തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്. കാറ്റും കടല്‍ക്ഷോഭവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ശക്തിയേറിയ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കുറവാണെന്നു കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. തെക്കന്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ ഉയരുമെന്നതിനാല്‍ കേരള തീരത്തും ജാഗ്രത പുലര്‍ത്തണമെന്നു നിര്‍ദേശമുണ്ട്.
ഗുജറാത്ത് തീരത്ത് എത്തിയപ്പോഴേക്കും ഓഖിയെ ദുര്‍ബലമാക്കിയ വെര്‍ട്ടിക്കല്‍ വിന്‍ഡ് ഷിയര്‍ എന്ന പ്രതിഭാസം ഈ ന്യൂനമര്‍ദത്തെയും ശക്തമാകാന്‍ അനുവദിക്കില്ലെന്നാണ് ടൈഫൂണ്‍ സെന്ററിന്റെ നിഗമനം.
അതേസമയം ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 39 ആയി. വിഴിഞ്ഞത്തിനു സമീപം ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു.