| Wednesday, 8th February 2023, 5:13 pm

സിം​ഗിൾസിന്റെ വിഷമം മനസിലാക്കിയ സംഘപുത്രർക്ക് ജയ് വിളിച്ച് ഒരുപക്ഷം; ഹ​ഗ് ചെയ്യാനാണ് വരുന്നതെന്ന് പശുവിനെ എങ്ങനെ പറഞ്ഞ് മനസിലാക്കുമെന്ന് മറുപക്ഷം; ചർച്ചയായി കൗ ഹ​ഗ് ഡേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രണയദിനം പശു ആലിം​ഗന ദിവസമായി ആചരിക്കണമെന്ന കേന്ദ്ര മൃ​ഗസംരക്ഷണ വകുപ്പിന്റെ ഉത്തരവിന് പിന്നാലെ ട്രോളുകളുടെ പെരുമഴ. രസകരമായ രീതിയിലാണ് കേന്ദ്ര സർക്കാരിന്റെ പശു ആലിം​ഗന പദ്ധതിക്കെതിരെ നെറ്റിസൻസ് രം​ഗത്തെത്തിയിരിക്കുന്നത്.

ബാക്കിയെല്ലാം പോട്ടെ, ​കെട്ടിപ്പിടിക്കാനാണ് വരുന്നതെന്ന് പശുവിനെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം. ഇന്നിപ്പോൾ കെട്ടിപ്പിടിക്കാൻ പറഞ്ഞു, നാളെ ഇനി പശുവിനെ കല്യാണം കഴിക്കാൻ പറയില്ലെന്ന് ആരു കണ്ടു എന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നുണ്ട്.

പ്രണയദിനത്തിൽ സിം​ഗിൾ ആയവരുടെ വിഷമം മനസിലാക്കാൻ മോദി സർക്കാരിനായല്ലോ എന്ന് നെടുവീർപ്പിടുന്നവരും കുറവല്ല. വരും ദിവസങ്ങളിൽ ​ഗൂ​ഗിൾ സെർച്ചിൽ കൂടുതൽ വരുന്നത് ചവിട്ടാത്ത പശുവിനെ എങ്ങനെ കണ്ടുപിടിക്കാം എന്നായിരിക്കുമെന്നും ചിലർ കൂട്ടിച്ചേർക്കുന്നു.

കെട്ടിപ്പിടിക്കാനുള്ള പശുവിനെ നമ്മൾ കണ്ടുപിടിക്കണോ അതോ അവർ കാണിച്ചുതരുമോ തുടങ്ങിയ ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ കാര്യമായി പുരോ​ഗമിക്കുന്നുണ്ട്.

ഈ സങ്കടം മാറ്റാൻ പൊറോട്ടയും ബീഫും വേണമെന്ന് പറയുന്ന വിരുതന്മാരെയും സോഷ്യൽ മീഡിയയിൽ കാണാം. കേന്ദ്ര സർക്കാരിന്റെ നടപടി തികച്ചും വിവേചനപരമാണെന്നും, പട്ടിയേയും പൂച്ചയേയും കുരങ്ങനേയും ആനയേയും ഒഴിവാക്കിയത് ശരിയായില്ലെന്നുമാണ് സോഷ്യൽ മീഡിയ വാളുകളിൽ നിറയുന്ന മറ്റൊരു കമന്റ്. ഹ​ഗ് മാത്രം മതിയോ, ബൈക്കിലൊക്കെ കയറ്റി കറങ്ങിയാൽ പ്രശ്നമുണ്ടോ എന്ന് ചോദിക്കുന്നവരേയും സമൂഹമാധ്യമങ്ങളിൽ കാണാം.

അതേസമയം ബജറ്റിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ തന്ത്രമാണിതെന്നും ഒരു വിഭാ​ഗം ചൂണ്ടിക്കാണിക്കുന്നു. ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകൾ തീർത്തതുകൊണ്ട് മനുഷ്യർക്ക് തമ്മിൽ കെട്ടിപ്പിടിക്കാൻ ഇന്ത്യയിൽ കഴിയാതെയായെന്നും ഇതിന് ബദൽ മാർ​ഗമാണ് പശുവെന്നും നെറ്റിസെൻസ് പറയുന്നു.

കൗ ഹ​ഗ് ഡേയെ ആദരിക്കുന്നവരും ഇവരോടൊപ്പം ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്. ഭക്തർക്ക് ഇതിലും മനോഹരമായ എന്ത് സമ്മാനമാണ് കേന്ദ്ര സർക്കാരിന് തരാനാകുകയെന്നാണ് ഇക്കൂട്ടരുടെ നിലപാട്.

പശു അമ്മയാണെന്നും പശുവിനെ ആലിം​ഗനം ചെയ്യുന്നത് വഴി ജീവിതത്തിൽ സന്തോഷം വന്നുചേരുമെന്നും കേന്ദ്ര മൃ​ഗസംരക്ഷ ബോർഡ് പുറത്തുവിട്ട ഉത്തരവിൽ പറയുന്നുണ്ട്.

രാജ്യത്തിന്റെ സംസ്കാരത്തിന്റേയും സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണ് പശു. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിലെത്തിച്ചു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തേയും മറക്കാൻ ഇടയാക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമാണെന്നും ബോർഡ് പറയുന്നു.

Content Highlight: Troll in Social media as center asks people to celebrate cow hug day instead of valentins day

We use cookies to give you the best possible experience. Learn more