കൊച്ചി: തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു പുറപ്പെട്ട കല്ലട ട്രാവല്‍സ് ബസില്‍ യാത്രക്കാരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ ക്യാംപയിന്‍. കേടായ ബസിനുപകരം ബദല്‍ സംവിധാനം ഒരുക്കാന്‍ ആവശ്യപ്പെട്ടതിന് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും കല്ലട ബസ് ബഹിഷ്‌ക്കരിക്കണമെന്നുമാവശ്യപ്പെട്ടാണ് ക്യാംപയിന്‍.
#Boycott_kallada_travels എന്ന ഹാഷ്ടാഗില്‍ ക്യാംപയിന്‍ നടത്തുന്ന സോഷ്യല്‍ മീഡിയയില്‍ കല്ലടയ്‌ക്കെതിരെ നിരവധി പ്രതിഷേധ പോസ്റ്റുകളും ട്രോളുകളും പ്രചരിക്കുന്നുണ്ട്.
കല്ലട ടൂര്‍സ് ആന്‍റ് ട്രാവല്‍സ് എന്ന ഫേസ്ബുക്ക് പേജിലും സുരേഷിന്‍റെ പ്രൊഫെെലിലും രൂക്ഷമായ ഭാഷയിലാണ് പ്രതിഷേധം അറിയിക്കുന്നത്. റേറ്റിംഗ് കുറച്ചുകൊണ്ടും മുന്‍ അനുഭവങ്ങള്‍ പങ്കുവെച്ചുമാണ് ആളുകള്‍ പ്രതിഷേധിക്കുന്നുണ്ട്.
”ഇനി മുതല്‍ നിങ്ങള്‍ കല്ലട അല്ല കൊല്ലടാ ട്രാവല്‍സ്..’ ഇവിടെ ആ മുതലാളി കല്ലട സുരേഷിനെ വേണം ഗുണ്ട ആക്ടില്‍ പെടുത്തി അകത്തിടാന്‍. അവന്‍ അകത്തു പോയി തിരിച്ചു വരുമ്പോള്‍ അവന്റെ ബസ് ‘ഈ പറക്കും തളിക ‘ സിനിമയിലെ ബസ് പോലെ കിടക്കണം. പിച്ചക്കാര്‍ അതില്‍ അന്തിയുറങ്ങണം. എന്നാലേ ഇവനൊക്കെ പഠിക്കൂ’. എന്നും ഇത്തരക്കാരുടെ ബസിന്റെ പെര്‍മിറ്റ് കട്ടു ചെയ്യണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയരുന്നുണ്ട്.
സുരേഷ് കല്ലട ബസില്‍, യാത്രമുടങ്ങിയത് ചോദ്യം ചെയ്തയാളെ ജീവനക്കാര്‍ മര്‍ദിച്ച ഈ ബസില്‍ ഇനി യാത്ര വേണ്ടെന്നു വെക്കാം. #Ban #kallada എന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്.
ഇന്നലെയാണ് യാത്രക്കാരനെ അതിക്രൂരമായി ബസിനുള്ളില്‍ തൊഴിലാളികള്‍ മര്‍ദിക്കുന്ന വിഡിയോ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് സോഷ്യല്‍ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
അതേസമയം സംഭവത്തില്‍ ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയേഷ് ജിതിന്‍ എന്നിവരെയാണ് മരടു പൊലീസ് അറസ്റ്റു ചെയ്തത്. സംഭവം ആസൂത്രിതമാണോയെന്ന് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
നേരത്തെ കമ്പനി മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബെംഗളൂരു സര്‍വീസ് നടത്തുന്ന കല്ലട ബസ് പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്കെതിരെ മരട് പൊലീസ് കേസെടുത്തിരുന്നു.
അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മര്‍ദനമേറ്റവരുടെ മൊഴിയെടുത്തശേഷം പ്രതികള്‍ക്കെതിരെ കൂടുതല്‍ കുറ്റം ചുമത്തും.