ന്യൂദല്‍ഹി: കേന്ദ്ര റെയില്‍വെ മന്ത്രി ദിനേശ് ത്രിവേദി രാജിവച്ചിട്ടില്ലെന്നും രാജിക്കത്ത് പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടില്ലെന്നും ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്‌സഭയില്‍ അറിയിച്ചു. റെയില്‍വേ മന്ത്രി സ്ഥാനത്തു നിന്നും ത്രിവേദിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മമത ബാനര്‍ജി അയച്ച കത്ത് ലഭിച്ചിട്ടുണ്ടെന്നും ഇതു പ്രധാനമന്ത്രി പരിഗണിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മമത ബാനര്‍ജിയുടെ കത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
ദിനേഷ് ത്രിവേദി രാജിവച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സഭയില്‍ ഉന്നയിച്ച് വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രണബ് മുഖര്‍ജി വിശദീകരണം നല്‍കിയത്. ധനമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ മീരാ കുമാര്‍ അനുമതി നിഷേധിച്ചു. എന്നാല്‍ സുഷമ സ്വരാജിന് സംസാരിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി.
ലോക്‌സഭയിലും ത്രിവേദിയുടെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ലയാണ് രാജ്യസഭയില്‍ ഇക്കാര്യം പറഞ്ഞത്. മന്ത്രിയായി തുടരണമോ എന്ന കാര്യത്തില്‍ ത്രിവേദിക്കു തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിനേശ് ത്രിവേദിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭയില്‍ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സുദീപ് ബന്ദോപാധ്യായയാണ് ഇക്കാര്യം ലോക്‌സഭയില്‍ പറഞ്ഞത്.
റെയില്‍വെ മന്ത്രി ദിനേശ് ത്രിവേദി കഴിഞ്ഞ ദിവസം അവതരിപ്പിച്ച 2012-2013 കാലയളവിലെ റെയില്‍വെ ബജറ്റില്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതിനെ എതിര്‍ത്ത് മമതാ ബാനര്‍ജി രംഗത്ത് വന്നിരുന്നു. ദിനേശ് ത്രിവേദിയെ മാറ്റി പകരം മുകുള്‍ റോയിയെ മന്ത്രിയാക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, പൊതുബജറ്റ് അവതരിപ്പിക്കുന്നതുവരെ കാത്തുനില്‍ക്കണമെന്നാണ് മമതയോട് കോണ്‍ഗ്രസ് അഭ്യര്‍ഥിച്ചിരിക്കുന്നത്.