ട്രോള്‍ മെറ്റീരിയലായ കമല്‍ ഹാസന്‍, മാസ് ഹീറോയായ സൂരി... തമിഴ് സിനിമ പാരലല്‍ യൂണിവേഴ്‌സിലോ?
തമിഴ് സിനിമയില്‍ ഈ വര്‍ഷം സംഭവിച്ച അത്ഭുതങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ ഹിറ്റുകളുണ്ടാകുന്ന ഇന്‍ഡസ്ട്രിയായിരുന്നു കോളിവുഡ്. എന്നാല്‍ ഈ വര്‍ഷം കോളിവുഡിനെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമല്ല. കഴിഞ്ഞ വര്‍ഷം രണ്ട് മാസത്തിനിടെ രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകളുണ്ടായ കോളിവുഡില്‍ ഈ വര്‍ഷം വെറും മൂന്ന് സിനിമകള്‍ മാത്രമാണ് 100 കോടി നേടിയത്.
ഇതിന് പുറമെ മുമ്പ് സംഭവിക്കാത്ത പല കാര്യങ്ങളും തമിഴില്‍ ഈ വര്‍ഷം നടന്നു. അഭിനയത്തിന്റെയും സ്‌ക്രിപ്റ്റ് സെലക്ഷന്റെയും കാര്യത്തില്‍ ഒരിക്കല്‍ പോലും വിമര്‍ശനം കേള്‍ക്കാത്ത നടനാണ് കമല്‍ ഹാസന്‍. അദ്ദേഹത്തിന്റെ സിനിമകള്‍ പലതും കാലത്തിന് മുന്നേ സഞ്ചരിച്ചവയാണ്. എന്നാല്‍ അങ്ങനെയുള്ള കമല്‍ ഹാസന്‍ പോലും അഭിനയത്തിന്റെയും സ്‌ക്രിപ്റ്റ് സെലക്ഷന്റെയും പേരില്‍ ഈ വര്‍ഷം ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നു.
ഷങ്കര്‍- കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ റിലീസായ ഇന്ത്യന്‍ 2 ഈ വര്‍ഷത്തെ ഏറ്റവും മോശം സിനിമകളുടെ പട്ടികയിലാണ് പലരും ഉള്‍പ്പെടുത്തിയത്. പഴകിത്തേഞ്ഞ തിരക്കഥയും മോശം അവതരണവുമാണ് ഇന്ത്യന്‍ 2വിന്റേത്. പ്രോസ്‌തെറ്റിക് മേക്കപ്പിന്റെ ഏറ്റവും അപക്വമായ ഉപയോഗവും ഇന്ത്യന്‍ 2വില്‍ കാണാന്‍ സാധിച്ചു. സിനിമയെക്കുറിച്ച് ഒരുപാട് അറിവുള്ള കമല്‍ ഹാസന്‍ എങ്ങനെ ഈ സിനിമ ചെയ്തു എന്നാണ് പലരും ചോദിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ട്രോള്‍ മെറ്റീരിയലായി കമല്‍ ഹാസന്‍ മാറി.
കോമഡി ആര്‍ട്ടിസ്‌റ്റെന്ന ലേബലില്‍ ഒതുക്കി നിര്‍ത്തപ്പെട്ട സൂരി എന്ന നടന്‍ മാസ് ഹീറോയായി മാറുന്നതിന് ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. വെട്രിമാരന്‍ അവതരിപ്പിച്ച ഗരുഡനില്‍ സൊക്കന്‍ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് സൂരി കാഴ്ചവെച്ചത്. തിയേറ്ററുകളില്‍ സൂരിയുടെ ആക്ഷന്‍ സീനുകള്‍ക്ക് കിട്ടിയ കൈയടി സിനിമാലോകത്തെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
ഒരു സിനിമയുടെ അപ്‌ഡേറ്റിന് വേണ്ടി ലോകകപ്പ് വേദിയില്‍ വരെ ബാനര്‍ ഉയര്‍ത്തേണ്ടി വന്നവരായിരുന്നു അജിത് ഫാന്‍സ്. 2019ല്‍ അനൗണ്‍സ് ചെയ്ത വലിമൈ എന്ന സിനിമയുടെ അപ്‌ഡേറ്റിന് വേണ്ടി സൈബര്‍ ലോകത്ത് നടന്ന ഹാഷ്ടാഗ് മത്സരം ആരും മറക്കാനിടയില്ല. അങ്ങനെ നടന്ന അജിത് ഫാന്‍സിനെപ്പോലും അമ്പരപ്പിച്ച് കൊണ്ട് അജിത്തിന്റെ പുതിയ സിനിമയായ വിടാമുയര്‍ച്ചിയുടെ അപ്‌ഡേറ്റ് ഓരോ ആഴ്ചയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്നുണ്ട്.
തമിഴിലെ ഹൊറര്‍ മൂവി ഫ്രാഞ്ചൈസിയായ അരണ്മനൈയുടെ നാലാം ഭാഗം ഈ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി സിനിമയായി മാറിയതും സിനിമാലോകത്തെ ഞെട്ടിച്ചു. രജിനികാന്ത്, കമല്‍ ഹാസന്‍, ധനുഷ്, ശിവകാര്‍ത്തികേയന്‍ എന്നിവരുടെ സിനിമകളെ പിന്തള്ളിയാണ് അരണ്മനൈ ഈ നേട്ടം സ്വന്തമാക്കിയത്. അരണ്മനൈയുടെ രണ്ടും മൂന്നും ഭാഗങ്ങള്‍ ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നില്ല.
ഇങ്ങനെ ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത കാര്യങ്ങള്‍ തുടര്‍ച്ചയായി നടക്കുമ്പോള്‍ തമിഴ് സിനിമ ഏതെങ്കിലും പാരലല്‍ യൂണിവേഴ്‌സിലാണോ എന്നാണ് പലരും ചോദിക്കുന്നത്. മിക്ക തമിഴ് ട്രോള്‍ പേജുകളിലും ഇതാണ് പ്രധാന വിഷയം. ഈ വര്‍ഷം ഇനി വരാനുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഇന്‍ഡസ്ട്രിയെ കൈപിടിച്ചുയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlight: Troll about Tamil cinema viral on social medias