| Saturday, 29th August 2020, 1:11 pm

തിരുവനന്തപുരം വിമാനത്താവളം അദാനിഗ്രൂപ്പ് ഏറ്റെടുക്കുമ്പോള്‍ ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് യുവാവ് ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമ്പോള്‍ തന്റെ ജോലി നഷ്ടപ്പെടും എന്ന് ഭയന്ന് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ആറാലുംമൂട് സ്വദേശിയായ വിഷ്ണുവാണ് ആത്മഹത്യ ചെയ്തത്.

വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതോടെ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ഭയത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വകാര്യവല്‍ക്കരണവും സാമ്പത്തിക വിഷമവുമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിമര്‍ശനമുയരുകയാണ്. കൊവിഡ് പ്രതിസന്ധികള്‍ കൂടിയായപ്പോള്‍ ഒരു ശരാശരി ഇന്ത്യന്‍ പൗരന് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും വിമര്‍ശനമുണ്ട്.

സംസ്ഥാനത്തെ ആദ്യത്തെ വിമാനത്താവളമായ തിരുവനന്തപുരം അടക്കം മൂന്ന് വിമാനങ്ങള്‍ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തെ നടത്തിപ്പിന് കൈമാറാന്‍ ആഗസ്റ്റ് 19 ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. തിരുവനന്തപുരത്തിന് പുറമെ ജയ്പുര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്ക് സ്വകാര്യകമ്പനികള്‍ക്ക് നടത്തിപ്പിന് നല്‍കും.

പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം,നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം കൂട്ടാനും വിമാനത്താവളങ്ങളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുമാണ് സ്വകാര്യവത്കരണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

തിരുവനന്തപുരം വിമാനത്താവള വികസനത്തിനും നടത്തിപ്പിനുമായി അദാനി ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ കമ്പനി രൂപീകരിച്ചിരുന്നു.

തിരുവനന്തപുരം വിമാനത്താവള വികസനത്തിലും നടത്തിപ്പിലും പങ്കാളിത്തം പ്രതീക്ഷിച്ച് ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരും കമ്പനി രൂപീകരിച്ചിരുന്നു.

അതേസമയം തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കാനുള്ള തീരുമാനത്തിനെതിരെ സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുകയാണ്. നിലവിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


content highlights:  trivandrum airport employee suicide

We use cookies to give you the best possible experience. Learn more