തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ആറുദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 18 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ കൊവിഡ് ഡ്യൂട്ടിയിലില്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ ആശുപത്രിയിലെ 150 ഓളം ജീവനക്കാരെ നിരീക്ഷണത്തിലാക്കി.
മെഡിക്കല്‍ കോളെജില്‍ കടുത്ത പ്രതിസന്ധി തുടരുന്നെന്നും നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നഴ്‌സുമാരുടെ സംഘടന അറിയിച്ചു.
നഴ്‌സുമാരുടെ സുരക്ഷ സംബന്ധിക്കുന്ന ആവശ്യം ആശുപത്രി അധികൃതര്‍ ചെവികൊള്ളുന്നില്ലെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ കൂടുതല്‍ നഴ്‌സുമാര്‍ക്ക് രോഗം ബാധിക്കുമെന്നും മെഡിക്കല്‍ കോളെജിലെ നഴ്‌സായ അനസ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
മെഡിക്കല് കോളെജില്‍ നേരത്തെ സെക്യുരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സമയത്ത് തന്നെ നഴ്‌സുമാര്‍ രോഗവ്യാപനം സംബന്ധിച്ച് ആശങ്ക ഉയര്‍ത്തിയിരുന്നു. മെഡിക്കല്‍ കോളെജിനെ കൊവിഡ് ആശുപത്രിയാക്കണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തിയിരുന്നു.
ഇപ്പോള്‍ ജനറല്‍ വാര്‍ഡുകളില്‍ ഡ്യൂട്ടിയിലുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 7,18,15,19 വാര്‍ഡുകളിലും എം.ആര്‍.ഐ വാര്‍ഡിലെ സ്റ്റാഫ് നഴ്‌സിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ഡുകള്‍ അടച്ചിടാനും സാധ്യതയുണ്ട്.
നേരത്തെ സര്‍ജറി വാര്‍ഡില്‍ രോഗിക്ക് കൂട്ടിരിക്കുന്നവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് സര്‍ജറി വാര്‍ഡ് അടക്കുകയും ഡോക്ടര്‍മാരടക്കം നിരീക്ഷണത്തില്‍ പോയ സ്ഥിതിയുണ്ടായിരുന്നു.
അതേസമയം തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. തീരപ്രദേശമായ പൂന്തുറയില്‍ സമൂഹ വ്യാപനമുണ്ടായതായും മുഖ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മാത്രം 173 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേരുടെ ഉറവിടം വ്യക്തമല്ല. സാമൂഹിക വ്യാപനം നടന്ന പുല്ലുവിള, പൂന്തുറ പ്രദേശങ്ങളില്‍ പൊലീസ്, ആരോഗ്യം, തദ്ദേശസ്വയംഭരണവകുപ്പുകള്‍ 24 മണിക്കൂറും നിന്താത ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക