|

ഓളെ മെലഡിയെ കൊന്നു; നെറ്റ്ഫ്‌ളിക്‌സിലെ തെലുങ്ക് വേര്‍ഷന് ട്രോളോട് ട്രോള്; വീഡിയോ വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത തല്ലുമാലയിലെ ഓളെ മെലഡി പാട്ടിന്റെ വീഡിയോ ക്ലിപ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്റെ പാട്ടാണ് പ്രചരിക്കുന്നത്. യഥാര്‍ത്ഥ പാട്ടിന്റെ ഭംഗി കളഞ്ഞുകുളിച്ചുവെന്ന് മാത്രമല്ല,  വൃത്തികേടാക്കിയെന്നുമാണ് പാട്ടിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. പാട്ടിലെ വരികളെല്ലാം മാറ്റിയ വേര്‍ഷനില്‍ ഓളെ മെലഡി എന്ന ഭാഗം മാത്രം ഒറിജിനല്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാട്ടിന്‍റെ ഈണവും പിച്ചും ഒക്കെ മാറിയാണ് പാട്ടില്‍ കേള്‍ക്കുന്നത്.

സെപ്റ്റംബര്‍ 11നാണ് തല്ലുമാല നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. പിന്നാലെ തല്ലുമാലയുടെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയ ഇംഗ്ലീഷ് സബ്ടൈറ്റിലല്ല നെറ്റ്ഫ്‌ളിക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സബ്ടൈറ്റില്‍സ് ആര്‍ട്ടിസ്റ്റുകളുടെ കൂട്ടായ്മയായ ഫില്‍ ഇന്‍ ദി ബ്ലാങ്ക്സ് രംഗത്ത് വന്നിരുന്നു.

നെറ്റ്ഫ്‌ളിക്‌സ് നിലവില്‍ കാണിക്കുന്ന സബ് ടൈറ്റിലില്‍ സിനിമയില്‍ പറയാന്‍ ഉദ്ദേശിക്കുന്ന പ്രാദേശിക സര്‍ഗാത്മക ഭാഷയിലെ സംഭാഷണങ്ങളെ ബാധിച്ചെന്നും ഫില്‍ ഇന്‍ ദി ബ്ലാങ്ക്സ് പ്രസ്താവനയില്‍ പറയുന്നു.

സബ്‌ടൈറ്റില്‍ ആര്‍ട്ടിസ്റ്റ്/സിനിമയുടെ രചയിതാവ്/സംവിധായകന്‍ എന്നിവരുടെ സമ്മതമില്ലാതെ സബ്‌ടൈറ്റിലുകള്‍ എഡിറ്റ് ചെയ്ത നെറ്റ്ഫ്ളിക്സിന്റെ നടപടി അന്യായവും അനീതിയുമാണെന്നും ഫില്‍ ഇന്‍ ദി ബ്ലാങ്ക്സ് അറിയിച്ചു.

പ്രത്യേകിച്ച് സിനിമയിലെ പാട്ടുകള്‍. നിലവിലെ സബ്ടൈറ്റിലുകള്‍ പാട്ടുകളെ വാക്കുകളുടെ മാത്രം അര്‍ത്ഥത്തിലേക്ക് കുറക്കുന്നുണ്ട്. സബ്ടൈറ്റില്‍ ഒരു സര്‍ഗാത്മക സൃഷ്ടിയായതിനാല്‍ ഭാഷയുടെ സംസ്‌കാരം, നര്‍മ്മം, അര്‍ത്ഥം, പ്രാദേശിക സൂക്ഷ്മതകള്‍ എന്നിവ പരിഗണിക്കണമെന്നും ഫില്‍ ഇന്‍ ദി ബ്ലാങ്ക്സ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ തിരക്കഥാകൃത്ത് മുഹ്സിന്‍ പരാരിയും ഈ പ്രസ്താവന അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചിരുന്നു.

ഓഗസ്റ്റ് 12നാണ് തല്ലുമാല തിയേറ്ററുകളില്‍ എത്തിയത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് രചന.

മണവാളന്‍ വസീമായി ടൊവിനോ എത്തിയ ചിത്രത്തില്‍ ബീപാത്തു എന്ന വ്ളോഗറെയാണ് കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ചത്. ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, ലുക്മാന്‍, ഓസ്റ്റിന്‍, അദ്രി ജോയ്, ജോണി ആന്റണി, ബിനു പപ്പു, ഗോകുലന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: troll against the telungu version thallumaala movie song ole melody song