| Thursday, 23rd June 2022, 4:07 pm

'കന്നിമൂലയില്‍ നിന്നും കോര്‍ണര്‍ കിക്കെടുക്കാതെ ഇതിന് ഒരു പരിഹാരമില്യ'; ട്രോളില്‍ മുങ്ങി ഇന്ത്യന്‍ ഫുട്‌ബോള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് പ്രചോദനമാകാന്‍ എ.ഐ.എഫ്.എഫ് ജ്യോതിഷനെ നിയമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ട്രോളില്‍ മുങ്ങി ഇന്ത്യന്‍ ടീം.

16 ലക്ഷം രൂപയ്ക്കാണ് ന്യാസ ആസ്‌ട്രോകോര്‍പ് എന്ന ജ്യോതിഷ ഏജന്‍സിയുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കരാറിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടെയാണ് ഫുട്‌ബോള്‍ ടീം ട്രോളില്‍ മുങ്ങിയത്. ദൈവം സഹായിച്ച് ഇനി ഇന്ത്യ എന്തായാലും ലോകകപ്പ് വരെ നേടുമെന്നാണ് ട്രോളന്‍മാരും ആരാധകരും പറയുന്നത്.

കന്നിമൂലയില്‍ നിന്നും കോര്‍ണര്‍ കിക്കെടുക്കാന്‍ വിസമ്മതിക്കുന്ന താരങ്ങളും, എതിര്‍ ടീമിന് എട്ടിന്റെ പണി കിട്ടാന്‍ ഗ്രൗണ്ടില്‍ മൂലയില്‍ കൂടോത്രം ചെയ്ത് കൂഴിച്ചിടുന്നതും, മത്സരത്തിന് മുമ്പ് ക്യാപ്റ്റന്റെയടക്കം പേരും നാളും പറഞ്ഞ ശത്രുസംഹാര പൂജ കഴിപ്പിക്കുന്നതും തുടങ്ങി ഒന്നിന് പിറകെ ഒന്നായി ട്രോളുകളുടെ ചാകരയാണ്.

കളിക്കാരുടെ കഴിവില്‍ വിശ്വസിക്കാതെ ജ്യോതിഷിയെ കൊണ്ടുവന്ന് കവടി നിരത്തുന്നത് അരോചകമാണെന്നും, ടൂര്‍ണമെന്റിന്റെ ഫൈനല്‍ ദിവസം ‘രാഹുവിന്റെ ദൃഷ്ടി ശരിയല്ല, അതുകൊണ്ട് ഇന്ന് കളിക്കരുത്’ എന്ന് ജ്യോത്സ്യന്‍ പറഞ്ഞാന്‍ കളിക്കാതിരിക്കുമോ എന്ന് ചോദിക്കുന്നവരും കുറവല്ല.

കഴിഞ്ഞ ദിവസമായിരുന്നു ജ്യോത്സനെ നിയമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എ.എഫ്.സി ഏഷ്യന്‍ കപ്പിന് മുന്നോടിയായി താരങ്ങളെ പ്രചോദിപ്പിക്കാനാണ് ഇത്തരമൊരു നീക്കം ടീമിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് മാനേജ്‌മെന്റിന്റെ വാദം.

16 ലക്ഷം രൂപയുടെ കരാറാണ് ഇതുസംബന്ധിച്ച് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും ജ്യോതിഷ ഏജന്‍സിയും തമ്മില്‍ ഒപ്പുവെച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയാണ് കരാര്‍. 16 ലക്ഷം രൂപയാണ് ഏപ്രില്‍ 21ന് നല്‍കിയത്. കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി പുതുക്കാനും വ്യവസ്ഥയുണ്ട്.

ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ വേണ്ടിയാണ് ഇവരെ നിയമിച്ചതെന്നായിരുന്നു ആദ്യ വിശദീകരണം. പിന്നീടാണ് ഇവരുടേത് ജ്യോതിഷം കൈകാര്യം ചെയ്യുന്ന സ്ഥാപനമാണെന്നു കണ്ടെത്തിയത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അംഗങ്ങളുമായി ഇവര്‍ 3 തവണ കൂടിക്കാഴ്ച നടത്തിയെന്നാണു വിവരം. ഒരു തവണ ബെല്ലാരിയില്‍ വെച്ചും രണ്ട് തവണ കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ വെച്ചുമായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ ഇക്കാര്യത്തിലും സ്ഥിരീകരണമില്ല.

ഈ വിഷയത്തില്‍ ടീമോ മാനേജ്‌മെന്റോ ഔദ്യോഗിക പ്രതികരണം ഇനിയും നടത്തിയിട്ടില്ല.

Content Highlight: Troll after Indian Football Team appoints astrologer

We use cookies to give you the best possible experience. Learn more