| Saturday, 29th September 2012, 7:45 pm

ട്രിവാന്‍ഡ്രം ലോഡ്ജിലെ മലയാളി മാന്യന്മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമയിലെ ലൈംഗികതയെ കുറിച്ചുള്ള പരാമര്‍ശം ചിത്രത്തെ ഒരു ആഭാസ ചിത്രമാക്കി മാറ്റുന്നില്ല എന്ന് വേണം പറയാന്‍.

ഒരു ശരാശരി മലയാളി നിത്യ ജീവിതത്തില്‍ ചെയ്യുന്നതില്‍ കൂടുതലായൊന്നും ട്രിവാന്‍ഡ്രം ലോഡ്ജ് കാണിക്കുന്നില്ല.

സെക്‌സിനെ കുറിച്ചുള്ള മലയാളിയുടെ സത്യസന്ധമായ കാഴ്ച്ചപ്പാടാണ് ട്രിവാന്‍ഡ്രം ലോഡ്ജ് പറയുന്നത്.

അതിനപ്പുറം “യാതൊന്നും” ട്രിവാന്‍്ഡ്രം ലോഡ്ജിലില്ല. നസീബ ഹംസ എഴുതുന്നു.


മാറ്റിനി / നസീബ ഹംസ


ട്രിവാന്‍ഡ്രം ലോഡ്ജിലെ താമസക്കാര്‍ മലയാളികള്‍ക്ക് അപരിചിതരല്ല. ഇത് ഒരു സാധാരണ മലയാളിയുടെ കഥയാണ്. നമുക്കിടയില്‍ നമുക്ക് ചുറ്റും അല്ലെങ്കില്‍ നമ്മള്‍ തന്നെയാണ് അതിലെ ഒരാളല്ലെങ്കില്‍ മറ്റൊരാള്‍. എന്നിട്ടും ട്രിവാന്‍ഡ്രം ലോഡ്ജിലെ താമസക്കാര്‍ മലയാളികള്‍ക്ക് അപരിചതരാവുന്നതെവിടെയാണ്?  കഥ പറച്ചില്‍ രീതി ട്രിവാന്‍ഡ്രം ലോഡ്ജിനെ മികച്ചതാക്കുന്നില്ല. അവതരണത്തിലെ സത്യസന്ധതയാണ് ട്രിവാന്‍ഡ്രം ലോഡ്ജിനെ വ്യത്യസ്തമാക്കുന്നത്. മലയാളിയുടെ കപട സദാചാരബോധത്തെ തുറന്ന് കാട്ടാന്‍ ധൈര്യമുണ്ടായി എന്നതാണ് ട്രിവാന്‍ഡ്രം ലോഡ്ജില്‍ എടുത്തു പറയേണ്ട ഒരേയൊരു കാര്യം.[]

എടുത്തുവച്ചത് പോലുള്ള സീനുകള്‍, വല്ലാതെ നാടകീയമായിപ്പോയ ചില രംഗങ്ങള്‍, എല്ലാത്തിലുമുപരി ഉദ്ദേശിച്ച കാര്യം കൃത്യമായി പ്രേക്ഷകനില്‍ എത്തിക്കുന്നതില്‍ സംവിധായകന് പറ്റിയ പരാജയം, ആദ്യ പകുതിയും രണ്ടാം പകുതിയും തമ്മിലുള്ള അന്തരം അങ്ങനെയങ്ങനെ ലോഡ്ജിന്റെ പോരായ്മകള്‍ ഏറെയാണ്. ചുരുക്കത്തില്‍ ഓര്‍ത്തുവെക്കാന്‍ കൊള്ളാവുന്ന ഒന്നുമില്ലാത്ത സിനിമയാണ് ട്രിവാന്‍ഡ്രം ലോഡ്ജ്.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ ധ്വനിയെ കുറിച്ച് പറയാം. കൊച്ചി നഗരത്തിന്റെ വേറിട്ട മുഖം വരികളിലൊതുക്കാന്‍ ട്രിവാന്‍ഡ്രം ലോഡ്ജിലേക്ക് താമസം മാറ്റുന്ന വിവാഹബന്ധം വേര്‍പെടുത്തിയ എഴുത്തുകാരി. ജീവിതത്തെ കുറിച്ച് ധ്വനിയുടെ കാഴ്ച്ചപ്പാട് ആദ്യ സീനില്‍ തന്നെ വ്യക്തം. ഒന്നിനും കൊള്ളാത്ത ഭര്‍ത്താവില്‍ നിന്ന് തന്റെ ജീവിതം തിരിച്ചുവാങ്ങിച്ച ധ്വനിയുടെ വ്യക്തിത്വം പക്ഷേ ചിലയിടങ്ങളില്‍ ചോദ്യം ചെയ്യപ്പെടുന്നതായി തോന്നുന്നു.

