തിരുവനന്തപുരം: തലസ്ഥാനത്ത് ബി.ജെ.പിയുടെ വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ആര്‍. ബിന്ദുവാണ് രാജിവെച്ചത്.
വലിയവിള വാര്‍ഡിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആര്‍.ബിന്ദു രാജിവച്ചത്. വലിയവിള വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ബിന്ദു വ്യക്തമാക്കി.
നേരത്തെ പാലക്കാട് ആലത്തൂരിലും ബി.ജെ.പിയില്‍ നിന്ന് പ്രാദേശിക നേതാക്കള്‍ രാജിവെച്ചിരുന്നു. ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് പ്രകാശിനിയും ഒ.ബി.സി മോര്‍ച്ച മണ്ഡലം ട്രഷറര്‍ കെ നാരായണന്‍, ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ എന്‍ വിഷ്ണു എന്നിവരാണ് പാര്‍ട്ടി വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്നത്.
സംസ്ഥാന നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രാദേശിക നേതാക്കളുടെ രാജി തുടരുന്നത്.
നേരത്തെ പാര്‍ട്ടി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തഴയുന്നുവെന്ന ആരോപണവുമായി ശോഭാ സുരേന്ദ്രന്‍, പി.എം വേലായുധന്‍, ശ്രീശന്‍ തുടങ്ങിയ നേതാക്കള്‍ പരാതി ഉന്നയിച്ചിരുന്നു.
പാര്‍ട്ടി പുന:സംഘടനയില്‍ എ.പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കിയതും നേതാക്കളെ ചൊടിപ്പിച്ചിരുന്നു. പുനഃസംഘടന നടത്തിയപ്പോള്‍ കേരളത്തില്‍ നിന്നും ദേശീയ ഘടകത്തിലേക്ക് എത്തുമെന്ന് കരുതിയ കുമ്മനം രാജശേഖരനെയും ശോഭാ സുരേന്ദ്രനെയും തഴഞ്ഞ് എ. പി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കുകയായിരുന്നു.
അതേസമയം ബി.ജെ.പിയിലെ പ്രശ്നങ്ങള്‍ സംഘടനക്കുള്ളില്‍ പറയുന്നതാണ് മര്യാദയെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. സംസ്ഥാന ബി.ജെ.പിയിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക