Kerala News
'തൃത്താല ഫെസ്റ്റ്' മതപരിപാടിയല്ല, ദേശോത്സവമാണ്; വിദ്വേഷ പ്രചരണത്തില്‍ ജനം ടി.വിക്കെതിരെയും വി.ടി. ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 17, 03:54 pm
Monday, 17th February 2025, 9:24 pm

പാലക്കാട്: ‘തൃത്താല ഫെസ്റ്റ്’ മതപരിപാടിയല്ല, ദേശോത്സവമാണെന്ന് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വി.ടി. ബല്‍റാം. എല്ലാ വര്‍ഷവും നടന്നുവരാറുള്ള പരിപാടി നാടിന്റെ ഒരു പൊതു ആഘോഷമായിട്ടാണ് സംഘടിപ്പിക്കാറുള്ളതെന്നും വി.ടി. ബല്‍റാം പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തൃത്താല ഫെസ്റ്റ് ഏതെങ്കിലും പള്ളിയുമായോ ആരാധനാലയവുമായോ ബന്ധപ്പെട്ടുള്ള ഒരു മതപരമായ ആഘോഷമായിട്ടല്ല കഴിഞ്ഞ കുറേക്കാലമായി നടന്നുവരുന്നതെന്നും വി.ടി. ബല്‍റാം വ്യക്തമാക്കി.

പരിപാടിയുടെ സംഘാടക സമിതിയില്‍ എല്ലാ മതത്തില്‍പ്പെട്ടവരും ജനപ്രതിനിധികളും ഉണ്ടാവാറുണ്ട്. പരിപാടിയെ പിന്തുണക്കാനും വിവിധ മതവിശ്വാസികളും വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ഔദ്യോഗിക സംവിധാനങ്ങളും കടന്നുവരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധാരാളം ടൂറിസ്റ്റുകളും ദേശോത്സവം കാണാനെത്താറുണ്ടെന്നും തൃത്താല മണ്ഡലത്തിലെ മുന്‍ എം.എല്‍.എ കൂടിയായ ബല്‍റാം പറഞ്ഞു.

ഇത്തവണത്തെ ഫെസ്റ്റിന് ആശംസകളര്‍പ്പിച്ച് മന്ത്രി എം.ബി. രാജേഷും എം.പി. അബ്ദുസ്സമദ് സമദാനിയും ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റും സന്ദേശങ്ങള്‍ നല്‍കിയ സപ്ലിമെന്റും വി.ടി. ബല്‍റാം പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. വി.ടി. ബല്‍റാമും സപ്ലിമെന്റില്‍ സന്ദേശം നല്‍കിയിട്ടുണ്ട്.

ദേശോത്സവത്തിന്റെ ഭാഗമായി നടന്ന ആന എഴുന്നള്ളിപ്പില്‍, ഹമാസ്-ഹിസ്ബുല്ല നേതാക്കളുടെ ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകളും ബാനറുകളും ഇടംപിടിച്ചിരുന്നു. തുടര്‍ന്ന് ന്യൂനപക്ഷങ്ങളെയും മുസ്‌ലിങ്ങളെയും ലക്ഷ്യമിട്ട് സംഘപരിവാര്‍ വിദ്വേഷ പ്രചരണം നടത്തുകയുണ്ടായി.

തൃത്താല ഫെസ്റ്റിന്റെ പേരില്‍ ജനം ടി.വിയും വിദ്വേഷ പ്രചരണം നടത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന ജനം ടി.വിയുടെ ഒരു ന്യൂസ് കാര്‍ഡ് കമന്റ് ബോക്‌സില്‍ ബി.ടി. ബല്‍റാം പങ്കുവെച്ചിട്ടുണ്ട്.

‘പള്ളി ഉറൂസിന്റെ ഭാഗമായി നടന്ന ആന എഴുന്നള്ളത്തില്‍ ഹമാസ് ഭീകരരുടെ ചിത്രം പ്രദര്‍ശിപ്പിച്ചു. സംഭവം പാലക്കാട് തൃത്താലയില്‍’ എന്ന വാചകമാണ് ജനം ടി.വിയുടെ ന്യൂസ് കാര്‍ഡിലുള്ളത്.

‘നെറ്റിപ്പട്ടം കെട്ടിയ ആനകളുടെ മുകളിൽ ഹമാസ് തീവ്രവാദികളുടെ ചിത്രങ്ങൾ എഴുന്നെള്ളിച്ചു; പ്രകോപനപരമായ പ്രദർശനവുമായി തൃത്താല മുസ്‌ലിം പള്ളി ഉറൂസ്’ എന്ന തലക്കെട്ടിലാണ് ജനം ടി.വി ഇതുസംബന്ധിച്ച വാർത്ത നൽകിയത്.

ഇതിനുപിന്നാലെയാണ് വി.ടി. ബല്‍റാം പ്രതികരണവുമായി രംഗത്തെത്തിയത്. ഇസ്രഈല്‍-ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഫലസ്തീന്‍ ജനതക്കും അവരുടെ സ്വാതന്ത്ര്യാഭിലാഷങ്ങള്‍ക്കുമൊപ്പമാണ് സംഘികളല്ലാത്ത മുഴുവന്‍ ഇന്ത്യക്കാരുമെന്നും വി.ടി. ബല്‍റാം എഫ്.ബിയില്‍ കുറിച്ചു.

ഇന്ത്യാ സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടും ഇതേ ദിശയില്‍ത്തന്നെയാണ്. ഹമാസ് എന്ന സംഘടനയുടെ നേതാക്കളെ ഗ്ലോറിഫൈ ചെയ്യണോ എന്നത് വേറെ വിഷയമായി ചര്‍ച്ച ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ വിഷയത്തെ മുസ്‌ലിം വിരുദ്ധ ഹേയ്റ്റ് ക്യാമ്പയിന് ഉപയോഗിക്കുന്ന സംഘപരിവാറിനെ കൃത്യമായിത്തന്നെ പ്രതിരോധിക്കേണ്ടതുണ്ട്. അതിനായി തൃത്താല എന്ന നാട് ഒരുമിച്ച് തന്നെ നിലയുറപ്പിക്കുമെന്നും വി.ടി. ബല്‍റാം പ്രതികരിച്ചു.

Content Highlight: ‘Trithala Fest’ is not a religious event but a native festival; VT Balram against Janam TV for hate propaganda