ദുബായ്: മൂന്നാം തീയതി ദുബായ് വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട എമിറേറ്റ്‌സ് വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാര്‍ക്കും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് 7000 അമേരിക്കന്‍ ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കും.
യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതിന് 2000 ഡോളറാണ് വിമാനക്കമ്പനി കണക്കാക്കിയിരിക്കുന്നത്. അപകടത്തെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തിനും സമയനഷ്ടത്തിനുമായി ഓരോ ആള്‍ക്കും 5000 ഡോളര്‍ വീതവും നല്‍കും.
ഇതുസംബന്ധിച്ച് വിമാനത്തിലുണ്ടായിരുന്ന ഓരോ യാത്രക്കാരനും എമിറേറ്റ്‌സ് അധികൃതര്‍ സന്ദേശം അയച്ചുകഴിഞ്ഞു. അന്ന് യാത്രചെയ്തതിനുള്ള രേഖകളും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കണം. തുടര്‍ന്ന് പണം അയച്ചുകൊടുക്കുന്നതാണെന്നും എമിറേറ്റ്‌സ് സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ വിമാനം ഇറങ്ങുന്നതിനിടയില്‍ തീപിടിക്കുകയായിരുന്നു.
വിമാനത്തില്‍ 282 യാത്രക്കാരും 18 ജീവനക്കാരുമുണ്ടായിരുന്നു. യാത്രക്കാരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു.