തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തില്‍ എന്‍.ഐ.എയുടെ വാദങ്ങള്‍ തള്ളി ഹൈക്കോടതി. സാമ്പത്തിക തീവ്രവാദത്തിന്റെ ഭാഗമാണ് സ്വര്‍ണക്കടത്തെന്നാണ് പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ എന്‍.ഐ.എ വാദിച്ചത്.
എന്നാല്‍ സ്വര്‍ണക്കടത്തിലൂടെ തീവ്രവാദ പ്രവര്‍ത്തനത്തിനായി ഫണ്ട് ശേഖരിച്ചു എന്ന് തെളിയിക്കാനുള്ള എന്ത് തെളിവാണ് പ്രതികള്‍ക്കെതിരായി ഉള്ളത് എന്ന് ഹൈക്കോടതി ചോദിച്ചു.
യു.എ.പി.എ ചുമത്താനുതകുന്ന തെളിവുകളെവിടെയെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് എന്‍.ഐ.എയോട് ആരാഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ അട്ടിമറിക്കാനുള്ള ഏത് ശ്രമമവും തീവ്രവാദമായി കാണണമെന്നായിരുന്നു എന്‍.ഐ.എയുടെ വാദം. എന്നാല്‍ ഈ വാദം തള്ളിയാണ് പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കിയത്.
ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യാപേക്ഷ അംഗീകരിച്ചത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇവരില്‍ സ്വപ്ന സുരേഷിന് മാത്രമേ ജയിലില്‍ നിന്നും പുറത്തു പോകാനാവൂ.
മറ്റു കേസുകളില്‍ ജാമ്യം ലഭിക്കാത്തതും കോഫോപോസെ പ്രകാരമുള്ള തടവ് കാലാവധി പൂര്‍ത്തിയാവാത്തതുമാണ് മറ്റു പ്രതികളുടെ ജയില്‍ മോചനത്തിന് തടസമാവുക.