ഡിവോഴ്‌സ് നേടി ജീവിതത്തെ ആഘോഷിക്കാന്‍ തീരുമാനിക്കുന്ന ധ്വനി അതിന് കണ്ടെത്തിയ വഴി സിനിമയില്‍ “പീ…” എന്ന മൂളലില്‍ പറയുന്നതാണ്. കഥാപാത്രം ഉദ്ദേശിച്ചതെന്താണെന്ന് സിനിമ കണ്ട ആര്‍ക്കും മനസ്സിലാകും. വിവാഹിതരായ പുരുഷന്‍മാരില്‍ ധ്വനിക്ക് താത്പര്യമില്ല. ബെല്ലും ബ്രേക്കും ഇല്ലാതെ ജീവിതത്തെ കൊണ്ടുപോകുന്ന ആണുങ്ങളെയാണ് ധ്വനിക്ക് വേണ്ടത്. പക്ഷേ കണ്ടെത്തുന്നതാകട്ടെ മരിച്ചുപോയ ഭാര്യയെ ഇപ്പോഴും പ്രണയിച്ച് കൊണ്ടിരിക്കുന്ന തികച്ചും മാന്യനായ രവിശങ്കറിനേയും! ധ്വനിയുടെ സങ്കല്‍പ്പത്തിനനുസരിച്ചുള്ള അബ്ദുവിനെ ധ്വനി ആ തരത്തില്‍ കാണുന്നതേയില്ല എന്നത്  അപരിചതമായി തോന്നുന്നു.

ലോഡ്ജിലെ ധ്വനി എന്ന എഴുത്തുകാരിയുടെ ജീവിതം ഒരിക്കലും തന്റെ നോവലിലെ കഥാപാത്രങ്ങള്‍ക്കായുള്ള അന്വേഷണമായി പ്രേക്ഷകര്‍ക്ക് തോന്നാന്‍ വഴിയില്ല. ലോഡ്ജിലുള്ള ഓരോ ജീവിതങ്ങള്‍ക്കും പല കഥകളുണ്ട്. ധ്വനി എന്ന “കഥാകാരി” ഒരിക്കലും അതന്വേഷിക്കാന്‍ പോയില്ല. അതിനുള്ള അവസരങ്ങള്‍ നിരവധി ഉണ്ടായിട്ട് കൂടി. ഉദാഹരണത്തിന് സിനിമയില്‍ പണക്കാരനായ അനൂപ് മേനോന്റെ അച്ഛന്‍ എന്ത്‌കൊണ്ട് ഹോട്ടല്‍ നടത്തുന്നു എന്ന് ധ്വനി തന്നെ ചോദിക്കുന്ന രംഗമുണ്ട്. എന്നാല്‍ അതിനുള്ള ഉത്തരം പ്രേക്ഷകന് മനസ്സിലാകുന്നത് ഒരിക്കലും ധ്വനിയില്‍ നിന്നല്ല. അത് പോലെ ജനാര്‍ദ്ദനനും സുകുമാരിയും ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് യാദൃശ്ചികമായാണെങ്കിലും കണ്ടെത്തുന്നതും ധ്വനിയാണ്. അതിലും പക്ഷേ ധ്വനി എന്ന കഥാകാരി നീതികാട്ടുന്നില്ല.

