കഴിഞ്ഞ ദിവസമാണ് ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എ.സ്.യു.വി ഥാര്‍ നടയ്ക്കല്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷനാണിത്. ലിമിറ്റഡ് എഡിഷനും. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡാണ് വാഹനം ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് നല്‍കിയത്.വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ള വണ്ടിയാണിത്.
എന്നാല്‍ ഗുരുവായൂരപ്പന് കാണിക്കയായി ഥാര്‍ ലഭിച്ചതോടെ ട്രോളന്മാര്‍ക്ക് ചാകരയാണ് കിട്ടിയിരിക്കുന്നത്. ഗുരുവായൂരപ്പനേയും ഥാറിനേയും വെച്ച് ട്രോള്‍ പൂരമാണ് സമൂഹമാധ്യമങ്ങളില്‍. ട്രോള്‍ കാരണം ഥാര്‍ മുതലാളിക്ക് നല്ല പരസ്യം കിട്ടിയെന്നും ട്രോളുണ്ട്.
മറ്റ് ദൈവങ്ങള്‍ കൃഷ്ണന്റെ വണ്ടി കണ്ട് അസൂയപ്പെടുന്നതും ഇനി മുതല്‍ പെട്രോള്‍ വില കുറക്കാനുള്ള സമരത്തില്‍ കൃഷ്ണനുമുണ്ടെന്നുമൊക്കെയാണ് ചില ട്രോളുകള്‍. നന്ദനത്തിന്റെ ക്ലൈമാക്‌സ് വെച്ചും ട്രോള്‍ വന്നിട്ടുണ്ട്. തിരിഞ്ഞു നോക്കുന്ന നവ്യാ നായര്‍ കാണുന്നത് ഥാറിന് മേലെ ഇരിക്കുന്ന കൃഷ്ണനെയാണ്.
ഗുരുവായൂര്‍ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബല്‍ പ്രോഡക്ട് ഡവലപ്‌മെന്റ് ആര്‍. വേലുസ്വാമിയാണ് കൈമാറിയത്.
ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി വിനയന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയര്‍മാന്‍ ജോസ് സാംസണ്‍, കേരള കസ്റ്റമര്‍ കെയര്‍ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയ സെയില്‍സ് മാനേജര്‍ ജഗന്‍കുമാര്‍ ഡി.എച്ച്, ക്ഷേത്രം ഡി.എ പി. മനോജ് കുമാര്‍, ക്ഷേത്രം മാനേജര്‍ എ.കെ രാധാകൃഷ്ണന്‍, അസിസ്റ്റന്റ് മാനേജര്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.