ബംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പോകുന്നതിന് മുമ്പ് ഗോ പൂജ നടത്തിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശ്രീരാമലുവിനെ ട്രോളി സോഷ്യല്‍ മീഡിയ. പകരം കിട്ടും ചാണകം എന്നു പറഞ്ഞാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.
ശ്രീരാമലു പശുവിനെ പൂജിക്കുന്ന ചിത്രത്തിനു താഴെ സ്‌മൈലികളിട്ടും അദ്ദേഹത്തെ ചിലര്‍ കളിയാക്കുന്നുണ്ട്. പൂജിക്കുന്നതിന് മുമ്പ് അതിനെന്തെങ്കിലും തിന്നാല്‍ കൊടുക്കൂവെന്നാണ് ഒരു പ്രതികരണം.
” ഗോമാതയ്ക്ക് എന്തെങ്കിലും കഴിക്കാന്‍ കൊടുക്കൂ, അവള്‍ക്ക് ഭക്ഷണം ആവശ്യമുണ്ട്. എല്ലുകള്‍ ഉന്തി നില്‍ക്കുന്നത് നോക്കൂ. പൂജ പിന്നെ ചെയ്യാം. അവള്‍ക്ക് അല്പം സ്‌നേഹവും പരിചരണവും കൊടുക്കൂ. അതിനെക്കെ അപ്പുറം അല്പം ഭക്ഷണവും” എന്നാണ് പ്രതികരണം.
“ഗോമാത സഹായിക്കുമായിരിക്കും” എന്നാണ് മറ്റൊരാളുടെ പരിഹാസം.
അതേസമയം ഗൗരവമായ ചില നിരീക്ഷണങ്ങളും ചിലര്‍ പങ്കുവെക്കുന്നുണ്ട്. ഒരു വിഭാഗത്തെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് ഈ ഗോപൂജയും ചിത്രം പങ്കുവെക്കലുമെല്ലാമെന്നാണ് ഇവരുടെ വാദം. ” സമൂഹത്തിലെ ചില വിഭാഗങ്ങളെ പ്രീണിപ്പിക്കാനല്ലേ ഈ ഫോട്ടോ? എന്തായാലും കര്‍ണാടക ജനത ബുദ്ധിപരമായി വോട്ടു രേഖപ്പെടുത്തും.” എന്നാണ് ഒരു നിരീക്ഷണം.
” ബംഗളുരുവിലെ ജനങ്ങളേ, നിങ്ങള്‍ വോട്ടു ചെയ്യാന്‍ പോകുകയാണെങ്കില്‍ ഇതുപോലുള്ള പൂജയും ആരാധനയുമൊന്നും സംസ്ഥാനത്തിന്റെ വികസനത്തെ സഹായിക്കില്ലെന്ന് മനസില്‍ വെച്ചോളൂ.” എന്നാണ് മറ്റൊരു പ്രതികരണം.
ബദാമി മണ്ഡലത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ എതിര്‍സ്ഥാനാര്‍ത്ഥിയാണ് ശ്രീരാമലു. ശ്രീരാമലു സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസിന് കൈക്കൂലി നല്‍കാന്‍ പദ്ധതിയിടുന്ന വീഡിയോ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. 2010ലെ സംഭവങ്ങള്‍ എന്നു പറഞ്ഞായിരുന്നു വീഡിയോ പുറത്തുവിട്ടത്. ഖനികേസിലെ വിധി അനുകൂലമാക്കാന്‍ ഖനി രാജാവ് ജി ജനാര്‍ദ്ദന റെഡ്ഡിയും ശ്രീരാമലുവും ചീഫ് ജസ്റ്റിസിന്റെ ബന്ധുവിന് കൈക്കൂലി നല്‍കാന്‍ ആലോചിക്കുന്നതിന്റെ വീഡിയോയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.