അടുത്തപേജില്‍ തുടരുന്നു

മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇവരാരും എന്ത്‌കൊണ്ട് അങ്ങനെയായി എന്ന് ധ്വനി ഒരിക്കലും അറിയുന്നില്ലെന്നും മനസ്സിലാക്കാം. ചുരുക്കിപ്പറഞ്ഞാല്‍ നോവലിസ്റ്റായ “കഥാകാരി” തന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ള യാത്രയില്‍ അറിയാന്‍ ശ്രമിക്കുന്നത് അനൂപ് മേനോനെ മാത്രമാണ്. []അതും തന്റെ ശാരീരികമായ ആവശ്യം കൂടി പരിഗണിച്ച്. ധ്വനിയോടൊപ്പം എന്നുമുണ്ടായിരുന്ന അബ്ദുവിനെ കൂടി ധ്വനി അറിയാന്‍ ശ്രമിക്കുന്നില്ല. ഇനി ശ്രമിച്ചെങ്കില്‍ അത് പ്രേക്ഷകന് മനസ്സിലാകുന്നില്ല. പിന്നെ ധ്വനിയെങ്ങനെ ഇവരെകുറിച്ചൊക്കെ ഒരു നോവലെഴുതും?

999 പെണ്ണൂങ്ങളെ പ്രാപിച്ചെന്ന് ഊറ്റം കൊള്ളുന്ന പ്രായം ചെന്ന അപ്പൂപ്പന്‍ മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കുട്ടി കമിതാക്കള്‍ വരെ. ഈ ആണുങ്ങളെല്ലാം എന്തുമാത്രം പേടിത്തൊണ്ടന്- മാരാണെന്നത് മനസ്സിലാക്കിത്തരുന്നുണ്ട് ട്രിവാന്‍ഡ്രം ലോഡ്ജ്.

ഇതൊന്നുമല്ലെങ്കില്‍ അനൂപ് മേനോന്റെ ജീവിതം എന്തായിരുന്നെന്ന് മനസ്സിലാക്കിത്തരാനുള്ള ഒരു വഴി മാത്രമാകുകയാണ് ധ്വനി എന്ന പ്രധാന കഥാപാത്രം. കള്ള് കുടിക്കുന്നതോ സിഗററ്റ് വലിക്കുന്നതോ സെക്‌സിനെ പറ്റി ബോള്‍ഡായി സംസാരിക്കുന്നതോ അല്ല കരുത്തുറ്റ കഥാപാത്രമെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. അപ്രധാനമായ പ്രധാന കഥാപാത്രം.

ട്രിവാന്‍ഡ്രം ലോഡ്ജിലെ മറ്റ് ജീവിതങ്ങളാണ് ചെറുതാണെങ്കിലും സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. മനുഷ്യന്റെ ജീവിതം ലൈംഗികതയുമായി എന്തുമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കിത്തരുന്ന കൃത്യമായ ഐക്കണുകള്‍. 999 പെണ്ണൂങ്ങളെ പ്രാപിച്ചെന്ന് ഊറ്റം കൊള്ളുന്ന പ്രായം ചെന്ന അപ്പൂപ്പന്‍ മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കുട്ടി കമിതാക്കള്‍ വരെ. ഈ ആണുങ്ങളെല്ലാം എന്തുമാത്രം പേടിത്തൊണ്ടന്മാരാണെന്നത് മനസ്സിലാക്കിത്തരുന്നുണ്ട് ട്രിവാന്‍ഡ്രം ലോഡ്ജ്.

