ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷനെതിരെ താരങ്ങള്‍ രംഗത്ത്
DSport
ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷനെതിരെ താരങ്ങള്‍ രംഗത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th January 2013, 9:48 am

ന്യൂദല്‍ഹി:  ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ദക്ഷിണ കൊറിയയ്‌ക്കെതിരെ ഡേവിസ് കപ്പ് മല്‍സരങ്ങള്‍ കളിക്കില്ലെന്ന്  താരങ്ങളുടെ ഭീഷണി.[]

ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷ(എഐടിഎ)ന്റെ അധികാരം ചോദ്യം ചെയ്യുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും ഇന്ത്യന്‍ ടെന്നിസ് മെച്ചപ്പെടുത്താനുള്ള ശ്രമമാണിതെന്നും എട്ടു താരങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഇതോടെ വീണ്ടും പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് ഇന്ത്യന്‍ ടെന്നിസ് അസോസിയേഷന്‍.

ഡേവിസ് കപ്പ് ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫില്‍ മാറ്റം വരുത്തുക, തീരുമാനങ്ങള്‍ എടുക്കുന്നതില്‍ താരങ്ങള്‍ക്കും പങ്കാളിത്തം നല്‍കുക, ഡേവിസ് കപ്പ് സമ്മാനത്തുക വിതരണം പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വീണ്ടും ഉന്നയിച്ച താരങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ എഐടിഎ തയാറല്ലെങ്കില്‍ ഡേവിസ് കപ്പ് മല്‍സരങ്ങളില്‍ പങ്കെടുക്കില്ലെന്ന് അവര്‍ വ്യക്തമാക്കി.

ദക്ഷിണ കൊറിയയ്‌ക്കെതിരായ ഡേവിസ് കപ്പ് മല്‍സരത്തിന് മുന്‍പ് പെരുമാറ്റച്ചട്ടത്തില്‍ ഒപ്പുവയ്ക്കാത്ത താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് എ.ഐ.ടി.എ ജനറല്‍ സെക്രട്ടറി ഭരത് ഓസ പ്രസ്താവിച്ചിരുന്നു.