തിരുവനന്തപുരത്തെ തീ പിടുത്തം നിയന്ത്രണവിധേയം; സംഭവത്തില്‍ അട്ടിമറി സാധ്യതയെന്ന് കമ്പനി അധികൃതര്‍; നഷ്ടം 400 കോടി
Kerala News
തിരുവനന്തപുരത്തെ തീ പിടുത്തം നിയന്ത്രണവിധേയം; സംഭവത്തില്‍ അട്ടിമറി സാധ്യതയെന്ന് കമ്പനി അധികൃതര്‍; നഷ്ടം 400 കോടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st November 2018, 7:43 am

തിരുവനന്തപുരം: കാര്യവട്ടത്തിന് സമീപം മണ്‍വിളയില്‍ പ്ലാസ്റ്റീക് ഫാക്ടറിയിലുണ്ടായ വന്‍ തീപിടുത്തം നിയന്ത്രണ വിധേയമായി. ഏഴുമണിക്കൂറിലധികം നീണ്ടുനിന്ന തീപിടുത്തത്തില്‍ രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായി കത്തി നശിച്ചു. ഒരു കെട്ടിടത്തില്‍ ഇപ്പോഴും തീ കത്തുകയാണ്.

അതേസമയം പ്ലാസ്റ്റീക് കത്തിയുണ്ടായ വിഷപുക ശ്വസിച്ച രണ്ടുപേര്‍ ബോധരഹിതരായി. സമീപവാസികളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിരിക്കുകയാണ്. സമീപത്തെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടര്‍ കെ.വാസുകി അറിയിച്ചു.

ഇന്നലെ വൈകീട്ടോടെയാണ് തീപിടുത്തമുണ്ടായത്. തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളില്‍ നിന്നുള്ള 45 ഫയര്‍ എഞ്ചിനുകളും വിമാനതാവളത്തില്‍ നിന്നും 2 രണ്ട് പാംപര്‍ ഫയര്‍ എഞ്ചിനുകളുമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം അപകടത്തില്‍ 400 കോടിയുടെ നഷ്ടമുണ്ടായെന്ന് കമ്പനി അറിയിച്ചു. സംഭവത്തില്‍ അട്ടിമറി സാധ്യതയുണ്ടെന്നാണ് കമ്പനി അധികൃതരുടെ പ്രതികരണം. സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു

Also Readഐ.ജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച ഗോപാലകൃഷ്ണനെതിരെ കേസ്

പ്ലാസ്റ്റിക് നിര്‍മാണത്തിനുപയോഗിക്കുന്ന പെട്രോളിയം ഉല്‍പന്നമായ അസംസ്‌കൃത വസ്തുക്കള്‍ കെടുത്താന്‍ ശ്രമിക്കുംതോറും ആളിക്കത്തിയത് സ്ഥിതി കൂടുതല്‍ വഷളാക്കി. സമീപത്തെ മൂന്നാമത്തെ കെട്ടിടത്തിലേക്ക് തീ കടക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ഫയര്‍ ലൈന്‍ സൃഷ്ടിച്ചതോടെ വലിയ അപകടം ഒഴിവായി. ഇതിനിടെ ഒരു കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നു വീണു.

അതേസമയം സമീപത്തുള്ള ഗ്രീന്‍ ഫില്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ- വിന്‍ഡീസ് ക്രിക്കറ്റ് മത്സരത്തെ തീ പിടുത്ത്ം ബാധിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ തീ നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടെണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Doolnews Video