| Friday, 4th January 2019, 5:38 pm

പത്രങ്ങള്‍ വായിക്കുന്ന, ചാനലുകള്‍ കാണുന്ന മുഴുവന്‍ ആളുകളേയും സംഘടിപ്പിച്ച് പ്രതിഷേധം നടത്തും; മാധ്യമങ്ങള്‍ക്കെതിരായ സംഘപരിവാര്‍ ആക്രമണത്തിന് അറുതി വരുത്തണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള തുടര്‍ച്ചയായ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണന്‍. 24 ന്യൂസിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കേരളത്തിലെമ്പാടും തുടര്‍ച്ചയായി മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ നോക്കി നില്‍ക്കെ ഭീകരമായ ആക്രമണമല്ലേ അഴിച്ചുവിട്ടത്. സ്ത്രീകളടക്കമുള്ളവരെ ശബരിമലയില്‍ ആക്രമിച്ചു. സന്നിധാനത്ത് ആക്രമിച്ചു. ഇവര്‍ ചെയ്യുന്ന സമരത്തെക്കുറിച്ചുള്ള ചര്‍ച്ചക്കൊന്നും ഞങ്ങളില്ല. വിശ്വാസവും അവിശ്വാസവും ആചാരവും അനാചാരവുമൊക്കെ അവിടെ നില്‍ക്കട്ടെ.”

ALSO READ: ഹര്‍ത്താലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; പ്രൈം ടൈം ചര്‍ച്ചയിലും ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളെ ബഹിഷ്‌കരിച്ച് മാധ്യമങ്ങള്‍

പൊലീസുകാര്‍ നോക്കി നില്‍ക്കെയാണ് ആക്രമണം. ഇതിന് അറുതി വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണഗതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുമ്പോള്‍ പ്രതിഷേധസൂചകമായി നടത്താറുള്ള മാര്‍ച്ച്, യോഗം എന്നിവയ്ക്ക് അപ്പുറത്തേക്ക് പോകാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

“കേവലം ഒന്നോ രണ്ടോ ആളുകള്‍ തീരുമാനിച്ചതല്ല. കൂട്ടായി ചേര്‍ന്നെടുത്ത തീരുമാനമാണ്.തുടര്‍ന്നുള്ള ദിവസങ്ങളിലും ഈ പറഞ്ഞതില്‍ നിന്ന് പിറകോട്ട് പോകാന്‍ ഞങ്ങളില്ല. ഈ പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്തുമെന്ന് അവര്‍ പറയേണ്ടിയിരിക്കുന്നു. നമ്മുടെ പത്രങ്ങള്‍ വായിക്കുന്ന, ചാനലുകള്‍ കാണുന്ന മുഴുവന്‍ ആളുകളേയും സംഘടിപ്പിച്ച് പ്രതിഷേധം നടത്തും.”- രാധാകൃഷ്ണന്‍ പറഞ്ഞു.

ALSO READ: കൊടുങ്ങല്ലൂരില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥ ശ്രീജയെ പരസ്യമായി മര്‍ദ്ദിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍; തടയാന്‍ ശ്രമിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കും ക്രൂരമര്‍ദ്ദനം- ദൃശ്യങ്ങള്‍ പുറത്ത്

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി വന്നതിനുശേഷം സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിരുന്നു. തുലാമാസപൂജകള്‍ക്കായി ശബരിമല നട തുറന്ന ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നു.

വ്യാഴാഴ്ച ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിലും മാധ്യമങ്ങള്‍ക്ക് നേരെ ഭീകരമായ ആക്രമണമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ ബി.ജെ.പി നേതാക്കളുടെ വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള, ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല എന്നിവരുടെ വാര്‍ത്താസമ്മേളനമാണ് ബഹിഷ്‌കരിച്ചത്.

ഇന്നലെ ദൃശ്യമാധ്യമങ്ങളില്‍ നടന്ന പ്രൈം ടൈം ചര്‍ച്ചയില്‍ നിന്നും ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളെ ചാനലുകാര്‍ ബഹിഷ്‌കരിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more