ഞ കസേരയിലാണ് മുഖ്യമന്ത്രി ഇരുന്നതെന്നാണ് ചിലര്‍ ട്രോളുന്നത്.

അമേരിക്കന്‍ ലോക കേരളസഭ സംഘാടകര്‍ മുഖ്യമന്ത്രിക്ക് ഒരു നല്ല കസേര ഏര്‍പ്പാടാക്കാന്‍ പറ്റാത്തത് കഷ്ടമായി എന്ന് തുടങ്ങി, 80കളില്‍ കേരളത്തില്‍ കല്യാണത്തിന് സജീവമായിരുന്ന ഇരുമ്പ് കസേരയാണിതെന്നും
90കളുടെ അവസാനം കേരളത്തില്‍ നിന്ന് ഇത് അന്യംനിന്ന് പോയെന്നും കമന്റുകള്‍ പറയുന്നു.

മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും കോണ്‍ഗ്രസ് നേതാവുമായ ആര്‍. ബിന്ദു കൃഷ്ണയും സംഭവത്തില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു കസേരയുടെ ചത്രം പങ്കുവെച്ച് ‘അമേരിക്കയാണത്രേ… അമേരിക്ക’ എന്ന ചിത്രമാണ് ബിന്ദു കൃഷ്ണ പങ്കുവെച്ചത്.

എന്നാല്‍ അമേരിക്കയില്‍ ഇതൊരു മോശം കസേരയല്ലെന്നാണ് ട്രോളുകളെ പ്രതിരോധിക്കുന്നവരുടെ വാദം. അമേരിക്കയിലെ വലിയ പരിപാടിയില്‍ പ്രമുഖര്‍ ഇത്തരത്തിലുള്ള കസേരയിലാണ് ഇരിക്കാറുള്ളതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ, ജോര്‍ജ് ബുഷ് അടക്കമുള്ളവര്‍ ഇത്തരത്തിലുള്ള കസേരയില്‍ ഇരിക്കുന്ന ചിത്രവും ഇതിനോടൊപ്പം ഇവര്‍ പങ്കുവെക്കുന്നുണ്ട്.

അതേസമയം, മലയാളികള്‍ ലോകത്തെല്ലായിടത്തും വ്യാപിച്ചുകിടക്കുകയാണെന്നും വിശ്വകേരളമായി മാറിയ അവസ്ഥയാണുണ്ടാകുന്നതെന്നും ടെം സ്‌ക്വയറില്‍ നടന്ന പൊതുസമ്മേളനത്തില്‍ അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വലിയ പിന്തുണയാണ് ലഭിച്ചത്. നിരവധി മലയാളികളാണ് മുഖ്യമന്ത്രിയെ കേള്‍ക്കാന്‍ ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

Content Highlight: Trolling and editing social media ‘Chair where the Chief Minister sat in America

We use cookies to give you the best possible experience. Learn more