| Saturday, 9th September 2023, 6:59 pm

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അപൂര്‍വനേട്ടം: നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. അയോര്‍ട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ് പ്രായമുള്ള തിരുവനന്തപുരം പൗഡീക്കോണം സ്വദേശിക്കാണ് നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ നടത്തിയത്.

സങ്കീര്‍ണ ശസ്ത്രക്രിയ രോഗിക്ക് നടത്താന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഈ അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്. വളരെവേഗം തന്നെ രോഗി സുഖം പ്രാപിച്ചു വരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. കെ. ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്. ഡോ. എം. ആശിഷ് കുമാര്‍, ഡോ. വി.വി. രാധാകൃഷ്ണന്‍, ഡോ. മാത്യു ഐപ്പ്, ഡോ. സിബു മാത്യു, ഡോ. പ്രവീണ്‍ വേലപ്പന്‍, മറ്റ് കാര്‍ഡിയോളജി ഫാക്കല്‍റ്റി, കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗത്തിലെ ഡോ. രവി കുമാര്‍, ഡോ. അരവിന്ദ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. മായ, ഡോ. അന്‍സാര്‍ എന്നിവര്‍ അടങ്ങിയ ടീമാണ് ഈ അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്.

മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കാര്‍ഡിയോളജി വിഭാഗം ടെക്നീഷ്യന്‍മാര്‍, നഴ്സുമാര്‍ മറ്റ് അനുബന്ധ ജീവനക്കാര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനം ഈ അപൂര്‍വ നേട്ടത്തിന് പിന്നിലുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയും രോഗിക്ക് ലഭ്യമാക്കിയിട്ടുണ്ട്.

Content Highlight: Trivandrum Government Medical College performed heart valve replacement surgery without opening the chest

We use cookies to give you the best possible experience. Learn more