'എ.വിജയരാഘവന്‍ ഈ വീടിന്റെ ഐശ്വര്യം'; രമ്യ ഹരിദാസിന്റെ വിജയത്തില്‍ വിജയരാഘവനെ ട്രോളി എന്‍.എസ് മാധവന്‍
D' Election 2019
'എ.വിജയരാഘവന്‍ ഈ വീടിന്റെ ഐശ്വര്യം'; രമ്യ ഹരിദാസിന്റെ വിജയത്തില്‍ വിജയരാഘവനെ ട്രോളി എന്‍.എസ് മാധവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2019, 5:42 pm

കോഴിക്കോട്: എല്‍.ഡി.എഫിന്റെ കുത്തക മണ്ഡലമായ ആലത്തൂരില്‍ പി.കെ ബിജുവിനെ പരാജയപ്പെടുത്തി യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ വിജയിച്ചതില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെ ട്രോളി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ‘എ വിജയരാഘവന്‍ ഈ വീടിന്റെ ഐശ്വര്യം’ ആലത്തൂരില്‍ ഒരു വീട്ടില്‍ പ്രത്യക്ഷപ്പെടാവുന്ന ബോര്‍ഡ്’ എന്നാണ് എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്.

രമ്യാ ഹരിദാസിനെതിരെ എ.വിജയരാഘവന്‍ മോശം പരാമര്‍ശം നടത്തിയത് നേരത്തെ വന്‍ വിവാദമായിരുന്നു. ‘ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു, പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു, അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍ വയ്യ. അത് പോയിട്ടുണ്ട്”- എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍. ഇത് ചൂണ്ടിക്കാട്ടിയാണ് എന്‍.എസ് മാധവന്‍ രമ്യ ഹരിദാസിന്റെ വിജയത്തില്‍ വിജയരാഘവനെ ട്രോളിയത്.

2009 ല്‍ മണ്ഡലം രൂപീകരിച്ച ശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പില്‍ 20,960 വോട്ടിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ബിജു വിജയിച്ചു കയറിയത്. 2014 ല്‍ 37,312 വോട്ടായിരുന്നു പി.കെ.ബിജുവിന്റെ ലീഡ്. അതിലേറെ വോട്ടിന്റെ ലീഡിലാണ് രമ്യ ഇപ്പോള്‍ നേടിയിരിക്കുന്നത്.

1,58637വോട്ടിന്റെ ഭൂരിപക്ഷമാണ് നിലവില്‍ രമ്യ ഹരിദാസ് നേടിയത്. ഒരിക്കലും എല്‍.ഡി.എഫ് പ്രതീക്ഷിക്കാത്ത വിജയമാണ് രമ്യ നേടിയത്. അട്ടിമറി പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത്ര വലിയ ഭൂരിപക്ഷം ഒരിക്കലും ഒരു എല്‍.ഡി.എഫ് പ്രവര്‍ത്തകന്‍ പ്രതീക്ഷിച്ചു കാണില്ല.