47 വര്‍ഷമായി ക്യാമറക്ക് മുന്നില്‍ നമ്മളെ അത്ഭുതപ്പെടുത്തിയ മോഹന്‍ലാല്‍ എന്ന നടന്‍ ക്യാമറക്ക് പിന്നില്‍ നിന്നുകൊണ്ട് എന്ത് അത്ഭുതമാണ് ഒരുക്കിവെച്ചിട്ടുള്ളതെന്നറിയാനുള്ള ആകാംക്ഷയാണ് ബാറോസ് എന്ന സിനിമയിലേക്ക് ഏറ്റവുമധികം പ്രതീക്ഷ തന്ന ഘടകം.
മലയാളത്തില്‍ ഇതുവരെ വന്നതില്‍ വെച്ച് ഏറ്റവും മികച്ച ത്രീ.ഡി. ചിത്രമെന്ന് ബാറോസിനെ വിശേഷിപ്പിക്കാം. ഈയടുത്ത് വന്ന ത്രീ.ഡി. ചിത്രങ്ങളെ പോലെ 2ഡിയില്‍ ചിത്രീകരിച്ച് ത്രീ.ഡി ഇഫക്ട് നല്‍കുന്നതിന് പകരം പൂര്‍ണമായും ത്രീ.ഡിയില്‍ തന്നെ ചിത്രീകരിച്ച ചിത്രമാണ് ബാറോസ്. മികച്ച ഒരു വിഷ്വൽ ട്രീറ്റ് നൽകാൻ സിനിമയ്ക്ക് സാധിക്കുമ്പോഴും തിരക്കഥയിലും കാസ്റ്റിങ്ങിലുമുള്ള പാളിച്ചകളാണ് ബാറോസിന്റെ ഏറ്റവും വലിയ പോരായ്മ.
മോഹൻലാൽ സംവിധാനം ചെയ്യുന്ന സിനിമയായതിനാൽ ചിത്രം ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ബറോസ് ബോക്സ് ഓഫീസിൽ ദയനീയമായി പരാജയപ്പെട്ടു. കഴിഞ്ഞ വർഷത്തെ വലിയ സാമ്പത്തിക നഷ്ടങ്ങളിൽ ഒന്നായും ബറോസ് മാറിയിരുന്നു. പൂർണമായി തിയേറ്റർ വാച്ച് ഡിമാന്റ് ചെയ്യുന്ന ബറോസ് ഒ.ടി.ടി റിലീസിന് ശേഷം എത്രത്തോളം സ്വീകരിക്കപ്പെടുമെന്നത് ചോദ്യമായിരുന്നു.
ഒ.ടി.ടി റിലീസിന് പിന്നാലെ ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ് ബറോസിനെ. ചിത്രത്തിലെ പല ഷോട്ടുകളും മോഹൻലാലിൻറെ ഗെറ്റപ്പുമെല്ലാം കൂട്ടിച്ചേർത്താണ് പല ട്രോളുകളും പുറത്തിറങ്ങുന്നത്. നാല്പത് വർഷത്തെ എക്സിപീരിയൻസ് കൊണ്ട് ഇതാണോ മോഹൻലാൽ ചെയ്തതെന്നാണ് ട്രോളന്മാർ ഒരുപോലെ ചോദിക്കുന്നത്. കുട്ടികൾക്കെന്ന് പറഞ്ഞിറക്കിയ ചിത്രം കുട്ടികൾക്ക് പോലും വേണ്ടായെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്
ടെക്നിക്കലി മികച്ച് നിൽക്കുമ്പോഴും സിനിമയിലെ മോശം ഗ്രാഫിക്സ് കാണാൻ സാധിക്കുന്ന ഒന്ന് രണ്ടു സീനുകളാണ് ട്രോളന്മാർ ഏറ്റെടുത്തത്. പൃഥ്വിരാജ് ബുദ്ധിപൂർവമാണ് സിനിമയിൽ നിന്ന് മാറിയതെന്നും മലയാളത്തിലെ മഹാനടന്റെ അവസ്ഥ ഇങ്ങനെയായല്ലോയെന്നുമെല്ലാം ട്രോളുകൾ ഉയരുന്നുണ്ട്.
പ്രധാന അഭിനേതാക്കളായി എത്തിയ വിദേശീയരെയും ട്രോളന്മാർ വെറുതെ വിടുന്നില്ല. കാസ്റ്റിങ്ങും തിരക്കഥയുമെല്ലാം പാളിയ ഒരു സിനിമ എങ്ങനെയാണ് മോഹൻലാൽ സംവിധാനം ചെയ്തതെന്നും എല്ലാവരും ഒരുപോലെ ചോദിക്കുന്നുണ്ട്. എന്നാൽ ഇത്രയും ട്രോളുകൾക്കിടയിലും ആദ്യ സംവിധാന സംരഭം എന്ന നിലയിൽ ഇത്തരമൊരു സിനിമ ഏറ്റെടുത്തതിൽ മോഹൻലാലിനെ അഭിനന്ദിക്കുന്നവരുണ്ട്. കഴിഞ്ഞ വർഷം റിലീസായ രണ്ട് മോഹൻലാൽ ചിത്രങ്ങളും പരീക്ഷണ സ്വഭാവമുള്ളതായിരുന്നു.
ഒന്ന് ബറോസ് ആണെങ്കിൽ മറ്റൊന്ന് ലിജോ ജോസ് പെല്ലിശ്ശേരി എന്ന ക്രാഫ്റ്റ് മാൻ ഒരുക്കിയ മലൈക്കോട്ടെ വാലിബൻ ആയിരുന്നു. വാലിബൻ മോഹൻലാൽ എന്ന നടന്റെ മികച്ച പ്രകടനം കണ്ട സിനിമയായിട്ടും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. എന്നാൽ കഴിഞ്ഞ ദിവസം ഇറങ്ങിയ എമ്പുരാൻ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ ടീസർ വീണ്ടും മോഹൻലാലിന്റെ സ്റ്റാർഡത്തിലേക്ക് പ്രേക്ഷരുടെ കണ്ണെത്തിക്കുന്നുണ്ട്.
അതിഗംഭീരം വിഷ്വൽ ട്രീറ്റ് തന്നെയാണ് പൃഥ്വി ഒരുക്കിയിരിക്കുന്നതെന്ന് ടീസറിൽ നിന്ന് തന്നെ വ്യക്തമാണ്. തുടർ പരാജയങ്ങൾക്ക് ശേഷം ഒരു ഗംഭീര തിരിച്ചുവരവ് മോഹൻലാൽ അർഹിക്കുന്നുമുണ്ട്. ബറോസിന്റെ ട്രോളുകൾക്കിടയിലും എമ്പുരാന്റെ ടീസറിന് കിട്ടിയ വൻ വരവേൽപ്പ് സൂചിപ്പിക്കുന്നത് മോഹൻലാലിന്റെ തിരിച്ചുവരവ് തന്നെയാണ്. ബറോസോടെ മോഹൻലാലിന്റെ വനവാസം കഴിഞ്ഞു ഇനി പട്ടാഭിഷേകമാണെന്നാണ് മോഹൻലാൽ ആരാധകർ പറയുന്നത്. തരുൺ മൂർത്തി, സത്യൻ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരുടെ സിനിമകൾ വരാനിരിക്കുമ്പോൾ മോഹൻലാൽ എന്ന താരവും നടനും ഒരുപോലെ ബോക്സ് ഓഫീസ് നിറയ്ക്കുമെന്നാണ് പ്രതീക്ഷ.
Content Highlight: Troll Against Baros Movie After O.t.t Release