| Friday, 2nd June 2017, 9:30 am

'കയ്യടി മാത്രം പോരാ'; വൃദ്ധ ദമ്പതികളെ ഭീതിയിലാക്കിയ നായയെ പിടിക്കാന്‍ നേരിട്ടെത്തിയ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ക്ക് സോഷ്യല്‍ മീഡിയയുടെ സല്യൂട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വന്തം കാര്യം മാത്രം നോക്കിപ്പോകുന്ന ജനപ്രതിനിധികളെ കണ്ടാണ് നമുക്ക് ശീലം. അവിടെയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും, ഡി.വൈ.എഫ്.ഐ സംസ്ഥാനക്കമ്മിറ്റിയംഗവുമായ ഐപി ബിനു കേരളത്തിന് വഴികാട്ടുന്നത്

തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെ ഒരു പട്ടിപിടുത്തത്തിന്റെ അനുഭവമാണ് ബിനു പങ്കുവെച്ചത്. ഇന്നലെ രാവിലെ ആറ് മണിയോടെ വാര്‍ഡിലെ വൃദ്ധ ദമ്പതികളുടെ ഫോണ്‍ കോള്‍ വന്നതോടെയാണ് ബിനുവിന്റെ യജ്ഞത്തിന് തുടക്കമായത്. വീട്ടുവാതില്‍ക്കല്‍ ഭീമാകാരനായ ഏതോ ഒരു പട്ടി കിടക്കുന്നു. വാതില്‍ പോലും തുറക്കാനാകുന്നില്ല കൗണ്‍സിലര്‍ക്കു വന്ന കോള്‍.

കേട്ട ഉടനെ തന്നെ പൊലീസ് സ്റ്റേഷനിലോ പട്ടിപിടുത്തക്കാരെയോ പ്രശ്‌നം എല്‍പ്പിക്കാതെ കൗണ്‍സിലര്‍ ബൈക്കും റെയിന്‍ കോട്ടുമെടുത്തിറങ്ങി. കുറേനേരം പണിപ്പെട്ട് ശ്രമിച്ചിട്ടും ഭീമാകാരനായ പട്ടി എങ്ങനെയും മാറുന്നില്ല.

ഒടുവില്‍ ബിസ്‌കറ്റ് കൊടുത്ത് ആശാനെ പാട്ടിലാക്കി, സാവധാനം പട്ടിയെ മൃഗാശുപത്രിയിലെത്തിച്ചു ബിനു. ദൂരെയുള്ള ആശുപത്രിയിലേക്ക് വീട്ടില്‍ നിന്ന് അതും നടുറോഡിലൂടെ കടിക്കുമോ പേയുണ്ടോ എന്നുപോലും അറിയാത്ത പട്ടിയുമായി, പട്ടാപ്പകല്‍ പരിഹാസങ്ങള്‍ക്ക് നടുവിലൂടെയായിരുന്നു കൗണ്‍സിലറുടെ നടപ്പ്. അതും ഒരു ചെറിയ ചങ്ങലയുടെ ബലത്തില്‍ മാത്രം. മൂന്ന് മണിക്കൂറോളം നീണ്ട സംഭവങ്ങള്‍ ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കുമൊപ്പം ഐപി ബിനു തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കു വെച്ചത്.

ഷോ ഓഫ് കാട്ടി ദേഹത്ത് ചെളി പറ്റാതെ നടക്കുന്ന അഭിനവരാഷ്ട്രീയ നേതാക്കള്‍ക്ക് മുന്‍പിലാണ്, വോട്ടറുടെ വഴിമുടക്കിയ ഭീമാകാരനായ പട്ടിയുമായി തെരുവിലൂടെ നടക്കുന്ന ഈ മഴക്കോട്ടുകാരന്‍ കയ്യടി അര്‍ഹിക്കുന്നത്.

ഐപി ബിനുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പ്രിയ സുഹൃത്തുക്കളേ,

” എഴുതാതെ വയ്യ” ഇന്ന് രാവിലെ 6 മണി മുതല്‍ 9 മണി വരെ എന്റെ വാര്‍ഡിലെ പ്രവര്‍ത്തനം നിങ്ങളെ അറിയിക്കാനാണ് ഈ എഴുത്തും ചിത്രങ്ങളും. ദയവായി ഇത് മുഴുവന്‍ വായിക്കണം. ഒപ്പം അതിനോടൊപ്പമുള്ള ചിത്രങ്ങളും.

