| Tuesday, 9th March 2021, 3:45 pm

സിന്ധ്യയെകുറിച്ച് വിലപിക്കുന്നത് നിര്‍ത്തി ആ സച്ചിന്‍ പൈലറ്റിനെ പറ്റി ഒന്ന് ആലോചിക്കൂ; രാഹുലിന് ട്വിറ്ററില്‍ ട്രോള്‍മഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ തുടര്‍ന്നിരുന്നെങ്കില്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മുഖ്യമന്ത്രിയാകാന്‍ കഴിയുമായിരുന്നെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ ട്രോളി സോഷ്യല്‍ മീഡിയ. ബി.ജെ.പിയിലേക്ക് പോയ സിന്ധ്യയെ കുറിച്ച് വിലപിക്കാതെ സച്ചിന്‍ പൈലറ്റിനെ പറ്റി ആലോചിക്കൂ എന്ന വിമര്‍ശനമുയരുകയാണ് രാഹുലിനെതിരെ.

‘സിന്ധ്യയെ മറന്നേക്കു. കോണ്‍ഗ്രസില്‍ ഇപ്പോഴുമുള്ള സച്ചിന്‍ പൈലറ്റിനെ ഇനിയെങ്കിലും തിരിച്ചറിയൂ’, എന്നായിരുന്നു ഒരാള്‍ ട്വിറ്ററില്‍ കമന്റ് ചെയ്തത്.

‘രാഹുല്‍ ഗാന്ധി സച്ചിന്‍ പൈലറ്റിനെ എന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയായി പരിഗണിക്കുക. സിന്ധ്യയെ ബി.ജെ.പിയിലെ ബാക്ക് ബെഞ്ചര്‍ ആക്കിയപോലെ പൈലറ്റിനെയും ബാക്ക് ബെഞ്ചിലേക്ക് തള്ളുകയാണോ?,’ എന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിനിടെയായിരുന്നു കോണ്‍ഗ്രസ് വിട്ട സിന്ധ്യയ്‌ക്കെതിരെ രാഹുല്‍ രൂക്ഷവിമര്‍ശനം നടത്തിയത്. ഇപ്പോള്‍ ബി.ജെ.പിയിലെ ബാക്ക് സീറ്റിലാണ് സിന്ധ്യയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ നിര്‍ണായക സ്ഥാനമായിരുന്നു സിന്ധ്യയ്ക്കുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു

‘ബി.ജെ.പിയില്‍ അദ്ദേഹം പിന്‍സീറ്റിലാണ് ഇരിക്കുന്നത്. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ നമുക്കൊപ്പവും’, രാഹുല്‍ പറഞ്ഞിരുന്നു. അവസരങ്ങളുടെ കടലാണ് കോണ്‍ഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരേയും കോണ്‍ഗ്രസില്‍ ചേരുന്നതില്‍ നിന്ന് തടയില്ലെന്നും എന്നാല്‍ പാര്‍ട്ടി വിട്ട് പോകുന്നവരെ നിര്‍ബന്ധിപ്പിച്ച് നിലനിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തകരുമായി ചേര്‍ന്ന് സംഘടനയെ ശക്തിപ്പെടുത്താനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസില്‍ സിന്ധ്യയ്ക്ക് ഉണ്ടായിരുന്നു. ഒരു ദിവസം നിങ്ങള്‍ മുഖ്യമന്ത്രിയാകുമെന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം മറ്റൊരു വഴിയാണ് തെരഞ്ഞെടുത്തത്-രാഹുല്‍ പറഞ്ഞു.

‘എഴുതി വെച്ചുകൊള്ളൂ, സിന്ധ്യ അവിടെനിന്ന് ഒരിക്കലും മുഖ്യമന്ത്രിയാകാന്‍ പോകുന്നില്ല. അതിന് അദ്ദേഹം കോണ്‍ഗ്രസിലേക്ക് തിരികെ വരണം’, രാഹുല്‍ പറഞ്ഞു.

രാഹുലിന്റെ പ്രസ്താവന വിവാദമായതോടെ മറുപടിയുമായി സിന്ധ്യയും രംഗത്തെത്തിയിരുന്നു. താന്‍ കോണ്‍ഗ്രസിലുണ്ടായിരുന്ന സമയത്ത് ഇതേ ആശങ്ക രാഹുല്‍ പ്രകടിപ്പിച്ചിരുന്നെങ്കില്‍ സ്ഥിതി മാറിയേനെ എന്നായിരുന്നു സിന്ധ്യ പറഞ്ഞത്.

2020 മാര്‍ച്ചിലാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. 22 എം.എല്‍.എമാരും സിന്ധ്യയ്ക്കൊപ്പം പാര്‍ട്ടി വിട്ടിരുന്നു. ഇതോടെ മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Troll Aganist Rahul Gandhi On His Back bencher Comments

We use cookies to give you the best possible experience. Learn more