ആകാശത്തോളമുയരുന്ന അദാനിയ്ക്ക് വേണ്ടിയുള്ള സാമ്പത്തിക കളികള്‍; പാതാളത്തോളം താഴുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍
trivandrum airport
ആകാശത്തോളമുയരുന്ന അദാനിയ്ക്ക് വേണ്ടിയുള്ള സാമ്പത്തിക കളികള്‍; പാതാളത്തോളം താഴുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍
ജിതിന്‍ ടി പി
Friday, 21st August 2020, 5:06 pm

ഐക്യകേരളപ്പിറവിക്കുമുമ്പുതന്നെ പ്രവര്‍ത്തനമാരംഭിച്ചിരുന്ന വിമാനത്താവളമാണ് തിരുവനന്തപുരം വിമാനത്താവളം. ചരിത്രപരമായ ഒരുപാട് സവിശേഷതകള്‍ അര്‍ഹതപ്പെട്ടതാണ് തിരുവനന്തപുരം വിമാനത്താവളം.

1932ല്‍ കേരള ഫ്ലൈയിങ് ക്ലബിന്റെ ഭാഗമായാണ് തിരുവനന്തപുരം വിമാനത്താവളം സ്ഥാപിതമാകുന്നത്. ആദ്യം കൊല്ലം ആശ്രമത്തിലായിരുന്നു ഈ വിമാനത്താവളം. 1935-ല്‍ സര്‍.സി.പിയാണ് തിരുവനന്തപുരത്തേക്ക് മാറ്റി സ്ഥാപിച്ചത്.

1991 ജനുവരി 1 ന് തിരുവനന്തപുരം വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചു. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള വിമാനത്താവളം എന്ന പ്രത്യേകതയും തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രാധാന്യത്തിനു കാരണമായിട്ടുണ്ട്.

ശ്രീലങ്ക, മാലിദ്വീപ് എന്നിവയോട് ഏറ്റവും അടുത്തുകിടക്കുന്നതിനാല്‍ അവിടങ്ങളിലേയ്ക്ക് പോകുവാനായി തിരുവനന്തപുരത്തുനിന്ന് ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ചെലവും കുറവായിരിക്കും.

അദാനിമാര്‍ പറന്നിറങ്ങുന്ന വിമാനത്താവളങ്ങള്‍

സംസ്ഥാനത്തെ ആദ്യത്തെ വിമാനത്താവളമായ തിരുവനന്തപുരം അടക്കം മൂന്ന് വിമാനങ്ങള്‍ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തെ നടത്തിപ്പിന് കൈമാറാന്‍ ആഗസ്റ്റ് 19 ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. തിരുവനന്തപുരത്തിന് പുറമെ ജയ്പുര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്ക് സ്വകാര്യകമ്പനികള്‍ക്ക് നടത്തിപ്പിന് നല്‍കും.

ടെന്‍ഡര്‍ നടപടികളിലൂടെയാണ് നടത്തിപ്പുകാരെ കണ്ടെത്തിയതെന്നും ടെന്‍ഡറില്‍ കൂടുതല്‍ തുക നിര്‍ദ്ദേശിച്ച കമ്പനിയെയാണ് നടത്തിപ്പ് ചുമതല ഏല്‍പിക്കുന്നതെന്നും മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞിരുന്നു.

രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം എന്നിവ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റിക്കാണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങള്‍ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയിരുന്നു.

പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം,നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം കൂട്ടാനും വിമാനത്താവളങ്ങളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുമാണ് സ്വകാര്യവത്കരണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

തിരുവനന്തപുരം വിമാനത്താവള വികസനത്തിനും നടത്തിപ്പിനുമായി അദാനി ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ കമ്പനി രൂപീകരിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവള വികസനത്തിലും നടത്തിപ്പിലും പങ്കാളിത്തം പ്രതീക്ഷിച്ച് ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരും കമ്പനി രൂപീകരിച്ചിരുന്നു.

