മതസൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ഫ് എക്സല്‍ പരസ്യത്തിനെതിരെ സൈബര്‍ ആക്രമണവുമായി വന്ന സംഘപരിവാറിനെ ട്രോളി സോഷ്യല്‍ മീഡിയ. ഫെബ്രുവരി 27 ന് പുറത്തു വന്ന പരസ്യം സംഘപരിവാര്‍ ആക്രമണവും ബഹിഷ്‌ക്കരണവും വ്യാപകമായതോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
പരസ്യത്തിനെതിരെ തിരിഞ്ഞ സംഘപരിവാറിനെതിരെ ആദ്യമെത്തിയത് മലയാളികളാണ്. ഇതോടെയാണ് പത്തു ദിവസം മുമ്പ് പുറത്തിറങ്ങിയ പരസ്യം രാജ്യ വ്യാപക ശ്രദ്ധനേടിയത്.
ഇപ്പോള്‍ സര്‍ഫ് എക്‌സല്‍ പരസ്യത്തിന് വന്‍ സ്വീകാര്യതയും വര്‍ഗീയത പ്രചരിപ്പിച്ചവര്‍ക്ക് ട്രോളുമാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. സര്‍ഫ് എക്‌സലിന്റെ ഫേസ്ബുക്ക് പേജിലിട്ട വീഡിയോയ്ക്ക് ഇന്നലെ മുതല്‍ വമ്പന്‍ പ്രചരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 62000 ല്‍ പരം ലൈക്കും 52000 ത്തോളം കമന്റും ലഭിച്ച വീഡിയോ ഇതുവരെ നാല് ലക്ഷത്തോളം പേര്‍ കണ്ടിട്ടുണ്ട്.
മലയാളികള്‍ ഇടപെടുന്നത് വരെ 10,000 ആന്‍ഗ്രി റിയാക്ഷന്‍ ഉണ്ടായിരുന്ന വീഡിയോ പിന്നീട് ലവ്വ് റിയാക്ഷനിലേക്കും ലെെക്കിലേക്കും പോവുകയായിരുന്നു.
പരസ്യ ചിത്രത്തിലെ ആശയമാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. മതസൗഹാര്‍ദത്തിന്റെ മികച്ച ആശയം പകരുന്ന രീതിയിലാണ് പരസ്യം തയാറാക്കിയിരിക്കുന്നത്. എന്നാല്‍ ഹിന്ദു ആഘോഷങ്ങളില്‍ ഒന്നായ ഹോളിയെ അവഹേളിക്കുന്നതാണെന്നും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ആരോപിച്ച് ചിലര്‍ രംഗത്തെതിയതോടെയാണ് പരസ്യം കൂടുതല്‍ പേരിലേക്ക് എത്തിയത്. ഈ പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ നിങ്ങളുടെ എല്ലാ ഉല്‍പ്പന്നങ്ങളും ബഹിഷ്‌കരിക്കുമെന്നായിരുന്നു സംഘപരിവാറിന്റെ ഹാഷ്ടാഗ് ക്യാംപയിന്‍.
പരസ്യവും ഉല്‍പ്പന്നവും ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട ക്യാംപെയിനു പകരം ഇപ്പോഴുള്ളത് തുണി അലക്കാന്‍ ഇനി സര്‍ഫ് എക്‌സല്‍ മാത്രമേ വാങ്ങു എന്നതാണ്.
ട്രോളുകള്‍ കാണാം.