ന്യൂദല്‍ഹി: രാജ്യത്തെ മികച്ച 25 കോളേജുകളുടെ പട്ടികയില്‍ 18ാം സ്ഥാനത്തായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്. കേന്ദ്രമാനവ വിഭവശേഷി വകുപ്പ് ഏര്‍പ്പെടുത്തിയ എന്‍.ഐ.ആര്‍.എഫ് ( NIRF) റാങ്ക് അനുസരിച്ചാണ് കേരളത്തിന്റെ അഭിമാനമുയര്‍ത്തി യൂണിവേഴ്‌സിറ്റി കോളേജും ഉള്‍പ്പെട്ടിരിക്കുന്നത്.
ഒന്ന് രണ്ട് സ്ഥാനങ്ങളില്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള മിറാന്‍ഡ ഹൗസും സെന്റ്‌സ്റ്റീഫന്‍സുമാണ്. മൂന്നാം സ്ഥാനത്ത് തിരുച്ചിറപ്പള്ളിയിലെ ബിഷപ്പ് ഹെബര്‍ കോളേജാണ്. ബാക്കി ആദ്യ പത്ത് സ്ഥാനങ്ങളില്‍ ദല്‍ഹിയില്‍ നിന്നുള്ള കോളേജുകളാണ്.
റാങ്കിങ്ങനുസരിച്ച് കോഴിക്കോട് സെന്റ് ജോസഫ് കോളേജ് 34-ാം സ്ഥാനത്തും തിരുവനന്തപുരം മാര്‍ ഇവാനിയോസ് 36-ാം സ്ഥാനത്തുമുണ്ട്. 41-ാം സ്ഥാനത്തുള്ള തേവര എസ്.എച്ച് കോളേജും അടക്കം കേരളത്തില്‍ നിന്നുള്ള 17 കോളേജുകളാണ് ആദ്യ 100 സ്ഥാനങ്ങളില്‍ ഇടം നേടിയത്.
ദല്‍ഹി വിഗ്യാന്‍ ഭവനില്‍ വെച്ച് മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് പട്ടിക പ്രഖ്യാപിച്ചത്.