ഗൗതം അദാനിയും നരേന്ദ്രമോദിയും

ആകാശം മുട്ടെ പ്രതിഷേധം

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരളത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചാണ് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിക്കാനായി ലിസ്റ്റ് ചെയ്ത വിമാനത്താവളങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരവും ഉള്‍പ്പെട്ടിരുന്നു എന്നത് നേരത്തെ തന്നെ പുറത്തായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരും കെ.എസ്.ഐ.ഡി.സി.യും വിമാനത്താവള എംപ്ലോയീസ് യൂണിയനും ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. എന്നാല്‍ ഹൈക്കോടതി ഹരജി തള്ളുകയായിരുന്നു.

എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ സംഘടിപ്പിച്ച ധര്‍ണ്ണ (26/3/20)

എന്നാല്‍ സുപ്രീംകോടതിയില്‍ പോയ വിമാനത്താവള എംപ്ലോയീസ് യൂണിയന്റെ ഹരജി പരിഗണിച്ച് ഹൈക്കോടതി വീണ്ടും കേസ് ഫയലില്‍ സ്വീകരിക്കുകയായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് നീണ്ട് പോകുന്നതിനിടെയാണ് അദാനിക്കനുകൂലമായ കേന്ദ്രതീരുമാനം വരുന്നത്.

ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെ ധൃതിപ്പെട്ട് കേരളത്തിലെ ആദ്യത്തെ വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കം വഞ്ചനാപരമാണെന്ന് വിമാനത്താവള എംപ്ലോയീസ് യൂണിയന്‍ പ്രസിഡണ്ട് സുരേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘സ്വകാര്യവത്കരണ നീക്കം തുടങ്ങിയ സമയത്ത് തന്നെ എംപ്ലോയീസ് യൂണിയന്റേതും സംസ്ഥാന സര്‍ക്കാരിന്റേതും കെ.എസ്.ഐ.ഡി.സിയുടേതുമായി ഏഴ് ഹരജികള്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഹരജികള്‍ ഹൈക്കോടതി തള്ളിക്കളയുകയും പിന്നീട് സുപ്രീംകോടതി നിര്‍ദേശപ്രകാരം ഫയലില്‍ സ്വീകരിക്കുകയുമായിരുന്നു.’

കൊവിഡ് കാരണമാണ് കേസ് നടപടികള്‍ നീണ്ടുപോയത്. സ്വകാര്യവത്കരണത്തെ എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും അത്ര പെട്ടെന്ന് വിമാനത്താവളം ഏറ്റെടുക്കാന്‍ അദാനിക്ക് കഴിയില്ലെന്നും സുരേഷ് പറഞ്ഞു.

പുതിയ സാഹചര്യത്തില്‍ എന്തുനടപടി സ്വീകരിക്കണമെന്ന് അഭിഭാഷകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സുരേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. അതേസമയം വിമാനത്താവള നടത്തിപ്പ് അദാനിയ്ക്ക് കൊടുക്കുന്നതിനെതിരെ നിലവിലെ ഹരജിയിന്‍മേല്‍ സംസ്ഥാന സര്‍ക്കാര്‍ ഉപഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രിയ്‌ക്കെതിരെ എളമരം കരീം എം.പി അവകാശലംഘന നോട്ടീസ് അയച്ചിട്ടുമുണ്ട്.

കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തീറെഴുതി നല്‍കുന്നതിനുള്ള കേന്ദ്രതീരുമാനം അമ്പരപ്പിക്കുന്നതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. കൊവിഡിന്റെ മറവില്‍ നടക്കുന്ന ഒരു വലിയ പകല്‍ക്കൊള്ളയായിട്ടു വേണം ഈ തീരുമാനത്തെ വിലയിരുത്താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സ്വാതന്ത്ര്യലബ്ധിക്കും 12 വര്‍ഷം മുമ്പ് 1935-ലാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ തന്നെ ആദ്യ വിമാനത്താവളവുമാണ് തിരുവനന്തപുരം. ഇത്തരത്തില്‍ ചരിത്രത്തിന്റെ ഭാഗമായ ഒരു വിമാനത്താവളത്തെയാണ് ഒരു മനസാക്ഷിക്കുത്തും കൂടാതെ സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റഴിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.’,കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