സമയം രാവിലെ 6 മണി. ചാറ്റല്‍ മഴയും നല്ല തണുത്ത അന്തരീക്ഷവും പുതപ്പിനടിയിലെ ഉറക്കം കൂടുതല്‍ സുഖകരമാക്കിക്കൊണ്ടിരി മ്പോള്‍ ഒരു ഫോണ്‍ കോള്‍. “കൗണ്‍സിലറല്ലേ, ഞാന്‍ കുന്നുകുഴി വാര്‍ഡില്‍, പ്രശാന്ത് ബാറിന് സമീപം താമസിക്കുന്ന കൃഷ്ണന്‍കുട്ടിയാണ്.” ആളെ പിടി കിട്ടി. എന്താണ് വിളിച്ചത് എന്ന ചോദ്യത്തിന് നല്ല പതറിയ സ്വരത്തില്‍ മറുപടി ” വീടിന് പുറത്തേക്കിറങ്ങാന്‍ നിവൃത്തിയില്ല, വാതിലിനോട് ചേര്‍ന്ന് ഒരു നായ വഴിമുടക്കി കുത്തിയിരിക്കുന്നു. കൗണ്‍സിലര്‍ എന്തെങ്കിലും ചെയ്യണം.” ആ ശബ്ദത്തില്‍ ഭയം ഉള്ളതായി മനസ്സിലാക്കിക്കൊണ്ട് തന്നെ ഉടന്‍ എത്താമെന്ന് അറിയിച്ചു. ഇടവേളകളില്ലാതെ ഓരോ മിനുട്ടിലും അദ്ദേഹത്തിന്റെ കോള്‍ വന്നു കൊണ്ടേയിരുന്നതുകൊണ്ട് തന്നെ, പല്ലു തേയ്ക്കാന്‍ പോലും മിനക്കെടാതെ റയിന്‍ കോട്ടും സ്‌കൂട്ടറുമായി സംഭവസ്ഥലത്തേക്കക്ക് തിരിച്ചു.

അവിടെ ചെല്ലുമ്പോള്‍ വീടിന്റെ വശത്തുള്ള ജനലിന്റെ പാളികള്‍ക്കിടയിലൂടെ കൃഷ്ണന്‍കുട്ടി ചേട്ടന്റെ കൗണ്‍സിലറേ എന്നുള്ള ആശ്വാസം കലര്‍ന്ന അലര്‍ച്ച. വീടിന്റെ മുന്‍ വാതില്‍ തുറക്കാന്‍ സമ്മതിക്കാതെ ഘടാഘടിയനായ ഒരു നായ. അവന്റെ ഭാവം കണ്ടാല്‍ ആ വിടിന്റെ കാരണവരാണെന്ന് തോന്നിപ്പോകും. കൃഷ്ണന്‍കുട്ടി ചേട്ടനും ഭാര്യയും മാത്രമാണവിടെ താമസം. നായയെ അവിടുന്ന് ഓടിക്കാനുള്ള അവരുടെ മണിക്കുറുകള്‍ നീണ്ട പരിശ്രമം പരാജയപ്പെട്ടതാണ് എന്നെ വിളിക്കാന്‍ കാര്യം. പട്ടിപിടുത്തത്തില്‍ മുന്‍ പരിചയം ഇല്ലാത്തത് കൊണ്ടും, എന്റെ പകുതിയിലേറെ വലിപ്പമുള്ള ദൃഢഗാത്രനായത് കൊണ്ടും എന്ത് ചെയ്യണമെന്നറിയാന്‍ എച്ച്‌ഐ ഹരീഷിനെ വിളിച്ചു. ഹരീഷ് നഗരസഭാ ഡോഗ് സ്‌ക്വാഡുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. നന്തന്‍കോട് സോണിലാണ് സംഭവസ്ഥലം എന്നതുകൊണ്ട് അവിടുത്തെ എച്ച്‌ഐ, ജെഎച്ച്‌ഐ എന്നിവരെ ബന്ധപ്പെടാന്‍ ശ്രമിച്ചു. രാവിലെയുള്ള ആ ശ്രമവും പരാജയപ്പെട്ടു. ഉടന്‍ തന്നെ ഡിവൈഎഫ്‌ഐ പാളയം ബ്ലോക്ക് പ്രസിഡന്റ് സഖാവ് വേണു ചന്ദ്രനെ വിളിച്ച് സഹായത്തിന് ആരെയെങ്കിലും അയക്കാന്‍ പറഞ്ഞു. 10 മിനുട്ടിനുള്ളില്‍ പ്രവീണും മറ്റൊരു ഉഥഎക സഖാവും സംഭവസ്ഥലത്തെത്തി. ആ പത്ത് മിനുട്ട് കാത്തിരുപ്പിനിടയില്‍ ഞാന്‍ ആ ചിത്രങ്ങള്‍ പകര്‍ത്തിയത്. സഖാക്കള്‍ വന്നതോടെ ഈ വിഷയം സ്വയം കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചു. തൊട്ടടുത്ത വീട്ടില്‍ നിന്നും പുറത്തേക്ക് നോക്കിയ ആന്റിയോട് ബിസ്‌ക്കറ്റ് കൊണ്ട് വരാന്‍ പറഞ്ഞു. പതിയെ ബിസ്‌ക്കറ്റ് പുറത്തേക്ക് ഇട്ട് അവനെ കൊതി പിടിപ്പിച്ച് മാറ്റാനും ഒന്നിണക്കാനുമുള്ള എന്റെ ബിസ്‌ക്കറ്റ് തന്ത്രം ഏതാണ്ട് ഫലിച്ച് വരുമ്പോഴാണ് വീടിനകത്ത് നിന്ന് ആവേശം പൂണ്ട കൃഷ്ണന്‍കുട്ടി ചേട്ടന്‍ മുറുക്ക് നല്‍കി സഹായിക്കാന്‍ നോക്കിയത്. അത് പണി പാളി. വാതിലിന്റെ ചുവടെ തന്നെ ഇട്ടു കൊടുത്ത മുറുക്കും കഴിച്ച് വീണ്ടും നമ്മുടെ ആശാന്‍ പഴയപടി ഇരുപ്പ് തുടങ്ങി. പക്ഷെ അവന്റെ വാലാട്ടല്‍ നല്ല സൂചനയായി മനസ്സില്‍ ഉറപ്പിച്ച് ഞങ്ങള്‍ നായയുടെ കഴുത്തിലെ ബെല്‍റ്റും ചങ്ങലയുമായി ബന്ധിച്ചു.

ചങ്ങലയുടെ അങ്ങേ തലയ്ക്കല്‍ ആഢ്യത്വവും ശൗര്യവുമുള്ള നായ ഇങ്ങേ തലയ്ക്കല്‍ മുറുക്കെ പിടിച്ച് ഞാനും.

ആദ്യഘട്ടം വിജയിച്ച ആശ്വാസത്തില്‍ നില്‍ക്കുമ്പോള്‍ അടുത്ത ആശങ്ക. ഇതിനെ ഇനിയെന്ത് ചെയ്യും? പെട്ടെന്നാണ് ഓര്‍മ്മ വന്നത്. വാര്‍ഡില്‍ തന്നെയുള്ള മൃഗാശുപത്രിയിലേക്ക് നായയുമായി ഞാന്‍, ഒപ്പം പ്രവീണും സുഹൃത്തും. ചാറ്റല്‍ മഴയില്‍ തിരക്കേറിയ റോഡിലൂടെ റെയിന്‍കോട്ടും ധരിച്ച് ഉന്നതകുലജാതനായ ഒരു നായയുമായി ഞാന്‍. നാട്ടുകാരും വാഹനയാത്രക്കാരും അത്ഭുതവും പരിഹാസവുമായി എന്നെ നോക്കുന്നുണ്ടായിരുന്നു. പക്ഷെ അതൊന്നും ശ്രദ്ധിയ്ക്കാന്‍ മനസ്സുണ്ടായില്ല, ഈ നായ കടിക്കുമോ, നക്കുമോ, ഓടിക്കളയുമോ എന്നൊക്കെയുള്ള ഭയമായിരുന്നു മനസ്സു മുഴുവന്‍. അത് തടയാന്‍ തട്ടുകടയില്‍ നിന്നും അവന് രണ്ട് കേക്കും, ഒരു പാക്കറ്റ് ബിസ്‌ക്കറ്റും വടയും വാങ്ങിക്കൊടുത്തു. ഉള്ളത് പറയാമല്ലോ, അവന്‍ വട അവഗണിച്ച് ബിസ്‌ക്കറ്റും കേക്കും അകത്താക്കി. ഈ ദൃശ്യങ്ങളെല്ലാം പ്രവീണ്‍ തത്സമയം പകര്‍ത്തുന്നുണ്ടായിരുന്നു. ഒടുക്കം മൃഗാശുപത്രിയില്‍ എത്തിച്ച അവനെ ചങ്ങലയഴിച്ച് കൂട്ടില്‍ കയറ്റാന്‍ പ്രവീണ്‍ നല്ലവണ്ണം അധ്വാനിച്ചു.

മൂന്ന് മണിക്കൂര്‍ നീണ്ട ഈ യജ്ഞം അവസാനിക്കുമ്പോള്‍ സന്തോഷവും ആശ്വാസവും കൃഷ്ണന്‍കുട്ടി ചേട്ടന്റെ മുഖത്ത് കാണാമായിരുന്നു. 9.30 ന് തിരിച്ച് വീട്ടിലെത്തുമ്പോള്‍ ഭാര്യയുടെ വക ചോദ്യം, എന്തായിരുന്നു രാവിലെ മുതല്‍ ഇത്രയും നേരം പണി.. ചിരിച്ചു കൊണ്ട് മറുപടി “ഒരു പട്ടിപിടുത്തം”.

കുറിപ്പ്: ഞാന്‍ മറയില്ലാതെ എന്റെ വിശേഷങ്ങള്‍ എഫ്ബിയിലൂടെ പങ്ക് വയ്ക്കും. അതില്‍ അമര്‍ഷമുള്ളവര്‍ ഉണ്ടെന്നറിയാം. ഞാന്‍ അത് കാര്യമാക്കുന്നില്ല. എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും കൈത്താങ്ങാവുന്നതില്‍ പ്രമുഖ പങ്ക് എആ സുഹൃത്തുക്കള്‍ കൂടിയാണ്. അവരോട് വിശേഷങ്ങള്‍ പങ്കു വയ്ക്കുന്നതിലും ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലും എനിക്ക് സന്തോഷം മാത്രമേയുള്ളു.

We use cookies to give you the best possible experience. Learn more