999 പെണ്ണുങ്ങളുടെ കൂടെ കിടന്നു എന്ന് വീമ്പടിച്ച് നടക്കുകയും കാണാന്‍ കൊള്ളാവുന്ന പെണ്ണിനെ കാണുമ്പോള്‍ എല്ലാ കിളവന്മാര്‍ക്കുമുണ്ടാകുന്ന ചൊറിച്ചില്‍(  സ്‌റ്റെയര്‍ കയറിവരുന്ന ധ്വനിയെ മുട്ടിയുരുമ്മി പോകുന്നത്) തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട് ബാലചന്ദ്രന്‍ എന്ന കോര. ഒരു പെണ്ണ് അമര്‍ത്തിയൊന്ന് നോക്കിയാല്‍ ചോര്‍ന്ന് പോകുന്നതേയുള്ളൂ ഇവന്മാര്‍ ഈ ഊതി വീര്‍പ്പിച്ച് നടക്കുന്ന ആണത്തമെന്ന സത്യവും ചിത്രം വ്യക്തമാക്കിത്തരുന്നു. പെണ്ണിനോടുള്ള ആണിന്റെ സമീപനം എങ്ങനെയായിരിക്കുമെന്നും ലോഡ്ജിലെ ആണുങ്ങള്‍ പറഞ്ഞ് തരുന്നുണ്ട്.

ചിത്രത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ കാണിക്കുന്ന അബ്ദുവെന്ന കഥാപാത്രത്തെ ജയസൂര്യ വൃത്തിയായി കൈകാര്യം ചെയ്തിട്ടുണ്ട്. കഥാപാത്രത്തിന്റെ പോരായ്മകളുടെ ഉത്തരവാദി ജയസൂര്യ അല്ലാതാവുന്നതും സംവിധായകനും തിരക്കഥാകൃത്തും ഉത്തരവാദിയാകുന്നതും ജയസൂര്യയുടെ മികച്ച പ്രകടനത്തിലൂടെ തന്നെയാണ്. നമ്മളെല്ലാം പീടികക്കോലായിലും ചായക്കടയിലും സ്ഥിരമായി കാണാറുള്ള ആളാണ് ഈ അബ്ദു. എല്ലാവരെയും പോലെ അബ്ദുവിന്റെ പ്രശ്‌നവും സെക്‌സ് തന്നെ. തനിക്കൊപ്പം ഉണ്ണുകയും നടക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും ആ “ഭാഗ്യം” ഉണ്ടാകുന്നത് നിരാശയോടെ നോക്കി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട ഒരാള്‍. പെണ്ണെന്ന് പറഞ്ഞാല്‍ ആണിന്റെ ആവശ്യം തീര്‍ക്കാന്‍ മാത്രമുള്ളതാണെന്ന് കരുതുന്ന “അബ്ദു”. അബ്ദുവിന്റെ അവസ്ഥയില്‍ സഹതാപം തോന്നി അവന് വേണ്ടി അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്ന യഥാര്‍ത്ഥ മനുഷ്യരെയും സിനിമയില്‍ കാണാം.

ചിത്രത്തിലെ ഒരു രംഗത്ത് ധ്വനി അബ്ദുവിനോട് പറയുന്നുണ്ട്. ” ഈ ഹോണസ്റ്റി എന്റെ ഭര്‍ത്താവിനുണ്ടായിരുന്നെങ്കില്‍ ഞാന്‍ അയാളെയും കെട്ടിപ്പിടിച്ച് അങ്ങ് ബോംബെയില്‍ ഇരുന്നേനെയെന്ന്”. യഥാര്‍ത്ഥത്തില്‍ അത്ര ഹോണസ്റ്റിയുള്ള ആളാണോ അബ്ദു? സുഹൃത്ത് ഏര്‍പ്പാട് ചെയ്ത് കൊടുത്ത പെണ്ണിനെയും കൂട്ടി ലോഡ്ജിലേക്ക് വരുന്ന അബ്ദു ഇതാരാണെന്ന സുകുമാരിയുടെ ചോദ്യത്തിന് സ്വാഭാവികമായി നുണ പറയുന്നുണ്ട്. ധ്വനിയുടെ ഓരോ ചലനങ്ങളും കൊതിയോടെ ഒളിഞ്ഞ് നോക്കുമ്പോഴും നേരത്തേ പറഞ്ഞ ഹോണസ്റ്റി കാണുന്നില്ല. എന്നില്‍ അബ്ദുവിന് ഇഷ്ടപ്പെട്ടതെന്താണെന്ന ധ്വനിയുടെ തുറന്നുള്ള ചോദ്യത്തോട് മാത്രമാണ് അബ്ദു ഹോണസ്റ്റായി ഉത്തരം പറയുന്നത്.