170 കോടി രൂപയാണ് തിരുവനന്തപുരം വിമാനത്താവളം ഒരു വര്‍ഷം ശരാശരി ലാഭമായി ഉണ്ടാക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ വിമാനത്താവളക്കച്ചവടത്തിന് പിന്നില്‍ ബി.ജെ.പി കോടികളുടെ അഴിമതിയാണ് നടത്തിയിരിക്കുന്നതെന്നും മന്ത്രി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അതേസമയം തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വ്യോമയാന മന്ത്രാലയം സംസ്ഥാനത്തിന് നല്‍കിയ ഉറപ്പിന്റെ ലംഘനമാണ് ഇപ്പോഴുണ്ടായതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

പിണറായി വിജയന്‍

സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ തീരുമാനിച്ചാല്‍ സംസ്ഥാനത്തിന്റെ സംഭാവനകള്‍ പരിഗണിക്കുമെന്നായിരുന്നു അന്ന് വ്യോമയാന മന്ത്രാലയം ഉറപ്പുനല്‍കിയത്. കൂടിക്കാഴ്ചയില്‍ ഇക്കാര്യം പ്രധാനമന്ത്രി തന്നെ ഉറപ്പ് വ്യക്തമാക്കിയതാണ്.

സംസ്ഥാനത്തിന്റെ തീരുമാനം പരിഗണിച്ചില്ലെങ്കില്‍ കേന്ദ്രതീരുമാനത്തിനോട് സഹകരിക്കാനില്ലെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ രാഷ്ട്രീയമായും നിയമപരമായും ഇടപെടല്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.

നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ പ്രതിപക്ഷത്തെ കൂടി സഹകരിപ്പിച്ച് പ്രമേയം പാസാക്കാനും സര്‍ക്കാര്‍ ആലോചനയുണ്ട്.

സ്വകാര്യവത്കരണം ആകാമെന്ന് സ്ഥലം എം.പി, പാടില്ലെന്ന് പാര്‍ട്ടി നേതാക്കള്‍

വിമാനത്താവളത്തില്‍ വികസനം വരുന്നതിന് സ്വകാര്യവത്കരണം വേണമെന്ന നിലപാടാണ് സ്ഥലം എം.പി ശശി തരൂര്‍ സ്വീകരിച്ചത്. സ്വകാര്യവത്കരണം, വിമാനത്താവള വികസനം വേഗത്തിലാക്കുമെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ ഏജന്‍സികളില്‍ നിക്ഷിപ്തമായിരിക്കുമെന്നും തരൂര്‍ പറഞ്ഞു.

ശശി തരൂര്‍

അതേസമയം മേഖലയില്‍ ഒരു പരിചയവുമില്ലാത്ത അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് നല്‍കിയത് ഒരു കാരണവശാലം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളും സര്‍ക്കാര്‍ പങ്കാളിത്തത്തോടെ വിജയകരമായും ലാഭകരമായും നടക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ മേല്‍നോട്ടം സംസ്ഥാന സര്‍ക്കാരിനു തന്നെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കാര്യം ആവശ്യപ്പെട്ട് 24 ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ വീണ്ടും സംയുക്ത പ്രമേയം കൊണ്ടുവരാമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

വിമാനത്താവളത്തില്‍ അസൗകര്യങ്ങള്‍ ഒന്നും ഇല്ലെന്നും വികസനത്തിന്റെ പേര് പറഞ്ഞ് സ്വകാര്യവ്യക്തികള്‍ക്ക് വിട്ടുകൊടുക്കരുതെന്നും വിമാനത്താവള എംപ്ലോയീസ് യൂണിയന്‍ പ്രസിഡണ്ട് സുരേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കേണ്ടതായി ഒരു കാര്യവുമില്ല. എല്ലാ സൗകര്യങ്ങളും വിമാനത്താവളത്തിലുണ്ട്. ഓട്ടോമാറ്റിക്കായിട്ട് ബാഗേജ് എക്സ്റേ ചെയ്യുന്ന സംവിധാനമുണ്ട്. ഇന്ത്യയില്‍ വളരെ ചുരുക്കം എയര്‍പോര്‍ട്ടുകള്‍ക്ക് മാത്രമെ ഈ സംവിധാനമുള്ളൂ’

