കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടിക്ക് നേരെ വലതുപക്ഷം നടത്തുന്ന സൈബര്‍ ആക്രമണത്തില്‍ വലതുപക്ഷത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ട്രോളുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഫോണ്‍പേയില്‍ പൈസ സ്വീകരിക്കുമ്പോള്‍ മമ്മൂട്ടിയുടെ ശബ്ദം കേള്‍ക്കുന്നതും, ടര്‍ബോയുടെ ബുക്കിങ് തുടങ്ങി മണിക്കൂറുകള്‍ക്കകം ടിക്കറ്റ് പലതും വിറ്റുപോയതും ബന്ധപ്പെടുത്തിയിട്ടുള്ള ട്രോളുകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ മാസമാണ് ഫോണ്‍പേയിലെ ഏ.ഐക്ക് മമ്മൂട്ടിയുടെ ശബ്ദം നല്‍കിത്തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ഐ.സി.യുവില്‍ വന്ന ട്രോളാണ് കൂടുതല്‍ വൈറലായത്. ഫോണ്‍പേയിലൂടെ അയക്കുന്ന പൈസ മുഴുവന്‍ മമ്മൂട്ടിയുടെ കൈയിലേക്കാണ് പോകുന്നതെന്ന് ഇ.ഡിയുടെ ഓഫീസിലേക്ക് വിളിച്ചു പറയുന്ന കാവിക്കുറിയിട്ട ആളെയാണ് ട്രോളില്‍ കാണുന്നത്.
റാംജി റാവു സ്പീക്കിങ് എന്ന സിനിമയില്‍ വിജയരാഘവനും സായ് കുമാറും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ മീം ഉപയോഗിച്ചുകൊണ്ടാണ് ട്രോള്‍ ഉണ്ടാക്കിയത്.
ടര്‍ബോ സിനിമ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സിനിമയുടെ എല്ലാ ടിക്കറ്റും വാങ്ങി കീറിക്കളയാന്‍ മിത്രങ്ങള്‍ തീരുമാനിച്ചു എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട മീം. സിനിമ ബുക്ക് ചെയ്യാന്‍ വരുന്നവര്‍ ടിക്കറ്റില്ലാതെ മടങ്ങുമ്പോള്‍ എല്ലാ ടിക്കറ്റും ബുക്ക് ചെയ്തുവെച്ച മിത്രം എന്നുള്ള ട്രോളാണ് ഇത്. ട്രോള്‍ സംഘില്‍ വന്ന ഈ ട്രോളിനും വലിയ റീച്ച് കിട്ടിയിട്ടുണ്ട്.
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ മതത്തിന്റെ പേരില്‍ വേട്ടയാടാന്‍ ശ്രമിക്കുന്ന വലതുപക്ഷ അജണ്ടയെ മലയാളികള്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്പിക്കുന്ന കാഴ്ച വര്‍ഗീയതക്കെതിരെയുള്ള വിജയമായിട്ടാണ് കാണാന്‍ സാധിക്കുന്നത്.
Content Highlight: Troll against right wing in cyber attack against Mammootty