പോണ്‍ പുസ്തകം അര്‍ജുന്റെ ബാഗില്‍ വച്ചോ എന്ന രവി ശങ്കറിന്റെ ചോദ്യത്തിനോട് പോലും “അതേ” എന്ന് പറയാന്‍ അബ്ദുവിന് പറ്റുന്നില്ല. സ്ത്രീയെ ലൈംഗികതയുമായി മാത്രം ബന്ധപ്പെടുത്തി ചിന്തിക്കുന്ന അബ്ദുവില്‍ ഒരു മാറ്റം കാണുന്നത് ധ്വനിയെ പരിചയപ്പെടുന്നതിന് ശേഷവും ആ കുട്ടികളുടെ അടുപ്പത്തെ അടുത്തറിയുമ്പോഴും മാത്രമാണ്. മറ്റൊരാളെ വേദനിപ്പിച്ചത് കൊണ്ട് നമ്മുടെ വേദന കുറയില്ലല്ലോ എന്ന അര്‍ജുന്‍ ചോദിക്കുമ്പോള്‍ മാത്രമാണ് അബ്ദു തന്നിലേക്ക് ആദ്യമായി നോക്കുന്നത്. അബ്ദുവിനെ ആദ്യമായി കാണിക്കുന്നത് തന്നെ കഴുകി വച്ചിരിക്കുന്ന ഷൂസില്‍ ഒന്നുമാത്രം വലിച്ചെറിയുന്നതാണ്. അബ്ദുവിന്റെ സ്വഭാവം എന്താണെന്ന് മനസ്സിലാക്കാന്‍ ആ ഒറ്റ സീന്‍ മതി. നമുക്ക് നേരെ പിടിച്ച കണ്ണാടിയായി അബ്ദുമാറുന്നതും അത്‌കൊണ്ടാണ്.


ട്രിവാന്‍ഡ്രം ലോഡ്ജ് കണ്ടിറങ്ങിയ പ്രേക്ഷകന്‍ ഏറ്റവും ആസ്വദിച്ചിട്ടുണ്ടാകുക അമലയും അര്‍ജുനും(ബേബി നയന്‍താര, ധനഞ്ജയ്) തമ്മിലുള്ള അടുപ്പമാണ്. സിനിമയില്‍ പറഞ്ഞത് പോലെ അവര്‍ തമ്മിലുള്ള പ്രണയത്തിന്റെ അസാധ്യമായ ഇന്നസെന്‍സ് അത് മുതിര്‍ന്നവര്‍ക്ക് നഷ്ടപെട്ട ഒന്ന് തന്നെയാണ്. ബ്യൂട്ടിഫുള്‍ എന്ന  മുന്‍ സിനിമയില്‍ പറഞ്ഞത് തന്നെ വീണ്ടും ആവര്‍ത്തിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തും ഇവിടെ. ബിജിബാല്‍-എം.ജയചന്ദ്രന്‍ കൂട്ട്‌കെട്ടിന്റെ സംഗീതവും പ്രദീപ് നായരുടെ ഛായാഗ്രഹണവും അതിന് നല്‍കുന്ന പെര്‍ഫെക്ഷനും മനോഹരമാണ്.

