മലപ്പുറവും തിരുവനന്തപുരവും സമൂഹവ്യാപനത്തിന്റെ അടുക്കലെന്ന് മുഖ്യമന്ത്രി
COVID-19
മലപ്പുറവും തിരുവനന്തപുരവും സമൂഹവ്യാപനത്തിന്റെ അടുക്കലെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th July 2020, 6:26 pm

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ കേരളം അതീവ ഗുരുതരമായ സാഹചര്യത്തെയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യസംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാല് ഘട്ടങ്ങളാണുള്ളത്.

രോഗികളില്ലാത്ത സ്ഥിതി, പുറമെ നിന്നും രോഗികളെത്തി സമൂഹത്തിലെ സമൂഹത്തിലെ ചിലരിലേക്ക് രോഗം പകരുന്ന ഘട്ടം-സ്‌പോറാടിക്ക്, ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം- ക്ലസ്റ്റേഴ്‌സ്, വ്യാപകമായ സമൂഹവ്യാപനം. ഇവയാണ് നാല് ഘട്ടങ്ങള്‍.

കേരളം നിലവില്‍ മൂന്നാം ഘട്ടത്തിലാണ് എത്തിയിരിക്കുന്നത്. മലപ്പുറത്തും തിരുവനന്തപുരത്തും മറ്റ് പല ജില്ലകളിലും ക്ലസ്റ്ററുകള്‍ രൂപപ്പെട്ട് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ അടുത്തഘട്ടം സമൂഹവ്യാപനമാണ്. അടിയന്തര ജാഗ്രത വേണ്ട ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്ക് രോഗം ബാധിച്ചു.

കൊവിഡ് പോസറ്റീവായവരില്‍ 130 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 68 പേരാണ്.

സമ്പര്‍ക്കം വഴി 396 പേര്‍ക്കാണ് രോഗം. ആരോഗ്യ പ്രവര്‍ത്തകര്‍ 8, ബി.എസ്.എഫ് 1, ഐ.ടി.ബി.പി 2 സി.എസ്.എഫ് 2 എന്നിങ്ങനെയും രോഗം ബാധിച്ചു. 26 പേരുടെ ഉറവിടം അറിയില്ല.

ഇതാദ്യമായാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 600 കടക്കുന്നത്. രോഗമുക്തരായി ആശുപത്രി വിട്ടത് 181 പേരാണ്.

ഇന്ന് ഒരാള്‍ മരണപ്പെട്ടു. ആലപ്പുഴ ചുനക്കരയിലുള്ള 47 കാരന്‍ നസീര്‍ ഉസ്മാന്‍ കുട്ടിയാണ് മരിച്ചത്. ഇയാള്‍ സൗദി അറേബ്യയില്‍ നിന്ന് വന്നതാണ്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 201, കൊല്ലം 23, ആലപ്പുഴ 34, പത്തനംതിട്ട 3, കോട്ടയം 25, എറണാകുളം 70, തൃശൂര്‍ 42, പാലക്കാട് 26, മലപ്പുറം 58, കോഴിക്കോട് 58, കണ്ണൂര്‍ 12, വയനാട് 12, കാസര്‍കോട് 44

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 1, കോട്ടയം 5, എറണാകുളം, തൃശൂര്‍ 9, പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 49, കാസര്‍കോട് 5.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