‘നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെയാണല്ലോ നിന്റെ വിധി’എന്ന സിനിമ ഡയലോഗ് ട്രോള്‍ രൂപത്തില്‍ പങ്കുവെച്ച് നടന്‍ ഷമ്മി തിലകന്‍. ‘അപ്പോളും പറഞ്ഞില്ലേ പോരെണ്ടാ പോരെണ്ടാന്ന്’എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റ് പങ്കുവെച്ചത്. ട്രോള്‍ ഇടവേള ബാവുവിനെ ഉദ്ദേശിച്ചല്ലേ എന്നാണ് ആരാധകരുടെ ചോദ്യം.
ഇടവേള ബാബുവിനെ ട്രോളി നിവധിയാളുകളാണ് കമന്റ് ബോക്‌സില്‍ വന്നിരിക്കുന്നത്. അഭിനന്ദ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമക്കെതിരെ ഇടവേള ബാബു ഉയര്‍ത്തിയ വിമര്‍ശനമാണ് ഈ ട്രോളുകളുടെ അടിസ്ഥാനം.
മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമ കണ്ടിരുന്നു എന്നും സിനിമ മുഴുവനും നെഗറ്റീവാണെന്നും എങ്ങനെയാണ് സിനിമ ഇവിടെ ഓടിയത് എന്നുമൊക്കെയാണ് ഇടവേള ബാബു ചോദിച്ചത്. എങ്ങനെയാണ് സിനിമക്ക് സെന്‍സറിങ് കിട്ടിയതെന്ന് തനിക്കറിയില്ലെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഷമ്മി തിലകന്റെ സര്‍ക്കാസ്റ്റിക് പോസ്റ്റും ചര്‍ച്ചയാകുന്നത്. താരം പങ്കുവെച്ച പോസ്റ്റിനെ അനുകൂലിച്ചും ഇടവേള ബാബുവിനെ പരിഹസിച്ചും നിരവധി പേരാണ് കമന്റ് ബോക്‌സില്‍ വന്നുകൊണ്ടിരിക്കുന്നത്. സിനിമക്ക് ബാബു ചേട്ടന്റെ സര്‍ട്ടിഫിക്കര്‌റ് കിട്ടിയോ തുടങ്ങിയ ചോദ്യങ്ങളുമായിട്ടാണ് സിനിമാ പ്രേമികള്‍ എത്തിയിരിക്കുന്നത്.
ആയിരക്കണക്കിന് പോസിറ്റീവ് വേഷങ്ങള്‍ അവതരിപ്പിച്ച് മലയാളികള്‍ക്ക് പോസിറ്റിവിറ്റി വാരിക്കോരി കൊടുത്ത ഒരു മനുഷ്യനെ ഇടവേളകളില്ലാതെ ഇങ്ങനെ അപമാനിക്കരുത്, നല്ല കഥാപാത്രത്തിന് വേണ്ടി ഒരായുഷ്‌ക്കാലം മുഴുവന്‍ കാത്തിരിക്കുന്ന മഹാപ്രതിഭയെ ഇങ്ങനെയൊന്നും പറയാന്‍ പാടില്ല ബലരാമേട്ടാ, ഷമ്മിയേട്ടന്‍ അവനോട് പോരടിച്ചും അവനെ ട്രോളിയും താങ്കളുടെ വിലപ്പെട്ട ബുദ്ധിയും സമയവും പാഴക്കേണ്ടതില്ല, പേരിനോട് 100 % നീതി പുലര്‍ത്തുന്ന മറ്റൊരു നടനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.എല്ലാവരുടെയും ശ്രദ്ധക്ക് ഇടവേളയ്ക്ക് ശേഷം സിനിമ ഉണ്ടാകുന്നതല്ല. തുടങ്ങിയ കമന്റുകളാണ് ഇടവേള ബാബുവിനെതിരെ വന്നുകൊണ്ടിരിക്കുന്നത്.
മോഹന്ലാലിന്റെ മോണ്സ്റ്റര് പോലുള്ള ചിത്രങ്ങളിലെ നെഗറ്റീവ് ഡയലോഗുകളൊന്നും ഇടവേള ബാബു കാണുന്നില്ലേയെന്നാണ് ചിലരുടെ ചോദ്യം. ചുരുളിയിലെ തങ്കന് ചേട്ടനെയൊന്നും ബാബു കണ്ടില്ലേയെന്ന് ചോദിക്കുന്നവരും ഉണ്ട്. ഇനി മുതല് ബാബൂസ് സെന്സര് ബോര്ഡും ഉണ്ടാവുമോ തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്. ഇതിനൊപ്പം ഇത്തരമൊരു പോസ്റ്റ് ഷെയര് ചെയ്ത ഷമ്മി തിലകനെ അഭിനന്ദിച്ചും കമന്റുകള് വരുന്നുണ്ട്. ഷമ്മി ഹീറോയാടാ ഹീറോ എന്ന സിനിമാ ഡയലോഗാണ് അക്കൂട്ടത്തില് പ്രധാനപ്പെട്ടത്.
‘മുകുന്ദന്‍ ഉണ്ണി എന്നൊരു സിനിമ ഇവിടെയിറങ്ങി. അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ല. കാരണം മുഴുനീള നെഗറ്റീവാണ് ഈ സിനിമ. ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ലെന്ന് പറഞ്ഞാണ് സിനിമ തുടങ്ങുന്നത്. ക്ലൈമാക്‌സിലെ ഡയലോഗ് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. അത്രയും മോശമായ ഭാഷയാണ് നായിക ഉപയോഗിക്കുന്നത്,’ എന്നൊക്കെയാണ് സിനിമയെ കുറിച്ച് ഇടവേള ബാബു പറഞ്ഞത്.
content highlight: troll by shammi thilakan