ട്രിവാന്‍ഡ്രം ലോഡ്ജിന്റെ ഉടമയായ രവി ശങ്കറായി അനൂപ് മേനോന്‍ എത്തുമ്പോള്‍ അത് അനൂപ് മേനോന് വേണ്ടി അനൂപ് മേനോന്‍ എഴുതിയത് പോലെ. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ പരാമര്‍ശങ്ങളില്‍ മാത്രമൊതുങ്ങി നിശബ്ദനായി രംഗപ്രവേശനം ചെയ്ത് സിനിമയുടെ രണ്ടാം പകുതി മുഴുവന്‍ തന്റേത് മാത്രമാക്കുകയാണ് അനൂപ് മേനോന്‍. സിനിമയില്‍ അര്‍ജുന്‍ “എവിടെ എന്റെ ഇറെസ്‌പോണ്‍സിബിള്‍ ഫാദര്‍”  എന്ന് ചോദിക്കുമ്പോള്‍ പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്ന ഒരു അച്ഛനുണ്ട്. എന്നാല്‍ അതിനെ പൂര്‍ണമായും തച്ചുടക്കുന്ന ഒരച്ഛനാണ് രവിശങ്കര്‍. നമ്മള്‍ കണ്ട് പരിചയിച്ച അച്ഛന്മാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തന്‍. തിരക്കഥയുടെ ചട്ടക്കൂട്ടിനുള്ളില്‍ നിന്ന് കൊണ്ടാണെങ്കിലും ആ കഥാപാത്രത്തെ മികച്ചതാക്കുന്നുണ്ട് അനൂപ് മേനോന്‍.

ട്രിവാന്‍ഡ്രം ലോഡ്ജിന്റെ ഉടമ എന്ന ചെറിയ വേഷത്തെ സിനിമയുടെ എല്ലാമെല്ലാമാക്കാനും അനൂപ് മേനോന്‍ എന്ന തിരക്കഥാകൃത്തിന് സാധിച്ചു. ഭാര്യയുടെ മരണം രവി ശങ്കറിന്റെ ജീവിതം മാറ്റിമറിച്ചതായി തോന്നുമെങ്കിലും തീര്‍ത്തും പക്വമതിയായ രവി ശങ്കറിനെയാണ് ചിത്രത്തിലെ മറ്റിടങ്ങളില്‍ കാണുക. ഭാര്യയുടെ മരണശേഷം മനസ്സിലും ശരീരത്തിലും അവളെ മാത്രം സൂക്ഷിക്കുന്ന ഭര്‍ത്താവും അല്ലാത്തവരും തമ്മില്‍ പവിത്രമായ എന്തിന്റെയോ വ്യത്യാസമുണ്ട് എന്ന് ചിത്രം പറയാതെ പറയുന്നു. അറിയാതെ വരുന്ന സദാചാരബോധം. രവി ശങ്കറിനെ സമീപിക്കുന്ന ധ്വനിയോട് നിന്നെ ഇതുവരെ ആരും സ്‌നേഹിച്ചില്ലേയെന്ന രവിയുടെ ചോദ്യവും  ഇതിന് ആക്കം കൂട്ടുന്നു. അതേസമയം, സിനിമയില്‍ പലരും പറയുന്ന മാളവിക-രവി ശങ്കര്‍ “അനശ്വര പ്രണയം” പ്രേക്ഷകന് മനസ്സിലാക്കിത്തരാന്‍ ഇവരുടെ കോമ്പിനേഷന്‍ സീനുകള്‍ക്ക് സാധിക്കുന്നുണ്ടോ എന്നതും സംശയം.

ചിത്രത്തില്‍ ചെറിയ വേഷങ്ങളില്‍ വന്ന് പോയെങ്കിലും ശ്രദ്ധേയമായ വേഷങ്ങളാണ് അനൂപ് മേനോന്റെ അച്ഛനായി എത്തിയ ഗായകന്‍ ജയചന്ദ്രനും ഷൈജു കുറുപ്പ് തുടങ്ങിയവരുടേത്. തിരക്കഥയുടെ പരിമിതി നടന്മാര്‍ക്ക് പരിഹരിക്കാന്‍ കഴിയുന്നതിലുമപ്പുറമാണെന്നും ഇവരുടെ പ്രകടനം വ്യക്തമാക്കിത്തരുന്നു. കോക്ടെയില്‍, ബ്യൂട്ടിഫുള്‍ എന്നിവയുടെ പ്രതീക്ഷയില്‍ ട്രിവാന്‍ഡ്രം ലോഡ്ജിന് ടിക്കറ്റെടുത്താല്‍ ഒരല്‍പ്പം നിരാശപ്പെടുമെന്നുറപ്പ്. എങ്കിലും അനൂപ് മേനോന്‍ എന്ന തിരക്കഥാകൃത്തില്‍ നിന്ന് ഇനിയും പ്രതീക്ഷിക്കാനുണ്ടെന്ന സൂചനയും ട്രിവാന്‍ഡ്രം ലോഡ്ജ് നല്‍കുന്നുണ്ട്.

ട്രിവാന്‍ഡ്രം ലോഡ്ജിലെ പല സീനുകളും എന്തിനായിരുന്നു എന്ന ചോദ്യം പ്രേക്ഷകന് മുന്നില്‍ അവശേഷിക്കുന്നുണ്ട്. ധ്വനിയെ കാണാന്‍ മുന്‍ ഭര്‍ത്താവ് വരുന്ന സീന്‍ എടുക്കാം. യഥാര്‍ത്ഥത്തില്‍ ധ്വനിയെപ്പോലൊരാള്‍ക്ക് വേര്‍പെടുത്തിയ ഭര്‍ത്താവിനെ ഒഴിവാക്കാന്‍ അങ്ങനെയൊരു ചീപ്പ് ഡ്രാമയുടെ ആവശ്യമില്ല. ഇത് നേരത്തേ പറഞ്ഞത് പോലെ ധ്വനിയുടെ വ്യക്തിത്വത്തെയാണ് ചോദ്യം ചെയ്യുന്നത്. ധ്വനിക്കൊപ്പം കിടക്കാന്‍ താത്പര്യമുണ്ടെന്ന് പറയുന്ന ഷൈജു കുറുപ്പിനോട് താത്പര്യമില്ലാ എന്ന് തുറന്ന് പറയുന്ന  ആ നീതി പോലും ധ്വനി തന്റെ മുന്‍ ഭര്‍ത്താവിനോട് കാട്ടുന്നില്ല. “എനിക്ക് നിങ്ങളോട് താത്പര്യമില്ല” എന്ന ഒറ്റവാചകത്തില്‍ തീര്‍ക്കാനുള്ള കാര്യം അനാവശ്യമായി പട്ടാമ്പിയിലെ മാതാപിതാക്കളിലേക്കും ഹോട്ടല്‍ റൂമിലേക്കും കൊണ്ടെത്തിച്ചു.

സിനിമയിലെ ലൈംഗികതയെ കുറിച്ചുള്ള പരാമര്‍ശം ചിത്രത്തെ ഒരു ആഭാസ ചിത്രമാക്കി മാറ്റുന്നില്ല എന്ന് വേണം പറയാന്‍. ഒരു ശരാശരി മലയാളി നിത്യ ജീവിതത്തില്‍ ചെയ്യുന്നതില്‍ കൂടുതലായൊന്നും ട്രിവാന്‍ഡ്രം ലോഡ്ജ് കാണിക്കുന്നില്ല. സെക്‌സിനെ കുറിച്ചുള്ള മലയാളിയുടെ സത്യസന്ധമായ കാഴ്ച്ചപ്പാടാണ് ട്രിവാന്‍ഡ്രം ലോഡ്ജ് പറയുന്നത്. അതിനപ്പുറം “യാതൊന്നും” ട്രിവാന്‍്ഡ്രം ലോഡ്ജിലില്ല.

We use cookies to give you the best possible experience. Learn more