ഒരാഴ്ച മുന്‍പാണ് അത് ഉദ്ഘാടനം ചെയ്തത്. അത്തരത്തില്‍ എല്ലാവിധ വികസനപ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ എം.പിയുടെ പ്രസ്താവന നിരാശാജനകമാണെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍പ് ചര്‍ച്ചകള്‍ വന്നപ്പോള്‍ അന്ന് കോഴിക്കോട് എം.പിയായിരുന്ന എം.കെ രാഘവന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അത് പിന്‍വലിക്കുകയായിരുന്നു. സമാന ഉത്തരവാദിത്വമാണ് ശശി തരൂര്‍ തിരുവനന്തപുരത്തോട് കാണിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

600 കോടിയോളം രൂപ പുതിയ കെട്ടിടത്തിനായി എയര്‍പോര്‍ട്ട് അതോറിറ്റി മാറ്റിവെച്ചിരുന്നു. ആ കെട്ടിടം പൂര്‍ത്തിയാക്കണമെങ്കില്‍ 18 ഏക്കര്‍ സ്ഥലം വേണമായിരുന്നു. അന്ന് സ്ഥലമേറ്റെടുക്കാന്‍ പറ്റാത്തതിനാലാണ് പുതിയൊരു ടെര്‍മിനല്‍ ബില്‍ഡിംഗ് നിര്‍മ്മിക്കാന്‍ കഴിയാതെ പോയതെന്നും സുരേഷ് പറഞ്ഞു

‘അന്ന് സ്ഥലമേറ്റെടുക്കാന്‍ കഴിയാതെ പോയത് സ്വകാര്യവത്കരണ തീരുമാനമാണ്. ആ തീരുമാനം വന്നതു കൊണ്ടാണ് പരിസരവാസികള്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്നത്. സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമി കൊടുക്കാമെന്നും സ്വകാര്യവ്യക്തികള്‍ക്ക് കൊടുക്കില്ലെന്നുമാണ് പരിസരവാസികള്‍ പറഞ്ഞത്’

വിമാനത്താവള എംപ്ലോയീസ് യൂണിയന്‍ നടത്തിയ റിലേ സമരം വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു (17/6/20)

എല്ലാ രാഷ്ട്രീയക്കാരുടെയും പിന്തുണ സമരത്തിന് ഉണ്ടായിരുന്നു. വി.എസ് അച്യുതാനന്ദന്‍, വി.എം സുധീരന്‍ തുടങ്ങിയവര്‍ സമരത്തിന് പിന്തുണ നല്‍കിയിരുന്നു. ആഗോള മൂലധനം കൊണ്ടുവരുന്ന കോര്‍പ്പറേറ്റുകള്‍ക്ക് പരവതാനി വിരിക്കാന്‍ ആക്രാന്തം കാണിക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധമാണ് ഉയര്‍ന്നു വരേണ്ടതെന്നാണ് പ്രതിഷേധ സമരങ്ങള്‍ ഉദ്ഘാടനം ചെയ്ത് അന്ന് വി.എസ് അച്യുതാനന്ദന്‍ പ്രസംഗിച്ചത്.

അദാനി നേരത്തെ ഏറ്റെടുത്ത വിമാനത്താവളങ്ങളുടേയൊന്നും നിക്ഷേപ തുക ഇതുവരെ നല്‍കിയിട്ടില്ല. ഒരു വിമാനത്തിന് 1000 കോടി രൂപയോളം സെക്യൂരിറ്റിയായി നല്‍കേണ്ടത് നല്‍കിയിട്ടില്ലെന്നും സുരേഷ് ആരോപിച്ചു.

കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും മുന്‍ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധമന്ത്രിയുമായ എ.കെ ആന്റണിയും സ്വകാര്യവത്കരണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇടത് യുവജന സംഘടനകളായ ഡി.വൈ.എഫ്.ഐയും എ.ഐ.വൈ.എഫും തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് എഴുതി കൊടുക്കുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

രമേശ് ചെന്നിത്തല

പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകളുടെ കൈയിലെത്തുമ്പോള്‍

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കുന്നുവെന്ന ആരോപണം നേരത്തെ തന്നെ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഉറ്റസുഹൃത്തുക്കളായ അദാനിയ്ക്കും അംബാനിയ്ക്കുമായി സര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കുകയാണെന്നായിരുന്നു ഉയരുന്ന ആരോപണം. ഇതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള തീരുമാനം.

എയര്‍പോര്‍ട്ടിന്റെ കൈവശമുള്ള ഭൂമി രാജഭരണകാലം മുതല്‍ ഏറ്റെടുത്തു നല്‍കിയതാണ്. ഭൂമി സംസ്ഥാന സര്‍ക്കാറിന്റേതായതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാറിന് വിമാനത്താവളം നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാറിനെ ഏല്‍പിക്കുകയാണ് വേണ്ടതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ നടത്തുന്ന മാതൃകയില്‍ ഒരു കമ്പനി രൂപീകരിച്ച് ഏറ്റെടുത്ത് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്രത്തെ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ അതൊന്നും അതൊന്നും കേന്ദ്രം പരിഗണിച്ചില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കേരളത്തിന്റെ എതിര്‍പ്പിന് പിന്നില്‍

വിമാനത്താവളത്തിന് നേരത്തെയുണ്ടായിരുന്ന സ്ഥലത്തിന് പുറമെ കാലാകാലങ്ങളില്‍ ആവശ്യമായി വന്ന ഭൂമി സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ഘട്ടങ്ങളിലായി ഏറ്റെടുത്ത് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയിട്ടുള്ളതാണ്. നിലവില്‍ ഇപ്പോള്‍ 635 ഏക്കര്‍ സ്ഥലമാണ് വിമാനത്താവളത്തിനുള്ളത്.

ഇത് കൂടാതെ ഇപ്പോള്‍ വിമാനത്താവള വികസനത്തിന്റെ ഭാഗമായുള്ള റണ്‍വേ വിപുലീകരിക്കുന്നതിന് വേണ്ടി 18 ഏക്കര്‍ സ്ഥലം പുതുതായി വാങ്ങി നല്‍കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയുമാണ്. അദാനിയ്ക്ക് ഈ ഭൂമിയടക്കം നല്‍കേണ്ടിവരും. സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ മാത്രം ഭൂമി വിട്ടുതരാമെന്നാണ് പരിസരവാസികള്‍ പറയുന്നത്.

പുതിയ ടെര്‍മിനലിന്റെ നിര്‍മാണത്തിന് വേണ്ടി 600 കോടി രൂപയാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഇപ്പോള്‍ നീക്കി വെച്ചിരിക്കുന്നത്. മാത്രമല്ല ആയിരക്കണക്കിന് വിമാനത്താവള ജീവനക്കാരെയും അവരുടെ ജീവിതത്തെയും ഭാവിയെയും അനിശ്ചിതത്വത്തിലാക്കുന്ന തീരുമാനം കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

ഒരു കമ്പനി രൂപീകരിച്ച് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തങ്ങള്‍ ഏറ്റെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചതാണ്. നിലവില്‍ രണ്ടു വിമാനത്താവളങ്ങള്‍ സംസ്ഥാന സര്‍ക്കാറിന് കൂടി പങ്കാളിത്തമുള്ള കമ്പനികളാണ് നടത്തുന്നത്. സിയാലും കിയാലും. രണ്ടും വളരെ ലാഭകരമായി മെച്ചപ്പെട്ട തരത്തില്‍ നടന്നുവരുന്നുമുണ്ട്.

