റോയല്‍സിനെതിരെ പൊരുതി തോറ്റ് ഗ്ലോബ്സ്റ്റാര്‍സ്; സല്‍മാന്റെ വെടിക്കെട്ടിനും രക്ഷിക്കാനായില്ല!
Sports News
റോയല്‍സിനെതിരെ പൊരുതി തോറ്റ് ഗ്ലോബ്സ്റ്റാര്‍സ്; സല്‍മാന്റെ വെടിക്കെട്ടിനും രക്ഷിക്കാനായില്ല!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th September 2024, 10:28 pm

കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെതിരെ വിജയം സ്വന്തമാക്കി ട്രിവാന്‍ഡ്രം റോയല്‍സ്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ട്രിവാന്‍ഡ്രം റോയല്‍സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് ആണ് നേടിയത്. നാലാമനായി ഇറങ്ങിയ സല്‍മാന്‍ നിസാറിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ഗ്ലോബ് സ്റ്റാര്‍സ് സ്‌കോര്‍ ഉയര്‍ത്തിയത്. 48 പന്തില്‍ 6 പടുകൂറ്റന്‍ സിക്‌സറുകളും രണ്ട് ഫോറും ഉള്‍പ്പെടെ 72 റണ്‍സ് ആണ് താരം അടിച്ചുകൂട്ടിയത്. സല്‍മാന് പുറമെ വിക്കറ്റ് കീപ്പര്‍ അജ്‌നാസ് എം 12 പന്തില്‍ നിന്നും മൂന്ന് സിക്‌സറുകള്‍ അടക്കം 21 റണ്‍സ് നേടിയാണ് മടങ്ങിയത്. ഓപ്പണര്‍ സഞ്ജയ് രാജ് 18 റണ്‍സും നേടിയിരുന്നു.

തുടക്കത്തില്‍ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിനെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ നഷ്ടപ്പെട്ടെങ്കിലും സല്‍മാന്‍ നിസാര്‍ ക്രീസില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പുറത്താകാതെ ആയിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ട്രിവാന്‍ഡ്രത്തിനു വേണ്ടി വിനില്‍ ടി.എസും ജോസ് എസ്. പേരയിലും രണ്ടു വിക്കറ്റുകള്‍ നേടിയിരുന്നു.

എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന് ഓപ്പണര്‍ വിഷ്ണുരാജ് മൂന്നാം പന്തില്‍ ഗോള്‍ഡന്‍ ഡക്കില്‍ പുറത്തായെങ്കിലും റിയാന്‍ ബഷീര്‍ മികച്ച തുടക്കമാണ് നല്‍കിയത്. 22 പന്തില്‍ 5 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 38 റണ്‍സ് ആണ് താരം നേടിയത്. ക്യാപ്റ്റന്‍ അബ്ദുല്‍ ബാസി തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയിലാണ് ടീം വിജയത്തിലെത്തിയത്. ഗോവിന്ദ് ദേവ് പൈ പുറത്താക്കാതെ 34 പന്തില്‍ രണ്ടു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 35 റണ്‍സ് നേടി നിര്‍ണായക പ്രകടനം കാഴ്ചവച്ചു.

വിജയത്തിന്റെ അടുത്തെത്തിയിരുന്നെങ്കിലും അവസാനഘട്ടത്തില്‍ റണ്‍സ് വഴങ്ങിയതാണ് ഗ്ലോബ് സ്റ്റാര്‍സിന് വിനയായത്. കാലിക്കറ്റിന് വേണ്ടി അഖില്‍ സക്കറിയ, അഖില്‍ ദേവ്, നിഖില്‍ എം, അഭിജിത്ത് പ്രവീണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടിയിരുന്നു.

 

Content Highlight: Trivadrum Royal Won Against Calicut Globstars