തിരുവനന്തപുരം: പ്രണയ വിവാഹത്തെച്ചൊല്ലി ഭാര്യാസഹോദരനില്‍ നിന്ന് മിഥുന് നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണമാണെന്ന് അമ്മയും ഭാര്യയും. ജാതിപ്പേര് വിളിച്ചാണ് മിഥുനെ മര്‍ദ്ദിച്ചതെന്ന് അമ്മ അംബിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വ്യത്യസ്ത മതത്തില്‍പ്പെട്ടവരാണെങ്കിലും മിഥുനും ദീപ്തിയും ഒന്നിച്ച് ജീവിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂവെന്നും അതേസമയം ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ അറിഞ്ഞിരുന്നില്ലെന്നും അംബിക പറഞ്ഞു.
‘അടിച്ചുകൊന്ന് കളഞ്ഞാല്‍ പോലും ചോദിക്കാനും പറയാനും ആരുമില്ല, എന്റെ മോന് എന്ന് പറഞ്ഞാണ് ഇവളുടെ (ദീപ്തി) സഹോദരന്‍ ആക്രമിച്ചത്. ക്രൂരമായി മര്‍ദ്ദിച്ചു. ജോലിയെടുത്ത് ജീവിക്കാന്‍ പറ്റാത്ത വിധത്തിലാക്കിയിട്ടിരിക്കുകയാണ് അവനെ,’ അംബിക കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തിന് പിന്നില്‍ ജാതിയാണെന്നും തങ്ങള്‍ പട്ടികജാതിയില്‍പ്പെട്ട തണ്ടാന്‍മാരാണെന്നും അംബിക പറഞ്ഞു.തണ്ടാന്റെ മോനെ എന്ന് വിളിച്ചായിരുന്നു ആക്രമണമെന്നും അംബിക പറഞ്ഞു.
അതേസമയം കമ്പ് കൊണ്ടും കൈ കൊണ്ടും ഏറ്റ മര്‍ദ്ദനത്തില്‍ മിഥുന്റെ തലച്ചോറില്‍ രക്തം കട്ട പിടിച്ചിട്ടുണ്ടെന്ന് ഭാര്യ ദീപ്തി പറഞ്ഞു. പരാതി സ്വീകരിക്കാന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായെന്നും ദീപ്തി പറഞ്ഞു.
ചിറയിന്‍കീഴ് ബീച്ച് റോഡില്‍ വെച്ച് ഒക്ടോബര്‍ 31 നായിരുന്നു സംഭവം. ലത്തീന്‍ ക്രൈസ്തവ വിശ്വാസിയാണ് മിഥുന്റെ ഭാര്യ ദീപ്തി.
ഒക്ടോബര്‍ 29നായിരുന്നു ഇരുവരുടേയും വിവാഹം. വീട്ടുകാര്‍ എതിര്‍ത്തതോടെ ദീപ്തി വീടുവിട്ട് മിഥുനൊപ്പം വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു.
ദീപ്തിയുടെ സഹോദരന്‍ ഡാനിഷ് പള്ളിയില്‍ വെച്ച് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇരുവരെയും ചിറയിന്‍കീഴിലേക്ക് വിളിച്ചുവരുത്തിയത്.
മിഥുന്‍ മതം മാറണമെന്നും അല്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നുമായിരുന്നു ഡാനിഷിന്റെ ആവശ്യം. മിഥുനും ദീപ്തിയും ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് ദീപ്തിയുടെ മുന്നിലിട്ട് ഡാനിഷും സുഹൃത്തും ചേര്‍ന്ന് മിഥുനെ ക്രൂരമായി മര്‍ദ്ദിച്ചത്.
പരിക്കേറ്റ മിഥുനെ ആദ്യം ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Trivandrum Dishonor attack Mithuns Mother