വളരെ തന്ത്രപ്രധാനമായ സ്ഥലത്താണ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്. വളരെയേറെ സാധ്യതകളാണ് ഉള്ളത്. വിദേശവിമാനങ്ങള്‍ അടക്കമുള്ളവയ്ക്ക് ഇന്ധനം നിറക്കാനുള്ള ഇടത്താവളമായും അവയ്ക്ക് ധാരാളമായി വന്നുപോകാന്‍ കഴിയുന്ന സ്ഥലമായും തിരുവനന്തപുരം വിമാനത്താവളത്തെ പ്രയോജനപ്പെടുത്താനാകും. ഇപ്പോള്‍ ഈ സൗകര്യം ശ്രീലങ്കയാണ് ഉപയോഗപ്പെടുത്തിവരുന്നത്. വിമാനത്താവളം സര്‍ക്കാരിന്റെ കീഴില്‍ ലഭ്യമാകുന്നതോടെ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി ഇതു വികസിപ്പിക്കാന്‍ കഴിയും.

വെല്ലിംഗ്ടണ്‍ പ്രഭു തിരുവിതാംകൂര്‍ മഹാരാജാവിന് അയച്ച ജന്മദിന സന്ദേശവുമായി ആദ്യ ഫ്ളൈറ്റ്- ചരിത്രത്തിന്റെ ഭാഗമായ വിമാനത്താവളം

കേരളത്തിലെ ആദ്യത്തെ വിമാനത്താവളമെന്ന നിലയില്‍ സംസ്ഥാനത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ ഒന്നാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. തിരുവനന്തപുരം നഗരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

1932 ല്‍ കേരള ഫ്ളൈയിംഗ് ക്ലബിന്റെ ഭാഗമായാണ് വിമാനത്താവളം സ്ഥാപിതമായത്. കായിക കേരളത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന കേണല്‍ ഗോദവര്‍മ്മ രാജയുടെ ആശയമായിരുന്നു തിരുവനന്തപുരത്തിന് ഒരു വിമാനത്താവളം എന്നത്. ഒരു പൈലറ്റ് കൂടിയായ അദ്ദേഹം വിമാനത്താവളമെന്നാവശ്യത്തെ പിന്താങ്ങി.

1932 സ്ഥാപിച്ച വിമാനത്താവളം ആദ്യം കൊല്ലം ആശ്രാമത്തിലായിരുന്നു. പിന്നീട് 1935-ല്‍ തിരുവനന്തപുരത്തേക്ക് അന്നത്തെ ദിവാനായ സര്‍.സി.പി മാറ്റി സ്ഥാപിക്കുകയായിരുന്നു.

1935 ല്‍ ആദ്യ വിമാനം തിരുവനന്തപുരത്ത് എത്തി. ടാറ്റാ എയര്‍ലൈന്‍സിന്റെ ഡിഎച്ച്.83 ഫോക്സ് മോത്ത് എന്ന വിമാനമാണ് തിരുവനന്തപുരത്ത് ലാന്റ് ചെയ്തത്. നെവില്‍ വിന്‍സെന്റായിരുന്നു പൈലറ്റ്.

ടാറ്റ കമ്പനി ഉദ്യോഗസ്ഥനായ ജാംഷെഡ് നവറോജി, തിരുവിതാംകൂര്‍-ബോംബൈ പ്രസിഡന്‍സി ഏജന്റ് ആയ കാഞ്ചി ദ്വാരകദാസ്, എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ബ്രിട്ടീഷ് വൈസ്രോയിയായ വെല്ലിംഗ്ടണ്‍ പ്രഭു തിരുവിതാംകൂര്‍ മഹാരാജാവിന് അയച്ച ജന്മദിന സന്ദേശവുമായിട്ടാണ് ആദ്യ ഫ്ളൈറ്റ് തിരുവനന്തപുരത്ത് എത്തിയത്.

1935 നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. രാജകീയ കത്തിടപാടുകള്‍ക്കായിരുന്നു സര്‍വ്വീസ് ഉപയോഗിച്ചത്. ബോംബൈയിലേക്കുള്ള രാജകീയ ഉത്തരവുകളും കത്തുകളും വിമാനത്തിലൂടെ കൊണ്ടുപോകാന്‍ തുടങ്ങി.

1938 ആയപ്പോഴെക്കും റോയല്‍ ഗവണ്‍മെന്റ് ഓഫ് തിരുവിതാംകൂര്‍ മഹാരാജാവിന്റെ സ്വകാര്യ വിമാനമെന്ന ആശയത്തില്‍ ഒരു വിമാനം ഇവിടെ നിലനിര്‍ത്തുകയും വ്യോമാക്രമണങ്ങളില്‍ നിന്ന് സംസ്ഥാനത്തെ സംരക്ഷിക്കുന്നതിനായി റോയല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യത്തെ സ്‌ക്വാഡ്രണ്‍ സ്ഥാപിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം ആഭ്യന്തര സര്‍വ്വീസുകളുടെ എയര്‍സ്ട്രിപ്പായി വിമാനത്താവളം മാറി.

1967 ആയപ്പോഴെക്കും കൊളംബോയിലേക്ക് വീക്കിലി സര്‍വ്വീസുകള്‍ ആരംഭിച്ചുകൊണ്ട് തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര സര്‍വ്വീസ് ആരംഭിച്ചു. മാലിദ്വീപിലേക്കുള്ള വിമാനസര്‍വ്വീസ് ആരംഭിച്ചത് 1976 ആയിരുന്നു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് 1978 ഓടെ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുകയും ചെയ്തു.

1991 ജനുവരി ഒന്നിനാണ് അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവി തിരുവനന്തപുരം വിമാനത്താവളത്തിന് സ്വന്തമാകുന്നത്. ഇതോടെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലാകുകയും ചെയ്തു. 1991 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗ് തിരുവനന്തപുരം വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി ഇ.കെ. നായനാര്‍ അദ്ധ്യക്ഷനായ സമ്മേളനത്തില്‍ വെച്ചാണ് ചരിത്രപരമായ ആ പ്രഖ്യാപനം ഉണ്ടായത്. പിന്നീട് പന്ത്രണ്ട് വര്‍ഷക്കാലത്തോളമെടുത്താണ് വിമാനത്താവളം ഇന്ന് കാണുന്ന നിലയിലായത്. ഒന്നാം യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വിമാനത്താവള വികസനം വീണ്ടും സാധ്യമായി. ഇക്കാലത്താണ് കേരളത്തിന് ഒരു പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ അനുവദിച്ചുകിട്ടിയത്.

2000 സെപ്റ്റംബര്‍ ഒന്നിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിമാനത്താവളമായി മാറി. 2006ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിമാനത്താവളത്തിനായി ചാക്കയില്‍ പുതിയ ടെര്‍മിനല്‍ നിര്‍മ്മാണത്തിനായി 290 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഇതോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്തു എയര്‍ ഇന്ത്യയുടെ ഒരു ഹാംഗര്‍ യൂണിറ്റും ചാക്കയില്‍ സ്ഥാപിച്ചു.

പിന്നീട് ശംഖുംമുഖത്ത് പ്രവര്‍ത്തിച്ചിരുന്ന അന്താരാഷ്ട്ര വിമാനത്താവളം 2011 ല്‍ ചാക്കയിലേക്ക് മാറ്റി. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വിമാനത്താവളങ്ങളില്‍വെച്ച് ഏറ്റവും നല്ല വിമാനത്താവളമെന്ന പദവി രണ്ടുവട്ടം സ്വന്തമാക്കിയ വിമാനത്താവളമാണിത്.

എന്താണ് പി.പി.പി അഥവാ പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ്

പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് അഥവാ പൊതു സ്വകാര്യ പങ്കാളിത്തമാണ് പി.പി.പി എന്ന് അറിയപ്പെടുന്നത്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മൂന്ന് വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് കൈമാറുന്നത് പി.പി.പിയിലൂടെയാണ്. കൂടുതലായും ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചറിലാണ് സര്‍ക്കാരുകള്‍ പൊതു സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നത്.

ഹൈവേ, എയര്‍പോര്‍ട്ട്, പാലങ്ങള്‍, ടണലുകള്‍ എന്നിവയുടെ നിര്‍മാണവും നടത്തിപ്പിലുമാണിത്. സ്വകാര്യ മേഖലയുടെ നിക്ഷേപത്തിലൂടെ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.